റെക്കോഡുകൾ തകർത്തെറിഞ്ഞ പോരാട്ടം; തോറ്റെങ്കിലും തലയുയർത്തി കോലി

#സ്പോർട്സ് ഡെസ്ക്
വിരാട് കോലി | PTI
വിരാട് കോലി | PTI

ഇന്ദോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ തോറ്റെങ്കിലും തലയുയർത്തിയാണ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി മടങ്ങിയത്. കിവീസ് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ കോലിയാണ് ഇന്ത്യൻ ഇന്നിങ്‌സിൽ പൊരുതിനിന്നത്. മുൻ നിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയപ്പോൾ നിലയുറപ്പിച്ച് ബാറ്റേന്തിയ കോലി 108 പന്തിൽ നിന്ന് 124 റൺസെടുത്താണ് മടങ്ങിയത്. ഇന്നിങ്‌സിൽ ഒട്ടേറെ റെക്കോഡുകളും താരം സ്വന്തംപേരിലാക്കി.

സെഞ്ചുറിയോടെ കിവീസിനെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്ററായി കോലി മാറി. ന്യൂസിലൻഡിനെതിരേ 10 സെഞ്ചുറികളാണ് കോലിക്കുള്ളത്. ഏകദിനത്തിലെ ഏഴാം സെഞ്ചുറിയുമാണിത്. 9 സെഞ്ചുറികളുള്ള മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക് കാലിസ്, ഇംഗ്ലണ്ട് താരം ജോ റൂട്ട്, സച്ചിൻ തെണ്ടുൽക്കർ എന്നിവരെയാണ് കോലി മറികടന്നത്. ഏകദിനക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിനെയാണ് താരം മറികടന്നത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ വേദികളിൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിലും കോലിയെത്തി. ഇന്ദോറിലെ സെഞ്ചുറിയോടെ 35 വേദികളിലാണ് കോലി മൂന്നക്കം തൊട്ടത്. 34 വേദികളിൽ സെഞ്ചുറി നേടിയ സച്ചിനെയാണ് കോലി പിന്നിലാക്കിയത്. ഏകദിനത്തിൽ 37 ഇന്നിങ്‌സിലാണ് താരം 300 റൺസിലധികം ചേസ് ചെയ്യാനിറങ്ങിയത്. അതിൽ 2131 റൺസും നേടി. 10 സെഞ്ചുറികളും ഒൻപത് അർധസെഞ്ചുറികളുമുണ്ട്.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ രണ്ട് ഓപ്പണർമാരും ചെറിയ സ്കോറിൽ പുറത്തായശേഷം, നിതീഷ് കുമാർ റെഡ്ഡി (57 പന്തിൽ 53), ഹർഷിത് റാണ (43 പന്തിൽ 52) എന്നിവരെ കൂട്ടുപിടിച്ച് വിരാട് കോലി (124) നടത്തിയ തിരിച്ചടി വിജയത്തിനരികിലെത്തിയിരുന്നു. കോലിയും ഹർഷിതും ക്രീസിൽ നിൽക്കേ, ഇന്ത്യയ്ക്ക് ജയിക്കാൻ അവസാന ഏഴ് ഓവറിൽ 68 റൺസ് മതിയായിരുന്നു. 44-ാം ഓവറിൽ സാക് ഫോക്സിന്റെ പന്തിൽ ഹർഷിതിനെ ഹെൻറി നിക്കോൾസ് ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതോടെ കളി മാറി. കോലി-റാണ സഖ്യം ഏഴാം വിക്കറ്റിൽ 99 റൺസ് ചേർത്തു. തൊട്ടടുത്ത പന്തിൽ മുഹമ്മദ് സിറാജും (0) ഔട്ട്. ഇതോടെ, കോലിക്ക് സമ്മർദമേറി.

ക്രിസ്റ്റ്യൻ ക്ലാർക്ക് എറിഞ്ഞ 46-ാം ഓവറിലെ ആദ്യ രണ്ടു പന്ത് ഫോറടിച്ചശേഷം കോലി ഡാരിൽ മിച്ചലിന് ക്യാച്ച് നൽകിയതോടെ തോൽവി ഉറപ്പിച്ചു. ആ ഓവറിലെ അവസാന പന്തിൽ കുൽദീപ് യാദവ് (5) റണ്ണൗട്ടായി. 108 പന്തിൽ 10 ഫോറും മൂന്നു സിക്സും ഉൾപ്പെടെയാണ് കോലി 124 റൺസിലെത്തിയത്. ഏകദിനത്തിൽ താരത്തിന്റെ 54-ാം സെഞ്ചുറിയും കഴിഞ്ഞ ആറ് ഇന്നിങ്സിൽ മൂന്നാം സെഞ്ചുറിയുമാണിത്. ഹർഷിത് റാണ നാലു ഫോറും നാലു സിക്സും നേടി.

രോഹിത് ശർമ (11), ശുഭ്മൻ ഗിൽ (23) എന്നിവർ തുടക്കത്തിലേ മടങ്ങി. ശ്രേയസ് അയ്യർ (3), കെ.എൽ. രാഹുൽ (1) എന്നിവരും മടങ്ങിയതോടെ നാലിന് 71 എന്നനിലയിൽനിന്നാണ് കോലി രണ്ടു പുതുമുഖങ്ങളെ കൂട്ടുപിടിച്ച് തിരിച്ചടിച്ചത്. കിവീസിനുവേണ്ടി സാക് ഫോക്സ്, ക്രിസ്റ്റ്യൻ ക്ലാർക്ക് എന്നിവർ മൂന്നുവീതം വിക്കറ്റ് നേടി. ആദ്യമത്സരം തോറ്റശേഷം രണ്ടും ജയിച്ചാണ്‌ കിവീസ്‌ പരമ്പര പിടിച്ചത്‌.

Content Highlights: kohli record india vs newzealand third odi match