വനിതാ ടെന്നീസില്‍ ഇനി ഇഗയുടെ യുഗം

വനിതാ ടെന്നീസില്‍ സുപ്രധാനമായ ഒരു ഇടം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഏറെക്കാലം സെറീന വില്യംസ് ഏകാധിപതിയായി വാണയിടം. സെറീനയുടെ നല്ലകാലം കഴിഞ്ഞപ്പോള്‍ അവിടേക്ക് ഉയര്‍ന്നുവന്ന പേരുകളൊന്നും അധികകാലം നീണ്ടില്ല. വലിയ പ്രതീക്ഷയോടെയെത്തിയ ജപ്പാന്റെ നവോമി ഒസാക്ക വ്യക്തിപരമായ പ്രശ്‌നങ്ങള്‍കൊണ്ട് പിന്‍വലിഞ്ഞു. പിന്നീട് ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തോടെ വിരമിച്ചു.
ഇപ്പോള്‍ പോളണ്ടുകാരി ഇഗ നതാലിയ സ്വിയാടെക് അവിടേക്ക് നടന്നടുക്കുന്നു. ശനിയാഴ്ച രാത്രി ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനലില്‍ അമേരിക്കയുടെ കൊകൊ ഗാഫിനെ തോല്‍പ്പിച്ച് കിരീടം നേടിയതോടെ വനിതാ ടെന്നീസില്‍ ഇനി ഇഗ യുഗമായിരിക്കുമെന്ന് പ്രവചിക്കുന്നവര്‍ ഏറെ. കാരണം, അത്രയും ആധികാരികമായിരുന്നു ഈ കിരീടധാരണം. ടൂര്‍ണമെന്റില്‍ വിട്ടുകൊടുത്തത് ഒരേയൊരു സെറ്റ് മാത്രം.കിരീടത്തിനൊപ്പം സ്വര്‍ണത്തിളക്കമുള്ള റെക്കോഡുകളും കൂട്ടായുണ്ട്. അന്താരാഷ്ട്ര ടെന്നീസില്‍ തുടര്‍ച്ചയായ 35-ാം വിജയമാണ് ശനിയാഴ്ച കുറിച്ചത്. ഇതോടെ ഈ നൂറ്റാണ്ടില്‍ തുടര്‍വിജയങ്ങളുടെ റെക്കോഡിനൊപ്പമെത്താനായി. 2000-ത്തില്‍ അമേരിക്കയുടെ വീനസ് വില്യംസ് തുടര്‍ച്ചയായി 35 കിരീടം നേടിയിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ ആറാം കിരീടവിജയമാണിത്.
സെറീന-വീനസ് സഹോദരങ്ങളുമായി ഇഗയ്ക്ക് വേറെയും സാമ്യമുണ്ട്. ഇഗയുടെ ചേച്ചി അഗതയും ടെന്നീസ് കളിക്കാരിയായിരുന്നു. അച്ഛന്‍ തോമസ് സ്വിയാടെക്കിന്റെ സ്വാധീനത്തില്‍ രണ്ടു പെണ്‍കുട്ടികളും ചെറുപ്പത്തിലേ ടെന്നീസ് കോര്‍ട്ടിലെത്തി. തുഴച്ചില്‍ താരമായിരുന്ന തോമസ് 1988 സോള്‍ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്നു.
അഗതയിലായിരുന്നു തോമസിന് കൂടുതല്‍ പ്രതീക്ഷ. എന്നാല്‍, ചെറുപ്പത്തിലേ തുടര്‍ച്ചയായി പരിക്കുകള്‍ വന്നതോടെ അഗത കളിനിര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ഇഗ വളര്‍ന്നുവന്നു.
2018 വിംബിള്‍ഡണ്‍ ജൂനിയര്‍ വിഭാഗത്തില്‍ കിരീടം നേടി. അടുത്തവര്‍ഷം സീനിയര്‍തലത്തില്‍ കളിച്ചുതുടങ്ങി. 2020-ലെ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനെത്തുമ്പോള്‍ 54-ാം റാങ്കിലായിരുന്നു. അന്ന് 19 വയസ്സുണ്ടായിരുന്ന ഇഗ ടെന്നീസ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കിരീടം നേടി. ഫൈനലില്‍ സോഫിയ കെനിനെ തോല്‍പ്പിച്ചതോടെ, ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ പോളണ്ടുകാരിയും മോണിക്ക സെലസിനുശേഷം (1992) ഗ്രാന്‍ഡ്സ്ലാം നേടുന്ന പ്രായംകുറഞ്ഞ വനിതയുമായി. അതോടെ 17-ാം റാങ്കിലെത്തി.
പുരുഷതാരങ്ങളെയും അമ്പരപ്പിക്കുന്ന അതിവേഗ ബാക്ക്ഹാന്‍ഡ് ഷോട്ടുകളാണ് ഇഗയുടെ മികവ്. ഒപ്പം നല്ല കരുത്തുമുണ്ട്. യു.എസ്. ഹാര്‍ഡ് കോര്‍ട്ട് ടൂര്‍ണമെന്റുകളായ ഇന്ത്യന്‍ വെല്‍സ്, മയാമി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റുകളില്‍ ഒരേസമയം വിജയിച്ച് 'സണ്‍ഷൈന്‍ ഡബ്ള്‍' നേട്ടവും സ്വന്തമാക്കി. ഒന്നാം റാങ്കുകാരിയായിരുന്ന ആഷ്ലി ബാര്‍ട്ടി അപ്രതീക്ഷിതമായി വിരമിച്ചതോടെ, ഇഗ ഒന്നാം റാങ്കുകാരിയായി. ആ പെരുമയോടെ ഇക്കുറി പാരീസിലെത്തി കിരീടംനേടിയതോടെ ആ ഒന്നാംസ്ഥാനം യാദൃച്ഛികമല്ലെന്ന് തെളിയിച്ചിരിക്കുന്നു.
Content Highlights: iga swiatek, french open 2022 womens champions, french open winner 2022, tennis