ഐ.സി.സിയുടെ ജൂണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഹസരംഗ

Photo: twitter.com/OfficialSLC
Photo: twitter.com/OfficialSLC

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ 2023 ജൂണ്‍ മാസത്തിലെ ഏറ്റവും മികച്ച പുരുഷതാരമായി ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ. ലോകകപ്പ് യോഗ്യതാമത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനമാണ് ഹസരംഗയ്ക്ക് തുണയായത്. 

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, സിംബാബ്‌വെയുടെ ഷോണ്‍ വില്യംസ് എന്നിവരെ മറികടന്നാണ് ഹസരംഗ പുരസ്‌കാരം സ്വന്തമാക്കിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളാണ് ഹസരംഗ വീഴ്ത്തിയത്. ഹസരംഗയുടെ മികവില്‍ ശ്രീലങ്ക ലോകകപ്പ് യോഗ്യതാ റൗണ്ട് കിരീടം സ്വന്തമാക്കിയിരുന്നു. 

യോഗ്യതാമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും ഹസരംഗയാണ്. 25 കാരനായ ഹസരംഗ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ ലോകറെക്കോഡ് സ്ഥാപിച്ചിരുന്നു. തുടര്‍ച്ചയായി മൂന്ന് ഏകദിന മത്സരങ്ങളില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരം എന്ന റെക്കോഡാണ് ഹസരംഗ സ്വന്തമാക്കിയത്. പാകിസ്താന്റെ വഖാര്‍ യൂനിസാണ് ഈ റെക്കോഡ് സ്ഥാപിച്ചത്. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും ഹസരംഗ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറായ ആഷ് ഗാര്‍ഡനര്‍ സ്വന്തമാക്കി. ടാമി ബ്യൂമൗണ്ട്, ഹെയ്‌ലി മാത്യൂസ് എന്നിവരെ മറികടന്നാണ് ആഷ് പുരസ്‌കാരം നേടിയത്. ഇതിനുമുന്‍പ് രണ്ട് തവണ ഈ പുരസ്‌കാരം നേടാന്‍ ആഷിന് സാധിച്ചിട്ടുണ്ട്. 

Content Highlights: wanindu hasaranga win icc player of the month 2023