ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേയ്ക്ക് വരുന്നതിന് പിന്നിലെന്ത്? തട്ടകം മാറൽ സാധ്യമോ?

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 11-ാം സീസണിലേക്ക് കടന്ന ഐഎസ്എല്ലില്‍, പക്ഷേ, ആരാധകരുടെ ഈ മഞ്ഞപ്പടയ്ക്ക് ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല. 2014, 2016, 2021-22 സീസണുകളില്‍ റണ്ണറപ്പുകളായത് മാത്രമാണ് കൊമ്പന്‍മാര്‍ക്ക് പെരുമയോടെ പറയാനാകുന്നത്. എന്നാല്‍ കിരീടമില്ലെന്നത് മാത്രമല്ല ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനം പോലും കാഴ്ചവെയ്ക്കാന്‍ സാധിക്കാതെയാണ് സമീപകാലത്തെ ബ്ലാസ്റ്റേഴ്‌സിന്റെ പോക്ക്. ക്ലബ്ബിന്റെ പ്രകടനത്തില്‍ ആരാധകര്‍ 'ഹാപ്പി' അല്ലാതായിട്ട് കാലംകുറച്ചായി. തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ പ്ലേ ഓഫ് കളിച്ച ടീമിന് ഇത്തവണ അതിനും സാധിച്ചില്ല. ഇത്തവണത്തെ സീസണില്‍ കാര്യങ്ങള്‍ കുറേക്കൂടി മോശമായിരുന്നു. ക്ലബ്ബിന്റെ ആരാധകര്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന ഇവാന്‍ വുകോമനോവിച്ചിനു പകരം ഇത്തവണയെത്തിയ മികേല്‍ സ്റ്റാറേയ്ക്ക് ഒരു സീസണ്‍ പൂര്‍ണമായി തുടരാൻ പോലും സാധിച്ചില്ല. ആദ്യ 12 കളികളില്‍ ഏഴും തോറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് ക്ലബ്ബ് പോകുമെന്ന ഘട്ടത്തിലാണ് മാനേജ്‌മെന്റ് സ്റ്റാറേയെ പുറത്താക്കുന്നതും പകരം ടി.ജി പുരുഷോത്തമനെ ചുമതലയേല്‍പ്പിക്കുന്നതും. സ്റ്റാറേ പോയ ശേഷമുള്ള 12 കളികളില്‍ അഞ്ചു ജയം നേടാന്‍ സാധിച്ചതാണ് ക്ലബ്ബിന്റെ മുഖം രക്ഷിച്ചത്.
എന്നാല്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാക്കുന്നത് ഏപ്രില്‍ മൂന്നാം തീയതി പുതിയ പരിശീലകന്‍ ഡേവിഡ് കാറ്റാലയെ ഔദ്യോഗികമായി പരിചയപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്താസമ്മേളനമാണ്. അതില്‍ ക്ലബ്ബ് സിഇഒ അഭീക് ചാറ്റര്‍ജി നടത്തിയ ഒരു വെളിപ്പെടുത്തല്‍ മലബാറിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. ഐഎസ്എല്ലിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം ക്ലബ്ബ് പരിഗണിക്കുന്നുണ്ടെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഇതോടെ കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലായി. കളി കാണാനെത്തുന്നവരുടെ സൗകര്യംകൂടി പരിഗണിച്ചാണ് ഇത്തരമൊരു നീക്കമെന്നായിരുന്നു അഭീക് ചാറ്റര്‍ജി പറഞ്ഞത്. മത്സരങ്ങള്‍ പൂര്‍ണമായും കോഴിക്കോട്ടേക്ക് മാറ്റാനല്ല ഉദ്ദേശിക്കുന്നത്. ചില കളികള്‍ മാത്രം നടത്താനാണ് പദ്ധതി. ക്ലബ്ബിന്റെ ആസ്ഥാനം കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയേക്കുമെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അത്തരം കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ലെന്ന് ക്ലബ്ബ് മാനേജ്മെന്റ് തന്നെ വ്യക്തമാക്കിയിരുന്നു.
Content Highlights: Kerala Blasters FC is considering playing some ISL matches in Kozhikode, aiming to tap into Malabar