പ്രതിരോധം അപൂര്‍ണനാക്കിയൊരാള്‍; മി. പെർഫെക്ട് 'ഇംപെർഫെക്ട്' എഴുതുമ്പോൾ

സാക്ഷാല്‍ സുനില്‍ ഗാവസ്‌കറിന്റെ പിന്‍ഗാമി. ഇന്ത്യന്‍ ടീമിന്റെ അടുത്ത ബാറ്റിങ് സെന്‍സേഷന്‍. ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇന്ത്യ കണ്ട ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്‍മാരിലൊരാള്‍. സഞ്ജയ് മഞ്ജരേക്കറിന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ചാര്‍ത്തിക്കൊടുത്ത പട്ടങ്ങളായിരുന്നു ഇതൊക്കെ. പക്ഷേ, പ്രവചനങ്ങള്‍ പാതിവഴിയിലാക്കി സഞ്ജയിന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു. സഞ്ജയ് തന്റെ കളിയും ജീവിതവും പറയുകയാണ് 'ഇംപെര്‍ഫക്ട് ' എന്ന ആത്മകഥയിലൂടെ. കരിയറിലൂടനീളം ബാറ്റിങ് ശൈലിയില്‍ പൂര്‍ണതയ്ക്കു വേണ്ടി ശ്രമിച്ച് കരിയര്‍ തന്നെ നഷ്ടമായ ഒരു പൂര്‍ണതാവാദിയുടെ ആത്മകഥയ്ക്ക് ഇതിലും നല്ലൊരു പേരില്ല.
1980-കളുടെ അവസാനം മുതല്‍ 1990-കളുടെ പകുതി വരെ സഞ്ജയ് മഞ്ജരേക്കര്‍ എന്ന ബാറ്റ്സ്മാന്റെ കരിയര്‍ നേരിട്ടും ടെലിവിഷനിലൂടെ കണ്ടും പത്രങ്ങളിലൂടെ വായിച്ചും അടുത്തറിഞ്ഞ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒറ്റയിരുപ്പില്‍ തന്നെ വായിച്ചു തീര്‍ക്കാനാകും ഈ പുസ്തകം. സഞ്ജയിന്റെ ക്ലാസിക് ബാറ്റിങ് ശൈലി ഇഷ്ടപ്പെട്ടിരുന്നവര്‍ക്ക്, ഒരു പേസ് സംഘത്തിന്റെ എല്ലാ ആയുധങ്ങളും പ്രതിരോധാത്മകമായ ബാറ്റിങ് ശൈലിയിലൂടെ അപ്രസക്തമാക്കിയ ഈ വന്‍മതിലിന്റെ ആത്മകഥ വായിക്കുമ്പോള്‍ അക്കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാഡിമിടിപ്പുകളും പിടികിട്ടും. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇന്നത്തെ അവസ്ഥയും അന്നത്തെ സ്ഥിതിയും മനസ്സിലാകും.
Content Highlights: Sanjay Manjrekar autobiography imperfect Chronicle of an Imperfect cricketer