ആ പിഴച്ചുപോയ കാലത്തെ ഓർക്കാതെ ഈ ശതാബ്ദിയാഘോഷം പൂർണമാകുന്നത് എങ്ങനെ?

ഇന്ത്യ പാകിസ്താനെ നിര്‍ദയം പ്രഹരിക്കുന്നത് കണ്‍നിറയെ കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലല്ല, അതിന് രണ്ട് വര്‍ഷം മുന്‍പ് ചൈനയിലെ ഗോങ്ഷുവിലാണ്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ അന്ന് രാത്രി പാക് വലയില്‍ ഇന്ത്യ ഗോളുകള്‍ പത്തെണ്ണം എണ്ണിയെണ്ണി അടിച്ചുകയറ്റുന്നത് കനാല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ പ്രസ് ഗ്യാലറിയില്‍ കണ്ടുനിന്നത് തെല്ല് അവിശ്വസനീയതയോടെയാണ്. ചരിത്രത്തില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയമായിരുന്നു കണ്‍മുന്നില്‍ മിന്നിമാഞ്ഞതെന്ന് വിശ്വസിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. അതേ അദ്ഭുതത്തോടെയും ആവേശത്തോടെയും തന്നെ കണ്ടുനിന്നു, എഴുതി നിറച്ചു, ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് ഒരു പതിറ്റാണ്ടിനുശേഷം ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നതും പാരിസ് ഒളിമ്പിക്സിനുള്ള ടിക്കറ്റ് സ്വന്തമാക്കുന്നതും.
ഹാങ്ചൗ മീഡിയ സെന്ററിലേയ്ക്കുള്ള ദൈര്‍ഘ്യമേറിയ മടക്കയാത്രയില്‍ മനസ് പാഞ്ഞത് പത്ത് മുപ്പത്തിയഞ്ച് കൊല്ലം പിന്നോട്ടാണ്. സോള്‍ ഏഷ്യന്‍ ഗെയിംസില്‍ അന്ന് ഇന്ത്യ പാകിസ്താനോട് തോറ്റ് പുറത്തായ വാര്‍ത്ത വായിച്ച ഓര്‍മയേയുള്ളൂ. പിന്നെ അതേ സോളില്‍ ഒളിമ്പിക്‌സിലും കണ്ടു തനിയാവര്‍ത്തനം. ടിവിക്ക് മുന്നിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകിയ, ശ്വാസംനിലച്ചുപോകുമെന്ന് തോന്നിച്ച എത്രയെത്ര മുഹൂര്‍ത്തങ്ങള്‍, തോല്‍വികളില്‍ ഹതാശനായി ശപിച്ചിറങ്ങിപ്പോയ എത്രയെത്ര ഹൈവോള്‍ട്ടേജ് നിമിഷങ്ങള്‍.
Content Highlights: Relive the incredible journey of Indian hockey, from decades of struggle to Asian Games gold and Olympic glory. A story of resilience and resurgence.