സുഗന്ധമല്ല, ചോരയുടെ മണമാണ് ഈ പെര്‍ഫ്യൂം ബോളിന്

Image Courtesy: Twitter
Image Courtesy: Twitter

മാന്യന്മാരുടെ കളിയെന്നാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. ക്രിക്കറ്റ് മൈതാനങ്ങളില്‍ പലപ്പോഴും മാന്യതയുടെ വിവിധ അധ്യായങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളായിട്ടുണ്ട്. പില്‍ക്കാലത്ത് അതിന് വിപരീതമായ സംഭവങ്ങള്‍ക്കും.

ബാറ്റ്‌സ്മാനും ബൗളറും തമ്മിലുള്ള യുദ്ധമാണ് ശരിക്കും ക്രിക്കറ്റ്. തന്റെ ആവനാഴിയിലെ തന്ത്രങ്ങള്‍ ഓരോന്നായി പ്രയോഗിച്ച് ബാറ്റ്‌സ്മാന്റെ പിഴവിനായി കാത്തിരിക്കുന്ന ബൗളര്‍മാര്‍. എന്നാല്‍ ഈ യുദ്ധത്തില്‍ ആ 22 വാരയ്ക്കിടയില്‍ പലപ്പോഴും രക്തം വീഴുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. 1932-1933 ഇംഗ്ലണ്ട് ഓസ്‌ട്രേലിയ പരമ്പര പ്രശസ്തമായത് ബോഡിലൈന്‍ സീരീസെന്ന പേരിലായിരുന്നു. സാക്ഷാല്‍ ബ്രാഡ്മാന്‍ എന്ന മഹാമേരുവിനെതിരേ ഇംഗ്ലണ്ട് പ്രയോഗിച്ച നെറികെട്ട തന്ത്രമായിരുന്നു അത്.

ക്രിക്കറ്റ് പിന്നീട് പലപ്പോഴും ബാറ്റ്‌സ്മാന്റെ മാത്രം കളിയായി മാറുകയായിരുന്നു. ബൗളര്‍മാര്‍ പലപ്പോഴും ശിക്ഷ വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറി. ബാറ്റ്‌സ്മാന്റെ ശക്തിക്കെതിരേ കടുത്ത തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ബാറ്റ്‌സ്മാന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന ബൗണ്‍സര്‍ എന്ന ആയുധത്തിന്റെ പിറവി അങ്ങനെയായിരുന്നു.

ക്രിക്കറ്റ് മൈതാനങ്ങളില്‍ ബൗണ്‍സറുകള്‍ പലപ്പോഴും രക്തം വീഴ്ത്തിയാണ് അവസാനിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ ഒന്നാണ് ത്രോട്ട് ബോളെ'ന്ന് ഓസ്‌ട്രേലിയക്കാര്‍ വിളിക്കുന്ന 'പെര്‍ഫ്യൂം ബോള്‍'. ബാറ്റ്‌സ്മാനെതിരേ ഒരു ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച ആയുധം. 'പെര്‍ഫ്യൂം ബോള്‍' എന്നത് ബൗണ്‍സറുകള്‍ക്ക് വെസ്റ്റിന്‍ഡീസുകാര്‍ നല്‍കിയ പേരാണ്.

ബോഡിലൈന്‍ സീരീസിന് ശേഷം ഇത്തരം പന്തുകള്‍ ഇനി ക്രിക്കറ്റില്‍ വേണോ എന്ന തരത്തില്‍ വരെ വാദപ്രതിവാദങ്ങളുണ്ടായി. എഴുപതുകളോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സുരക്ഷാ കവചങ്ങള്‍ വര്‍ധിപ്പിച്ചതോടെ അവര്‍ക്കെതിരേ ഫാസ്റ്റ് ബൗളര്‍മാരുടെ ഇഷ്ട ആയുധമായി മാറി ബൗണ്‍സറുകള്‍. വീണ്ടും അപകടങ്ങള്‍ ഉണ്ടായതോടെ 1991-ല്‍ ഐ.സി.സി ഒരു ഓവറില്‍ ഒരു ബൗണ്‍സര്‍ മാത്രമെന്ന നിയമം നടപ്പാക്കി. പിന്നീട് അത് രണ്ടാക്കി തിരുത്തുകയും ചെയ്തു.

ഇത്തരത്തില്‍ അമിത വേഗത്തില്‍ ബാറ്റ്‌സ്മാന്റെ മൂക്കിനടുത്തുകൂടി വെടിയുണ്ട കണക്കെ പോകുന്ന ബൗണ്‍സറുകളെയാണ് 'പെര്‍ഫ്യൂം ബോള്‍' എന്നു വിളിക്കുന്നത്. മൂക്കിന് തൊട്ടടുത്തുകൂടെ പോകുന്നതിനാല്‍ പന്തിന്റെ തുകലിന്റെ മണം ബാറ്റ്‌സ്മാന് ലഭിക്കുമെന്നതിനാലാണ് ഇതിന് പെര്‍ഫ്യൂം ബോള്‍ എന്ന പേരുവന്നത്. ബാറ്റ്‌സ്മാന്റെ മുഖം ലക്ഷ്യമാക്കി എറിയുന്ന ബൗണ്‍സറുകളാണിവ.

ചാര്‍ളി ഗ്രിഫിത്ത്, ആന്‍ഡി റോബേര്‍ട്ട്‌സ്, ജോയല്‍ ഗാര്‍നര്‍, കേര്‍ട്ട്‌ലി ആംബ്രോസ്, കോളിന്‍ ക്രോഫ്റ്റ്, മൈക്കല്‍ ഹോള്‍ഡിങ്, മാല്‍ക്കം മാര്‍ഷല്‍, ജെഫ് തോംസണ്‍, ഡെന്നീസ് ലില്ലി തുടങ്ങിയവരെല്ലാം തന്നെ പെര്‍ഫ്യൂം ബോളുകള്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുകയും പിച്ചില്‍ ചോര വീഴ്ത്തുകയും ചെയ്തവരാണ്.

പിന്നീട് വസീം അക്രം, ഷുഐബ് അക്തര്‍, ബ്രെറ്റ് ലീ, ഷോണ്‍ ടെയ്റ്റ്, മിച്ചെല്‍ ജോണ്‍സണ്‍, എസ്. ശ്രീശാന്ത് എന്നിവരും ഈ പന്തിനെ തങ്ങളുടെ ആയുധമായി കൊണ്ടുനടന്നവരാണ്.

മരണം മണക്കുന്ന പെര്‍ഫ്യൂം ബോളിലാണ് ഓസീസ് താരം ഫില്‍ ഹ്യൂസിന് ജീവന്‍ നഷ്ടമായതെന്ന് അറിയുമ്പോള്‍ മനസിലാകുമല്ലോ എത്രത്തോളം അപകടകാരിയാണ് ഈ പന്തെന്ന്.

പെര്‍ഫ്യൂം ബോളുകള്‍ ക്രിക്കറ്റ് മൈതാനത്ത് ചോര വീഴ്ത്തിയ ചില സംഭവങ്ങളിതാ...

ഫില്‍ ഹ്യൂസ് - 2014 നവംബര്‍ 25, ക്രിക്കറ്റ് ലോകം ഈ ദിനത്തെ ചരിത്രത്തിലെ കറുത്ത ദിനമായാണ് അടയാളപ്പെടുത്തുന്നത്. ക്രിക്കറ്റിലെ എന്നു മാത്രമല്ല കായിക ചരിത്രത്തിലെ തന്നെ വെറുക്കപ്പെട്ട ദിനങ്ങളിലൊന്നാണിത്. ഗതിയറിയാതെയെത്തിയ ഒരു ബൗണ്‍സര്‍ ഓസ്ട്രേലിയയുടെ മികച്ച യുവതാരങ്ങളിലൊരാളായിരുന്ന ഫിലിപ്പ് ഹ്യൂസിന്റെ ജീവനെടുത്തത് ഈ ദിവസമായിരുന്നു. 2014 നവംബര്‍ 25-ന് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയില്‍സും തമ്മിലുളള ഷെഫീല്‍ഡ് ഷീല്‍ഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് പേസ് ബൗളര്‍ സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ ഹ്യൂസിന്റെ തലയ്ക്കു പിന്നില്‍ ഇടിക്കുന്നത്. പുള്‍ ഷോട്ട് കളിക്കാനാഞ്ഞ ഹ്യൂസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഹെല്‍മറ്റിന്റെ സുരക്ഷയില്ലാത്ത ഭാഗത്ത് പന്ത് തട്ടുകയായിരുന്നു. ഒന്ന് തിരിഞ്ഞ ശേഷം ഹ്യൂസ് മുഖമടിച്ച് ഗ്രൗണ്ടില്‍ വീണു. പെട്ടെന്നു തന്നെ ഓടിയെത്തിയ സഹതാരങ്ങളും മെഡിക്കല്‍ സ്റ്റാഫും ഹ്യൂസിന് പ്രാഥമിക ചികിത്സ നല്‍കി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന സിഡ്നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. പക്ഷേ അതിനൊന്നും ഹ്യൂസിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല.

അഹമ്മദ് ഷെഹ്‌സാദ് - 2014-ല്‍ അബുദാബിയില്‍ നടന്ന ന്യൂസീലന്‍ഡ്-പാകിസ്താന്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ കോറി ആന്‍ഡേഴ്‌സന്റെ ബൗണ്‍സര്‍ അഹമ്മദ് ഷെഹ്‌സാദിന്റെ തലയിലിടിക്കുകയായിരുന്നു. ഷെഹ്‌സാദിന്റെ തലയോട്ടിക്കാണ് അന്ന് പരിക്കേറ്റത്.

സ്റ്റ്യുവര്‍ട്ട് ബ്രോഡ് - 2014-ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വരുണ്‍ ആരോണിന്റെ പെര്‍ഫ്യൂം ബോള്‍ തകര്‍ത്തത് ഇംഗ്ലണ്ട് താരം സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ മൂക്കാണ്. ഹെല്‍മറ്റ് ഗ്രില്ലിനുള്ളിലൂടെ പന്ത് മൂക്കിന് മുറിവേല്‍പ്പിച്ചു. റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ബ്രോഡിന് പിന്നീട് മുഖത്ത് ശസ്ത്രക്രിയ വേണ്ടിവന്നു.

മൈക്ക് ഗാറ്റിങ് - 1986 ഫെബ്രുവരി 18-ന് ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്ന മത്സരത്തിനിടെ മാല്‍ക്കം മാര്‍ഷലിന്റെ പന്തില്‍ മൈക്ക് ഗാറ്റിങ്ങിന്റെ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു.

ഗാരി കേസ്റ്റണ്‍ - 2003-ല്‍ നടന്ന പാകിസ്താന്‍ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ഷുഐബ് അക്തറിന്റെ പെര്‍ഫ്യൂം ബോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേസ്റ്റണെ വീഴ്ത്തുന്നത്. അക്തറിന്റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള കേസ്റ്റന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഹെല്‍മറ്റ് ഗ്രില്ലിലൂടെ കടന്ന് ഇടതു കണ്ണിന് താഴെയാണ് പന്ത് പതിച്ചത്. 10 സ്റ്റിച്ചുകളാണ് താരത്തിന് വേണ്ടിവന്നത്. കേസ്റ്റന്റെ മൂക്ക് തകരുകയും ചെയ്തു.

Content Highlights: thing that makes Gentleman's game dreadful the perfumed ball

Content Highlights: