സിംബാബ്‌വെ പരമ്പരയിലെ 'പ്ലെയർ ഓഫ് ദി സീരീസ്'; വൈഭവ് എന്തുകൊണ്ട് അഫ്ഗാനെതിരേ ഇറങ്ങിയില്ല?

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വൈഭവ് സൂര്യവംശിയെ കൂടാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. സിംബാബ്വെയ്ക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയിൽ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 151 റൺസോടെ ടോപ്പ് സ്‌കോററാവുകയും 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടുകയും ചെയ്ത താരമാണ് വൈഭവ്. താരത്തെ ഈ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നത് ശ്രദ്ധേയമായി.
അഭിഷേക് ശർമ, മലയാളിതാരം സഞ്ജു സാംസൺ, കൗമാരവിസ്മയം വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ എന്നിവരാണ് ടീമിലെ ഓപ്പണർമാർ. സിംബാബ് വെക്കെതിരായ പരമ്പരയിൽ അഭിഷേക് ശർമയും സൂര്യവംശിയുമാണ് ഓപ്പൺ ചെയ്തത്. സഞ്ജു സാംസൺ ടീമിലുണ്ടായിരുന്നില്ല. പരമ്പരയിൽ മിന്നും പ്രകടനവുമായി 15-കാരൻ സൂര്യവംശി താരമായിരുന്നു. എന്നാൽ, അഭിഷേക് മോശം ഫോമിലായിരുന്നു.
വൈഭവിനെ ഒഴിവാക്കിയതിന് ടോസിനിടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമായ കാരണം നൽകിയില്ലെങ്കിലും, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരെ തിരഞ്ഞെടുത്തതിലൂടെ അനുഭവ സമ്പത്തിന് മുൻഗണന നൽകാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിട്ടതെന്നു വേണം മനസിലാക്കാൻ. വൈഭവിന് മുന്നിൽ ഇനിയും ഏറെ പ്രായവും സമയവും ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ ഈ തീരുമാനത്തെ പിന്തുണച്ചു.
അഫ്ഗാനെതിരേ ആദ്യമത്സരത്തിൽ ഓപ്പണർമാരുടെ കാര്യത്തിൽ ആരാധകർക്ക് ആകാംക്ഷയുണ്ടായിരുന്നു. അഭിഷേക്- സൂര്യവംശി സഖ്യം തുടരുമോ അതോ സഞ്ജുവിന് അവസരം ലഭിക്കുമോയെന്നതായിരുന്നു ചർച്ച. ഓപ്പണർമാരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടേറിയതാണെന്നും ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ നേരത്തേ പറഞ്ഞിരുന്നു. ഓപ്പണിങ്ങിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ബാറ്ററോട് താനും കോച്ച് ഗൗതം ഗംഭീറും സംസാരിക്കുമെന്നും അയ്യർ വ്യക്തമാക്കി.
Content Highlights: Vaibhav Suryavanshi was the Player of the Series against Zimbabwe with 151 runs., He was surprisingly left out of the playing XI for the first T20 match against Afghanistan., Captain Shreyas Iyer and team management prioritized experienced players like Sanju Samson and Ishan Kishan., Former captain Sunil Gavaskar supported the decision, noting Vaibhav has plenty of time ahead.