ഇന്ത്യൻ ടീം പരിക്കിൽ കുരുങ്ങിയിട്ടും ഷമിയോടുള്ള അവഗണന തുടരുന്നു; പ്രതീക്ഷ കൈവിടരുതെന്ന് സഹീർ ഖാൻ

സഹീര്‍ ഖാന്‍/ മുഹമ്മദ് ഷമി | Photo: PTI
സഹീര്‍ ഖാന്‍/ മുഹമ്മദ് ഷമി | Photo: PTI

മുംബൈ: ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ പരിക്കിന്റെ പിടിയിലായിട്ടും സീനിയർ പേസ് ബൗളർ മുഹമ്മദ് ഷമിയെ തുടർച്ചയായി അവഗണിക്കുന്ന ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റിക്കെതിരെ മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ടീം മാനേജ്‌മെന്റിന്റെ ചിന്തകൾ വ്യത്യസ്തമാകാമെന്നും ഒരു കളിക്കാരൻ എന്ന നിലയിൽ ഷമിയുടെ സമീപനമാണ് പ്രധാനമെന്നും സഹീർ ഖാൻ പറഞ്ഞു. സെലക്ടർമാർ പുറത്തുനിർത്തിയാലും ഷമി പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'തുടർച്ചയായി കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുക എന്നതാണ് ഒരു കളിക്കാരന് ചെയ്യാൻ പറ്റുന്ന കാര്യം. ടീം മാനേജ്‌മെന്റിന്റെ ചിന്തകൾ വ്യത്യസ്തമാകാം. പക്ഷേ ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങളുടെ സമീപനമാണ് പ്രധാനം. രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മത്സരങ്ങൾ തുടർച്ചയായി കളിക്കുക. ഷമി ഇപ്പോൾ ചെയ്യുന്നത് തുടരണം. പ്രതീക്ഷ കൈവിടരുത്.'-സഹീർ വ്യക്തമാക്കി.

ഇന്ത്യൻ താരങ്ങൾക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിനെ കുറിച്ചും സഹീർ ഖാൻ പ്രതികരിച്ചു. ജോലിഭാരം ക്രമീകരിക്കുകയും കളിക്കാരുടെ പരിക്കുകളുടെ യഥാർഥ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടതെന്നും സഹീർ വ്യക്തമാക്കി. പരിക്കുകൾ കളിക്കാരുടെ കരിയറിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Ajit Agarkar-led selection committee currently overlooks veteran pacer Mohammed Shami., India is planning for the 2027 ODI World Cup and managing injuries like Jasprit Bumrah's., Zaheer Khan advises Shami to focus on playing matches and performing well regardless of team priorities., Zaheer views player injuries as a natural part of the game that requires careful workload management.