ജനം കൂവി; ഉമ്മന്‍ ചാണ്ടി ഉണര്‍ന്നു; പൊലീസ് സ്‌പോര്‍ട്‌സ് രക്ഷപ്പെട്ടു

കാസ്റ്റിങ് മന്ത്രിസഭയെന്നു പ്രതിപക്ഷം പരിഹസിച്ച കെ. കരുണാകരന്‍ മന്ത്രിസഭയില്‍ (1981-82) ഉമ്മന്‍ ചാണ്ടി ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ പൊലീസ് കായികമേള നടന്നു. സമ്മാന വിതരണത്തിന് എത്തിയ ഉമ്മന്‍ ചാണ്ടിയെ കാണികള്‍ കൂവിവിളിച്ചു. കാരണം ആതിഥേയരായ കേരളത്തിന്റെ നേട്ടം പൂജ്യമായിരുന്നു. തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കൂവിവിളി സ്വീകരിച്ച ഉമ്മന്‍ ചാണ്ടി പറഞ്ഞു. 'കേരള പൊലീസിനെ സ്‌പോര്‍ട്‌സില്‍ ഒരു ശക്തിയാക്കി മാറ്റുമെന്നു ഞാന്‍ ഉറപ്പു നല്‍കുന്നു.'
അടുത്ത ദിവസം തന്നെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി കെ.കരുണാകരനോട് സംസാരിച്ച് കേരള പൊലീസിലേക്ക് കായിക താരങ്ങളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്ന പദ്ധതിക്ക് അനുമതി വാങ്ങി.ഡി.ജി.പി. എം.കെ. ജോസഫും ഡി.ഐ.ജി. ടി.പി. ഗോപിനാഥും കര്‍മനിരതരായി. 1984 മാര്‍ച്ച് അഞ്ചിന് അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ ഇനങ്ങളിലായി നാല്‍പ്പതില്‍ അധികം താരങ്ങള്‍ കേരള പൊലീസിന്റെ ഭാഗമായി. ആദ്യ ലിസ്റ്റില്‍ പെട്ട 60-ല്‍ അധികം പേരില്‍ ശേഷിച്ചവര്‍ പിന്നാലെ ചേര്‍ന്നു. താത്ക്കാലികമായി നിയമിതരായ ഇവര്‍ക്ക് പിന്നീട് പി.എസ്.സി. അനുമതിയോടെ സ്ഥിരം നിയമനം നല്‍കുകയായിരുന്നത്രേ.
അത്‌ലറ്റിക്‌സില്‍ ലോയിറ്റ് ജോസഫ്, സുരേഷ് ലാല്‍, വോളിബോളില്‍ മൊയ്തീന്‍ നൈന, ബാസ്‌ക്കറ്റ്‌ബോളില്‍ വി.വി.ഹരിലാല്‍, ജോസ് കുര്യന്‍ തുടങ്ങിയവരൊക്കെ അന്നു ചേര്‍ന്നവരാണ്. ഫുട്‌ബോളില്‍ വി.പി. സത്യന്‍ ഏപ്രിലിലും യു.ഷറഫലി മേയിലും കേരള പൊലീസില്‍ എത്തി. സി.വി.പാപ്പച്ചന്‍, തോബിയാസ്, കുരികേശ് മാത്യു, ഐ.എം. വിജയന്‍ തുടങ്ങി വലിയൊരു താരനിര തന്നെ കേരള പൊലീസിന്റെ ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായത് ചരിത്രം. അന്‍വിന്‍ ആന്റണി, സിജിമോന്‍ ജോര്‍ജ് തുടങ്ങിയവര്‍ ബാസ്‌ക്കറ്റ് ബോളിലും സുഭാഷ് ജോര്‍ജ് അത്‌ലറ്റിക്‌സിലും എത്തി. പിന്നെ റോയി ജോസഫ്, പി.വി. രാജു, പി.വി. വില്‍സന്‍ തുടങ്ങി എത്രയോ അത്‌ലിറ്റുകള്‍ എത്തി.
ഉമ്മന്‍ ചാണ്ടി തുടക്കമിട്ടത് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ വയലാര്‍ രവി കൂടുതല്‍ ആവേശത്തോടെ തുടര്‍ന്നു. തുടക്കത്തില്‍ പൊലീസ് താരങ്ങളുടെ പരിശീലനം വെള്ളായനി കാര്‍ഷിക കോളജ് ഗ്രൗണ്ടില്‍ ആയിരുന്നു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഏഷ്യയിലെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധനും മുന്‍ അത്‌ലിറ്റും കൂടിയായ കായിക വകുപ്പ് മേധാവി എസ്. പഴനിയാ പിള്ള പൊലീസ് ടീമിന് എല്ലാ സഹായങ്ങളും നല്‍കി. ഇടയ്ക്ക് ചില താരങ്ങള്‍ പൊലീസ് വിട്ടെങ്കിലും ടീമിന്റെ ശക്തി ചോര്‍ന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം പി.കെ. ഹോര്‍മിസ് തരകന്‍ ഡി.ജി.പി ആയിരുന്നപ്പോള്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് കൂടി ഉള്‍പ്പെടുത്താന്‍ ആലോചിച്ചപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പൂര്‍ണ പിന്തുണ നല്‍കി. (വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രോജക്ട് തയറാക്കുന്നതില്‍ ഈ ലേഖകനും പങ്കാളിയായിരുന്നു). തിരു-കൊച്ചി കാലത്ത് തന്നെ തിരുവിതാംകൂര്‍ പൊലീസില്‍ മികച്ച കായിക താരങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് 1970-കളില്‍ ജിമ്മി, ജോസ്, ഗോപിനാഥ് തുടങ്ങിയവര്‍ വോളി ടീമിലെത്തി. വനിതാ വോളി ടീം രൂപവല്‍കരിച്ചത് 1972-ല്‍ ആണ്. അന്ന് ഐ.ജിയായിരുന്ന ശിങ്കാരവേലു, കെ.സി. ഏലമ്മയെപ്പോലുള്ള സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെട്ട നാമക്കുഴി സഹോദരിമാരെ കോട്ടയത്ത് വിളിച്ചു വരുത്തി നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു. ഇവര്‍ക്കു ശേഷം നിശ്ചലമായ കേരള പൊലീസ് സ്‌പോര്‍ട്‌സ് ആണ് ഉമ്മന്‍ ചാണ്ടിയുടെ താല്‍പ്പര്യത്തില്‍ വീണ്ടും സജീവമായതും മൂന്ന് ഇനങ്ങളില്‍ അഖിലേന്ത്യാ ചാമ്പ്യന്‍മാര്‍ ആയതും.
Content Highlights: Oommen Chandy woke up Police sports survived