അന്ന് പെനാൽറ്റിയെടുക്കാൻ മെസ്സി വിളിച്ചത് ഒട്ടാമെൻഡിയെ, തളരാത്ത പോരാളി ബൂട്ടഴിക്കുമ്പോൾ...

ലോകകപ്പിനുമുമ്പ് സ്വന്തം മണ്ണിലുള്ള അർജന്റീനയുടെ അവസാനമത്സരം 2026 ഏപ്രിൽ ഒന്നിന് സാംബിയയ്ക്കെതിരെ ആയിരുന്നു. അന്ന് ബ്യൂണസ് ഐറിസിലെ ആൽബർട്ടോ ഹോസേ സാന്റോസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 49-ാം മിനിറ്റിൽ അർജന്റീനയ്ക്കൊരു പെനാൽറ്റി ലഭിച്ചു. മെസ്സി അല്ലാതെ മറ്റാരതെടുക്കാൻ എന്ന് എല്ലാവരും വിചാരിച്ചുനിൽക്കുമ്പോഴാണ് മെസ്സി കൈകാട്ടി മധ്യവരയ്ക്കടുത്തുനിന്ന ഒട്ടാമെൻഡിയെ വിളിക്കുന്നത്. ആദ്യമൊന്നു മടിച്ചുനിന്ന ഒട്ടാമെൻഡിയയെ എമിലിയാനോ മാർട്ടിനസും ക്രിസ്റ്റിയൻ റൊമേരോയും കൂടി മുന്നോട്ട് തള്ളിവിട്ടു. സ്വന്തം നാട്ടുകാരെ സാക്ഷിയാക്കി പന്ത് ഗോൾവര കടന്നു. അർജന്റീനയ്ക്ക് വേണ്ടി ആ പത്തൊമ്പതാം നമ്പരുകാരന്റെ അവസാനഗോളായിരുന്നു അത്. സ്വന്തം മണ്ണിൽ ഒരു ഗോളോടെ കളി മതിയാക്കാൻ ഒരു ടീം മുഴുവൻ അന്നയാളുടെ കൂടെ നിന്നു. അന്നുതന്നെ സൂചനയുണ്ടായിരുന്നു, ലോകകപ്പ് ഫലം എന്തായാലും ഒട്ടാമെൻഡിയുടെ അവസാന ടൂർണമെന്റ് ആയിരിക്കുമതെന്ന്. ഇന്നയാൾ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അർജന്റീനയ്ക്ക് വേണ്ടി താൻ അവസാനമത്സരം കളിച്ചുകഴിഞ്ഞിരിക്കുന്നു.
ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് ഒട്ടാമെൻഡിക്ക് പറയാനുള്ളത്. എല്ലാം നഷ്ടപ്പെട്ടവനിൽ നിന്നും ലോകം കീഴടക്കിയവന്റെ കഥയാണത്. 17 വർഷം അർജന്റീനയ്ക്ക് വേണ്ടി പ്രതിരോധം തീർത്ത അദ്ദേഹം 139 അന്താരാഷ്ട്രമത്സരങ്ങൾക്കു ശേഷം ബൂട്ടഴിക്കുകയാണ്. 2015-ലും 2016 -ലും കോപ്പ അമേരിക്ക ഫൈനലുകളിൽ ചിലിയോട് പരാജയപ്പെടുമ്പോൾ ഒരുപാട് പരിഹാസം ഏറ്റുവാങ്ങിയിരുന്നു. 2018-ലെ ലോകകപ്പിൽ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് നാലു ഗോൾ വഴങ്ങി അർജന്റീന മടങ്ങുമ്പോൾ അന്നേറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ടത് ഒട്ടാമെൻഡിയടങ്ങുന്ന പ്രതിരോധമായിരുന്നു. അന്നുവരെ പ്രതിസ്ഥാനത്തായിരുന്നു അയാൾ. പ്രതിരോധത്തിൽ ഓട്ടയിട്ട് പേരിനെ അന്വർഥമാക്കുന്നവൻ എന്നുവരെ അയാളെ ആളുകൾ കളിയാക്കി.
'മുന്നേറ്റനിര മാച്ചുകൾ വിജയിപ്പിക്കും, എന്നാൽ പ്രതിരോധമാണ് ഒരു ടീമിന് കിരീടങ്ങൾ നേടിക്കൊടുക്കുന്നത്.' മാഞ്ചസ്റ്റർ യുണെറ്റെഡിന്റെ മുൻ മാനേജർ സർ അലക്സ് ഫെർഗൂസന്റെ വാക്കുകളാണിവ. ഇത് ഗോൾ വഴങ്ങുന്നതിനെപ്പറ്റി മാത്രമല്ല, പുറകിൽ നിന്നും കളി മെനയുന്നതിനെക്കുറിച്ച് കൂടിയാണ്. രണ്ട് കാര്യങ്ങളിലും പരാജയമായപ്പോൾ 2018 ലോകകപ്പിലും 2019 ലെ കോപ്പ അമേരിക്കയിലും അർജന്റൈൻ പ്രതിരോധം തകർന്നടിഞ്ഞു. ഈ ടീമിനൊരു ഭാവിയില്ലെന്ന് എല്ലാവരും എഴുതിത്തള്ളി. ഫുട്ബോൾ ഇതിഹാസം അന്താരാഷ്ട്ര കിരീടങ്ങളൊന്നുമില്ലാതെ പടിയിറങ്ങും എന്ന് ആളുകൾ വിധിച്ചു കഴിഞ്ഞിരുന്നു. ആ സീസൺ അവസാനിച്ചപ്പോഴേക്കും മാഞ്ചസ്റ്റർ സിറ്റിയും ഒട്ടാമെൻഡിയെ കൈയ്യൊഴിഞ്ഞിരുന്നു. അവിടെനിന്ന് പോർച്ചുഗീസ് ക്ലബ് ബെനഫിക്കയിലെത്തിയപ്പോഴേക്കും ഒട്ടാമെൻഡി മാറാൻ തുടങ്ങുകയായിരുന്നു.
ആദ്യ കോപ്പ അമേരിക്ക വിജയത്തോടെ അർജന്റീനയോടൊപ്പം ഒട്ടാമെൻഡിയുടേയും തലവര മാറി. മുപ്പത്തിനാലാം വയസിൽ തന്റെ ടീമിന്റെ കോട്ട കാക്കാനേല്പിച്ച ദൗത്യം മുന്നിൽ നിന്നു തന്നെ നയിച്ചു.സ്‌കലോനിയുടെ ടീം തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ നെറ്റി ചുളിപ്പിച്ചത് കരിയറിന്റെ അന്ത്യത്തിലേക്കെത്തുന്ന ഒട്ടാമെൻഡിയെ പ്രതിരോധം നയിക്കാൻ ഏറ്റെടുത്തത് തന്നെയായിരുന്നു. 2021 ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനയുടെ പ്രതിരോധം വഴങ്ങിയത് വെറും മൂന്ന് ഗോളുകളായിരുന്നു. കോപ്പ വിജയം ഉയർത്തിയ ആത്മവിശ്വാസവുമായി ലോകകപ്പിനെത്തിയ ടീമിന് പക്ഷേ തുടക്കത്തിൽ തന്നെ പാളി. സൗദിയോടേറ്റ തോൽവിയിൽ ഏറ്റവും കൂടുതൽ പഴി കേട്ടത് പ്രതിരോധമായിരുന്നു. നെതർലന്റ്സിനോടൊഴിച്ചുള്ള മാച്ചുകളിലെല്ലാം പ്രതിരോധം ദൃഢമായിരുന്നു. ഫൈനലിൽ പക്ഷേ ഒട്ടാമെൻഡിക്ക് പിഴച്ചു. അർജന്റീന 2-0 ത്തിന് മുന്നിൽ നിൽക്കുമ്പോൾ പെനാൽറ്റി ബോക്സിൽ കൗലോ മുവാനിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലാണ് ഫ്രാൻസിന്റെ തിരിച്ചുവരവ് ആരംഭിച്ചത്. പക്ഷേ, മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രതിരോധം ശക്തിപ്പെട്ടതാണ് അർജന്റീനയുടെ വിജയത്തിനു കാരണം. അബദ്ധങ്ങൾ പിണഞ്ഞില്ല എന്നതല്ല, അതവരെ തളർത്താൻ അനുവദിച്ചില്ല എന്നത് പ്രധാനമായിരുന്നു.
ചില കളിക്കാരുണ്ട്. ആക്രമണസ്വഭാവവും ഗ്രൗണ്ടിലെ കൈവിട്ട കളികളും കൊണ്ട് എല്ലാവരാലും വെറുക്കപ്പെടുന്നവർ. എന്നാൽ സ്വന്തം ടീമിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്നവർ. ആരാധകരെക്കാളേറെ അവരെ വെറുക്കാനും വിമർശിക്കാനും ആളുകളുണ്ടാവും. അങ്ങനെയുള്ളവരുടെ നിരയിലേക്കാണ് ഒട്ടാമെൻഡി എത്തിയത്. കളിക്കളത്തിൽ പലപ്പോഴും കൈവിട്ട കളി നടത്തി ടീമിനൊരു ബാധ്യതയെന്ന ടാഗും അയാൾക്ക് ലഭിച്ചു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗാർഡിയോളയും ദേശീയടീമിൽ സ്‌കലോനിയും കണ്ടത് അയാളുടെ പോരാട്ടവീര്യം തന്നെയായിരുന്നു. കായികബലവും ഉയർന്നുവരുന്ന പന്തുകളെ പ്രതിരോധിക്കാനുള്ള കഴിവും പരിക്കുകൾ ബാധിക്കാത്ത ശരീരവും തന്നെയാണ് പ്രശ്നങ്ങൾക്കിടയിലും അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണം. 100 പോയന്റ് നേടി റെക്കോർഡ് സൃഷ്ടിച്ച് ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർസിറ്റിയുടെ പ്രതിരോധം നയിച്ചത ഒട്ടാമെൻഡിയായിരുന്നു. അന്ന് പിഎഫ്എ ടീം ഓഫ് ദി ഇയറിൽ കയറുകയും ചെയ്തു. പുറകിൽ നിന്നും ബോളെടുത്ത് പാസുകളിലൂടെ മുന്നോട്ട് കയറുന്ന പെപ്പിന്റെ സിസ്റ്റത്തിനോട് ഒട്ടാമെൻഡി ഇണങ്ങിച്ചേരുകയായിരുന്നു.
പരാജയത്തോടെ തന്റെ അവസാനലോകകപ്പ് മത്സരം കളിച്ചു മടങ്ങുമ്പോൾ ആ പരാജയമല്ല അയാളുടെ കരിയറിനെ നിർവചിക്കുന്നത്. മറിച്ച് തോറ്റുമടങ്ങാൻ മനസില്ലാതെ വീണ്ടും പോരാട്ടത്തിനിറങ്ങിയ മനസാണ്. വിമർശനങ്ങളിൽ തളർന്നുവീഴാതെ കുറ്റപ്പെടുത്തിയവരുടെ മുന്നിലൂടെ രാജ്യത്തിനുവേണ്ടി നേടിയ മൂന്നു കിരീടങ്ങളാണ്. അതിലൊന്ന് ഫുട്ബോളിന്റെ ലോകകിരീടമാണ്. അർജന്റീനയിലെ ക്ലബായ വെലെസ് സാർസ്ഫീൽഡിലാണ് ഒട്ടാമെൻഡി കരിയർ ആരംഭിച്ചത്. അവിടെനിന്നും 2010-ൽ എഫസി പോർട്ടോയിലെത്തി. ഒരു സീസൺ വലൻസിയയിൽ കളിച്ച ശേഷം 2015 മുതൽ അഞ്ച് സീസൺ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വേണ്ടി കളിച്ചു. തുടർന്ന് ബെൻഫിക്കയിലെ ആറ് സീസണുകൾക്കുശേഷം ഇപ്പോൾ അർജന്റീനയിലെ റിവർ പ്ലേറ്റിൽ കളിക്കുന്നു.
Content Highlights: Nicolas Otamendi announces official retirement from international football after 139 caps., A 17-year career marked by overcoming heavy criticism to achieving global success., Key role in Argentina's 2021 Copa America and 2022 World Cup victories., Reflecting on his transition from a criticized defender to a defensive leader under Scaloni., Career path spanning Velez Sarsfield, Porto, Manchester City, Benfica, and River Plate.