ഋഷഭ് പന്ത് ഇന്ത്യന്‍ ട്വന്റി 20 ടീമിലെ അവിഭാജ്യ ഘടകമല്ലെന്ന് വസീം ജാഫര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ഋഷഭ് പന്തിന്റെ ട്വന്റി 20 ക്രിക്കറ്റിലെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ടെസ്റ്റിലെ പ്രകടനം നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ആവര്‍ത്തിക്കാന്‍ പന്തിനായിട്ടില്ലെന്ന് പറഞ്ഞ ജാഫര്‍ ഇനി ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ മുന്നോട്ടുള്ള പോക്കില്‍ പന്ത് ഒരു അവിഭാജ്യ ഘടകമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാഫറിന്റെ പ്രതികരണം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് പന്താണ്. ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന കെ.എല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് പന്തിനെ സെലക്ടര്‍മാര്‍ നായകസ്ഥാനമേല്‍പ്പിച്ചത്.
കെ.എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ പന്തിന് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കില്ലെന്നും ജാഫര്‍ പറഞ്ഞു.
''നിങ്ങള്‍ക്കിപ്പോള്‍ കെ.എല്‍ രാഹുലുണ്ട്. അദ്ദേഹം വിക്കറ്റ് കീപ്പറാണ്. ടീമില്‍ സ്ഥാനമുറപ്പുള്ള ദിനേഷ് കാര്‍ത്തിക്കും വിക്കറ്റ് കീപ്പര്‍ തന്നെ. രാഹുല്‍ തിരിച്ചെത്തുമ്പോള്‍ അടുത്ത കാലത്തായി കളിച്ച രീതിയനുസരിച്ച് ഞാനൊരുക്കലും ഋഷഭ് പന്ത് ടീമിലെ അവിഭാജ്യ ഘടകമാണെന്ന് പറയില്ല. പന്ത് ഇനിയും റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടതുണ്ട്. അതും സ്ഥിരതയോടെ. അദ്ദേഹം അങ്ങനെ ഐപിഎല്ലിലും ചെയ്തിട്ടില്ല, ഏതാനും ട്വന്റി 20 മത്സരങ്ങളിലും ചെയ്തിട്ടില്ല. ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്, ടെസ്റ്റിലും ഏതാനും ഏകദിനങ്ങളിലും കളിച്ചപോലൊരു ഇന്നിങ്‌സ് പന്ത് ട്വന്റി 20-യില്‍ കളിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ മുന്നോട്ടുള്ള പോക്കില്‍ പന്ത് ഒരു അനിവാര്യതയാണെന്ന് ഞാന്‍ പറയില്ല.'' - ജാഫര്‍ വ്യക്തമാക്കി.
ടെസ്റ്റില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ പലപ്പോഴും കാഴ്ചവെച്ചിട്ടുള്ള പന്തിന് ഇന്ത്യയ്ക്കായി 46 ട്വന്റി 20-യില്‍ നിന്ന് നേടാനായത് വെറും 723 റണ്‍സ് മാത്രമാണ്. ശരാശരിയാണെങ്കില്‍ 24-ന് അടുത്ത് മാത്രവും. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചിട്ടുള്ളത്.
Content Highlights: Wasim Jaffer says Rishabh Pant is not a certainty in the Indian t20 team