ലോണെടുത്തും ജോലി ഉപേക്ഷിച്ചും പരിശീലിപ്പിച്ച അച്ഛന്‍റെ കൂടി നേട്ടമാണ് ലോകചാമ്പ്യന്‍റെ ഈ പൊന്‍തിളക്കം

അത്യാഹ്ലാദം കൊണ്ടുള്ള കണ്ണീരോടെയാണ് കെ.ഡി. ജാദവ് ഇന്‍ഡോർ സ്റ്റേഡിയത്തിലെ ബോക്‌സിങ് റിങ്ങില്‍നിന്ന് നിതു ഗന്‍ഖാസ് എന്ന ഇരുപത്തിരണ്ടുകാരി ഇന്ത്യയുടെ അഭിമാനമായ സ്വര്‍ണനേട്ടക്കാരിയായി ഇറങ്ങിവന്നത്. വിജയാഘോഷത്തോടെ സഹപ്രവര്‍ത്തകര്‍ തോളിലേറ്റി കൊണ്ടുപോകുമ്പോഴെല്ലാം അവള്‍ കവിളിലേക്കൊഴുകിയെത്തിയ കണ്ണുനീര്‍ ഉള്ളം കൈകൊണ്ട് തുടച്ചുകൊണ്ടിരുന്നു. കാണികളുടെ ചോദ്യങ്ങള്‍ക്ക് പോലും വിതുമ്പലായിരുന്നു മറുപടി. ചെറുപ്പം മുതല്‍ ഈ നേട്ടം സ്വപ്‌നം കണ്ടിരുന്ന നിതു, സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആ നിമിഷത്തില്‍ അതല്ലാതെ പിന്നെന്ത് ചെയ്യാനാണ്...
നിതുവിന്‍റെ വിജയത്തിന് പിന്നില്‍ അവളുടെ കഠിനാധ്വാനം മാത്രമല്ല, അവളുടെ സ്വപ്‌നങ്ങള്‍ക്ക് കുട ചൂടിയ അച്ഛനും അമ്മയും കുടുംബവുമുണ്ട്. ഹരിയാന ഭിവാനി ജില്ലയിലെ ധനാന ഗ്രാമത്തില്‍ 2000 ഒക്ടോബര്‍ 19-നാണ് നിതു ഗന്‍ഖാസിന്റെ ജനനം. ഹരിയാന നിയമസഭയിലെ ജീവനക്കാരനായ ജയ് ഭഗവാനും മുകേഷ് ദേവിയുമാണ് മാതാപിതാക്കള്‍. അക്ഷിത് കുമാര്‍ എന്ന ഇളയ സഹോദരനും നിതുവിനുണ്ട്. ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ കേന്ദ്രമാണ് ഭിവാനി. ഒളിമ്പ്യന്‍ വിജേന്ദര്‍ സിങ്ങ് ഉള്‍പ്പെടെ നിരവധി താരങ്ങളെ വളര്‍ത്തിയ നാട്ടിലെ കുട്ടികള്‍ക്ക് ബോക്‌സിങ്ങിനോട് താല്‍പര്യം തോന്നുന്നതും സ്വാഭാവികം. നിതുവിനെ കുറിച്ചും മാതാപിതാക്കള്‍ പറഞ്ഞത് അങ്ങനെയായിരുന്നു. സ്‌കൂളിലെ വികൃതിക്കുട്ടികളില്‍ ഒരാളായിരുന്നു നിതു. സഹോദരങ്ങളോടെന്ന പോലെ സ്‌കൂളിലും സ്ഥിരം വികൃതി കാണിച്ചും അടികൂടിയും നടന്നിരുന്ന നിതുവിനെ അച്ഛനാണ് ബോക്‌സിങ് ക്ലാസില്‍ ചേര്‍ത്തത്. അടികൂടി 'പാഴാക്കുന്ന' ഊര്‍ജം നല്ല രീതിയില്‍ ഉപയോഗിക്കാനാണ് ബോക്‌സിങ്ങിന് ചേര്‍ത്തത് എന്നായിരുന്നു അതിനെക്കുറിച്ച് ജയ് ഭഗവാന്‍ ഒരിക്കല്‍ പറഞ്ഞത്. അങ്ങനെ 12 വയസ്സുമുതല്‍ നിതു ബോക്‌സിങ് പരിശീലനം ആരംഭിച്ചു.
Content Highlights: Boxer Nitu Ghanghas’ father took loans and sold his car for her training world boxing championship