തകര്‍ച്ചയില്‍ താങ്ങാകുന്നവന്‍, കമ്മിന്‍സിന്റെ തന്ത്രം പൊളിച്ചവന്‍; വെറും ഫയറല്ല നിതീഷ്

യുദ്ധമില്ലാത്ത ലോകമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രാഷ്ട്രീയവും അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ പോരടിക്കുമ്പോള്‍ അതില്‍ ചോര പൊടിയുന്നത് പാവങ്ങളുടേതാണ്. എന്നാല്‍, കളിക്കളത്തിലെ യുദ്ധങ്ങള്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. ഫുട്‌ബോളിലെ ക്ലബ്ബ് വൈരവും നഗര ഡെര്‍ബികളും അത്‌ലറ്റിക്‌സ് മത്സരങ്ങളിലെ പോരാട്ടവുമെല്ലാം കായികലോകം ആഘോഷിക്കുന്നതിനു പിന്നില്‍ ഈ ആസ്വാദനം തന്നെ. ക്രിക്കറ്റില്‍ ആഷസ് പരമ്പരയാണ് യുദ്ധസമാനമായിരുന്നത്. ഇന്ത്യ - പാകിസ്താന്‍ പോരാട്ടങ്ങള്‍ ആരാധകരുടെ മനസില്‍ യുദ്ധം തന്നെയായിരുന്നു. എന്നാല്‍, 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും അവസാനിച്ചു. പിന്നീട് ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമായി ഇന്ത്യ - പാക് പോരാട്ടങ്ങള്‍ ഒതുങ്ങി.
ഇപ്പോള്‍ ആഷസിനൊപ്പമോ അതിനു മുകളിലോ ആണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ബോര്‍ഡര്‍- ഗാവസ്‌ക്കര്‍ പരമ്പര. ഓസീസ് മണ്ണില്‍ നടന്ന 2018-ലെയും 2020-ലെയും പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയതോടെ ഈ പരമ്പരയുടെ ജനപ്രീതി പതിന്മടങ്ങായി. പോരാട്ടത്തിന്റെ എല്ലാ ചേരുവകളും അടങ്ങുന്നതായിരുന്നു പരമ്പരയിലെ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളും. നാലാം ടെസ്റ്റിലും ആ പതിവ് തുടരുന്നു. അതില്‍ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്ന ഒരു 21-കാരന്‍ പയ്യന്‍ ഓസീസ് ടീമിനെയും ക്രിക്കറ്റ് ലോകത്തെയും ഒന്നാതെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്, നിതീഷ് കുമാര്‍ റെഡ്ഡിയെന്ന ആന്ധ്രക്കാരന്‍. മെല്‍ബണില്‍ ക്രിസ്മസ് പിറ്റേന്ന് (ബോക്‌സിങ് ഡേ) ആരംഭിച്ച നാലാം ടെസ്റ്റിലെ മൂന്നാം ദിനത്തിലെ താരം നിതീഷായിരുന്നു. ആവശ്യവുമില്ലാതിരുന്ന ഒരു ഷോട്ട് കളിച്ച് പുറത്തായ ഋഷഭ് പന്തിനെ മൂന്നാം ദിനത്തില്‍ നാം കണ്ടു. സ്റ്റുപ്പിഡെന്ന് തുറന്നടിച്ചാണ് സുനില്‍ ഗാവസ്‌ക്കര്‍ പന്ത് മോശം ഷോട്ട് കളിച്ച് പുറത്തായതിലുള്ള അരിശം തീര്‍ത്തത്. സാഹചര്യം മനസിലാക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞ പന്തിനോടുള്ള ദേഷ്യം എന്നിട്ടും അടങ്ങിയിരുന്നില്ല ഗാവസ്‌ക്കര്‍ക്ക്. അത്തരമൊരു സാഹചര്യത്തിലാണ് നിതീഷിന്റെ ഇന്നിങ്‌സ് ശ്രദ്ധേയമാകുന്നത്.
Content Highlights: 21-year-old Nitish Kumar Reddy shines in the Border-Gavaskar Trophy, showcasing exceptional batting