സിമന്റും കമ്പിയുമില്ലാത്ത വീടുപണി; പക്ഷേ, അയാള്‍ 'ശരി'യാണ്, ഏകനും

''സിമന്റും കമ്പിയും ഇല്ലാതെ വീട് കെട്ടാന്‍ പറഞ്ഞാല്‍ മേസ്തിരി എന്തു ചെയ്യാനാണ്...'' സാമൂഹിക മാധ്യമത്തില്‍ ഈ ട്രോള്‍ പ്രത്യക്ഷപ്പെട്ട രാവിലാണ് മിക്കേല്‍ സ്റ്റാറേ ഏകനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കാറില്‍ നിന്നിറങ്ങി രണ്ടു കൈയ്യിലും ബാഗും തൂക്കി നടക്കുമ്പോള്‍ അയാള്‍ അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര വലിയൊരു ഏകാന്തതയുടെ ദ്വീപിലേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. കടല്‍ പോലെ ഇരമ്പിയിരുന്ന കൊച്ചിയിലെ കളിമുറ്റത്ത് ആയിരക്കണക്കിന് ആരാധകരുടെ നടുവില്‍ ആവേശത്തിന്റെ ആള്‍രൂപമായി നിന്നിരുന്ന ആ മനുഷ്യന് എത്ര പെട്ടെന്നാണ് ഏകാന്തതയുടെ ഒറ്റത്തുരുത്തായത്. താന്‍ അപമാനിതനും നിരാശനുമായി പടിയിറങ്ങുകയാണെന്ന സങ്കടം എഴുതിവെച്ച മുഖഭാവത്തോടെ സ്റ്റാറേ ഏകനായി നടന്നുവരുമ്പോള്‍ ഫുട്ബോള്‍ ഒരു നിമിഷം ക്രൂരതയുടെ ഒരു ഏകാംഗ നാടകം പോലെ തോന്നി. അല്ലെങ്കിലും ഫുട്ബോള്‍ ചില നേരത്ത് പലരുടെയും മനസില്‍ ഏല്‍പ്പിക്കുന്ന മുറിവുകളുടെ ആഴം ഏറെയാണല്ലോ.
സ്റ്റാറേയെ ക്രൂശിക്കുമ്പോള്‍
അപമാനിതനായി പടിയിറക്കപ്പെട്ടുവെന്ന സങ്കടത്തോടെ തന്നെയാണ് മിക്കേല്‍ സ്റ്റാറേ എന്ന സ്വീഡിഷുകാരന് കേരള ഫുട്ബോളിനോട് വിട ചൊല്ലുന്നത്. എല്ലാ തെറ്റുകളും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആ മനുഷ്യന്റെ തലയില്‍ കെട്ടിവെക്കുമ്പോള്‍ തന്റെ ഭാഗത്തുള്ള കുറേ 'ശരി'കളെപ്പറ്റിയായിരുന്നു അയാള്‍ സങ്കടപ്പെട്ടത്. ആ ശരികളൊന്നും ആരും കാണുന്നില്ലല്ലോയെന്ന് അയാള്‍ വിലപിക്കുമ്പോള്‍ 11-ാം സീസണിലെത്തിയ ഐ.എസ്.എല്ലില്‍ പാതിവഴിയില്‍ മടങ്ങുന്ന നാലാമത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകനാണ് സ്റ്റാറേ. 2015-ല്‍ പീറ്റര്‍ ടെയ്ലറും 2017-ല്‍ റെനെ മ്യൂലന്‍സ്റ്റീനും 2018-ല്‍ ഡേവിഡ് ജെയിംസും അനുഭവിച്ച അതേ വിധി തന്നെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്റ്റാറേയുടെ കാര്യത്തിലും നടപ്പാക്കി. എന്നാല്‍ തുടര്‍ പരാജയങ്ങളോടെ പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ ഇടത്തില്‍ സ്റ്റാറേയെ ബലിയാടാക്കി മുഖം രക്ഷിക്കാനായിരുന്നു മാനേജ്മെന്റിന്റെ ശ്രമം. അത് അങ്ങേയറ്റം നന്ദികേടും ക്രൂരതയുമാണെന്ന് സ്റ്റാറേയുടെ ഏകാന്ത മടക്കം കണ്ട ഓരോ ആരാധകനും പറയുന്നുണ്ട്. ''എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ആരാധകരുടെ കണ്ണില്‍ പൊടിയിടാനായി മാനേജ്മെന്റ് പരിശീലകനെ പുറത്താക്കും.
കാരണങ്ങളില്ലാതെയാണ് ഇവാന് വുകോമാനോവിച്ചിനെ മാറ്റിയത്. അത് ചോദ്യം ചെയ്തപ്പോള്‍ ടീമിന് ആവശ്യമായ താരങ്ങളെയും ചേരുന്ന പരിശീലകനെയും എത്തിക്കുമെന്നായിരുന്നു മാനേജ്മെന്റ് പറഞ്ഞത്. ഇപ്പോഴിതാ സ്വന്തം കഴിവുകേടില്‍ നിന്ന് മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനാണ് സ്റ്റാറേയെയും പുറത്താക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ആരാധകരെ പറ്റിക്കുന്ന മാനേജ്മെന്റ് നയങ്ങള്‍ക്കൊപ്പം ഇനിയും നില്‍ക്കാനാകില്ല.'' മഞ്ഞപ്പട അംഗങ്ങളുടെ വാക്കുകളില്‍ സൂചന വ്യക്തമാണ്.
എന്റെ മാത്രം പിഴയല്ല
എല്ലാ കുറ്റങ്ങളും തന്റെ മേല്‍ ചാരി മാനേജ്മെന്റ് കൈകഴുകാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ഖണ്ഡിച്ചാണ് സ്റ്റാറേ മടങ്ങിയത്. ''ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ മാനേജ്മെന്റ് ഈ ഘട്ടത്തില്‍ എന്നെ പുറത്താക്കുമെന്ന് കരുതിയിരുന്നില്ല. പ്രതിരോധ നിരയുടെ പിഴവുകളും ഗോളിമാര്‍ ഫോമിലേക്ക് എത്താത്തതുമാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വികളുടെ അടിസ്ഥാന കാരണം. മുംബൈ സിറ്റി എഫ്,സി.ക്കെതിരായ കളിയില്‍ ഞാന്‍ പ്രയോഗിച്ച തന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്ന് സമ്മതിക്കുന്നു. ആ കളിയുടെ ഫലം എന്റെ മാത്രം പിഴയാണെന്ന് ഞാന്‍ ഏറ്റെടുക്കാം. എന്നാല്‍ അതൊഴിച്ച് മറ്റൊരു കളിയിലും എന്റെ തന്ത്രങ്ങളുടെ മാത്രം കുഴപ്പം കൊണ്ടാണ് ടീം തോറ്റതെന്ന് കരുതുന്നില്ല.'' സ്റ്റാറേയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത് ടീമിന് നേരെ തന്നെയാണ്.
സ്റ്റാറേയെ മാത്രം കുറ്റക്കാരനാക്കി മാനേജ്മെന്റ് വിധിപ്രസ്താവം നടത്തുമ്പോള്‍ സീസണിലെ ഇനിയുള്ള ബ്ലാസ്റ്റേഴ്സിന്റെ കളികള്‍ എങ്ങനെയായിരിക്കുമെന്നതില്‍ ആരാധകര്‍ക്ക് ആശങ്കകളുണ്ട്. പുതിയ കോച്ചിനെ ഉടനെയെത്തിക്കുമെന്ന മാനേജ്മെന്റിന്റെ പ്രഖ്യാപനം ആരാധകര്‍ പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. 12 കളികളില്‍ മൂന്ന് ജയം മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ്. 22-ന് കൊച്ചിയില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
Content Highlights: Kerala Blasters Michel Stahre ISL Indian Super League football coach fired management controversy