ഇന്ത്യയുടെ ഭാവി സച്ചിനില്‍നിന്ന് ഭാവി കാംബ്ലിയുടെ പതനത്തിലേക്ക്; ക്രിക്കറ്റിനെ മറക്കുന്ന പൃഥ്വി ഷാ

2013 നവംബറിലെ വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. രണ്ടു പതിറ്റാണ്ടു കാലത്തിലേറെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരത്തിന്റെ വിരമിക്കല്‍ പരമ്പര കൂടിയായിരുന്നു അത്. സച്ചിന്‍ വിട പറയുകയും വിരാട് കോലി അടുത്ത സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന കാലം. അതേ 2013 നവംബറില്‍ സച്ചിന് വിരമിച്ച് നാലു ദിവസങ്ങള്‍ക്കിപ്പുറം സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ പേരുകേട്ട ഹാരിസ് ഷീല്‍ഡ് മത്സരത്തില്‍ ഒരു പതിനാലുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലേക്ക് ഇടിച്ചുകയറി. മുംബൈക്കാരന്‍ പൃഥ്വി ഷാ. റിസ്വി സ്പ്രിങ്ഫീല്‍ഡ് സ്‌കൂളിനായി 330 പന്തുകളില്‍ നിന്ന് 546 റണ്‍സടിച്ച പൃഥ്വി ഇന്ത്യന്‍ സ്‌കൂള്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി. (2016-ല്‍ പിന്നീട് ഇത് പ്രണവ് ധന്‍വാഡെ തിരുത്തിയിരുന്നു).
അന്ന് ആറു മണിക്കൂറിലേറെ ക്രീസില്‍ ചെലവഴിച്ച് 85 ഫോറുകളും അഞ്ചു സിക്‌സറുകളുമടക്കമായിരുന്നു കുഞ്ഞു പൃഥ്വിയുടെ ആ ഇന്നിങ്‌സ്. 1988-ല്‍ ഇതേ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ചാണ് സച്ചിനും ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയമാകുന്നത്. 1988 ഫെബ്രുവരി 24-ന് നടന്ന ആ മത്സരത്തില്‍ സച്ചിനേക്കാള്‍ തിളങ്ങിയ ഒരാളുണ്ടായിരുന്നു. സച്ചിനൊപ്പം അന്ന് ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിനായി 664 റണ്‍സിന്റെ കൂട്ടുകെട്ടില്‍ പങ്കാളിയായ വിനോദ് കാംബ്ലി. അന്ന് 349 റണ്‍സടിച്ച കാംബ്ലിയെ കുറിച്ചു പറയാന്‍ പരിശീലകര്‍ക്കും മറ്റും നൂറു നാവായിരുന്നു. പ്രതിഭയില്‍ സച്ചിനേക്കാള്‍ എത്രയോ മുകളിലെന്ന് പേരെടുത്തിരുന്ന കാംബ്ലി. സച്ചിന്‍ പില്‍ക്കാലത്ത് ക്രിക്കറ്റിലെ ഇതിഹാസ പുരുഷനായി വളര്‍ന്നപ്പോള്‍ കാംബ്ലിയുടെ വീഴ്ച അവിശ്വസനീയമായിരുന്നു.
Content Highlights: Prithvi Shaw`s journey: From a record-breaking prodigy to a troubled star, a look at his rise, fall