പീഡനക്കേസിൽ ആരോപണവിധേയൻ, യാഷ് ദയാൽ പുറത്ത്; ഈ സീസണിൽ ആർസിബിക്കായി കളിക്കില്ലെന്ന് ഫ്രാ‍ഞ്ചൈസി

#സ്പോർട്സ് ഡെസ്ക്
Photo: AFP
Photo: AFP

ബെംഗളൂരു: ഇടംകൈയ്യൻ പേസർ യാഷ് ദയാൽ ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളിക്കില്ല. ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് ബോബറ്റാണ് ഇക്കാര്യം അറിയിച്ചത്. ടീമിന്റെ പരിശീലനങ്ങളിൽ താരത്തിന്റെ അസാന്നിധ്യം വലിയ തോതിൽ ചർച്ചയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യാഷ് ദയാലിനെതിരേ കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഫ്രാഞ്ചൈസിയുടെ തീരുമാനമെന്നാണ് വിവരം.

യാഷ് ടീമിനൊപ്പം ചേരില്ലെന്ന് സ്ഥിരീകരിക്കുകയാണ്. നിങ്ങൾക്ക് അറിയാവുന്നതുപോലെ, അദ്ദേഹം നിലവിൽ ഒരു വ്യക്തിപരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഇതുവരെ ഞങ്ങൾ യാഷിന് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. കളിക്കാരെ നിലനിർത്താനോ വിട്ടയക്കാനോ ഉള്ള അവസരം ഉണ്ടായിരുന്നിട്ടും ഞങ്ങൾ അദ്ദേഹത്തെ നിലനിർത്തിയെന്നത് തന്നെ ഇതിന് തെളിവാണ്. - ബോബറ്റ് പറഞ്ഞു

ഞങ്ങൾ അദ്ദേഹവുമായി പതിവായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ന് രാവിലെയും ഞാൻ സംസാരിച്ചു, പക്ഷേ ഈ ഘട്ടത്തിൽ ഞങ്ങളോടൊപ്പം ചേരുന്നത് അദ്ദേഹത്തിന്റെയോ ഫ്രാഞ്ചൈസിയുടെയോ താത്പര്യങ്ങൾക്ക് ഉചിതമല്ല. അദ്ദേഹത്തിന് ഞങ്ങളുടെ പിന്തുണയുണ്ട്, അദ്ദേഹം കരാറിലാണ്, അദ്ദേഹത്തിന്റെ വ്യക്തിപരമായ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കും" - ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് കൂട്ടിച്ചേർത്തു.

യുവതിയുടെ പരാതിയിൽ യാഷ് ദയാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ഭാരതീയ ന്യായ സംഹിതയിലെ 69-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതിപരിഹാര പോർട്ടലിലാണ് യുവതി പരാതിനൽകിയത്. യാഷ് ദയാലുമായി അഞ്ചു വർഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാൾ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇയാൾ പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ, വീഡിയോ കോൾ രേഖകൾ, ഫോട്ടോകൾ എന്നിവ തെളിവായി തന്റെ പക്കലുണ്ടെന്നും പരാതിയിലുണ്ട്.

പരാതിയിൽ കേസെടുത്തതിന് പിന്നാലെ യുവതിക്കെതിരേ ആരോപണങ്ങളുമായി യാഷ് ദയാലു രംഗത്തെത്തിയിരുന്നു. യുവതി തന്റെ ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങൾ കടംവാങ്ങി തിരിച്ചുതന്നില്ലെന്നും യാഷ് ദയാൽ പറഞ്ഞു. പ്രയാഗ് രാജ് പോലീസിൽ താരം പരാതി നൽകുകയും ചെയ്തിരുന്നു. 2021-ൽ ഇൻസ്റ്റഗ്രാം വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്നാണ് യാഷ് ദയാൽ പോലീസിനോട് പറഞ്ഞത്. പരിചയപ്പെട്ടതിന് പിന്നാലെ യുവതി ലക്ഷങ്ങൾ കടം വാങ്ങിയതായി പരാതിയിൽ പറയുന്നു. യുവതിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്കായാണ് പണം നൽകിയത്. പണം തിരിച്ചുതരുമെന്ന് പറഞ്ഞതായും എന്നാൽ നാളിതുവരെയായി പൈസ തന്നിട്ടില്ലെന്നും താരം പറയുന്നു. ഷോപ്പിങ്ങിനായി നിരന്തരം പണം കടംവാങ്ങിയെന്നും യാഷ് ദയാൽ ആരോപിക്കുന്നു. ഇതിനെല്ലാം തെളിവുകൾ കൈവശമുണ്ടെന്നുമാണ് താരം പറയുന്നത്.

Content Highlights: Yash Dayal confirmed out for IPL 2026 season, Absence attributed to personal situation, Official confirmation provided by RCB Director of Cricket Mo Bobat, Player remains under contract with the franchise