ഹെഡുമായി കോർത്ത് കോലി; വാക്കേറ്റം, മത്സര ശേഷം പാടേ അവഗണിച്ച് ഹസ്തദാനം ഒഴിവാക്കി | Video

ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദ് - റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനിടെ കൊമ്പുകോർത്ത് വിരാട് കോലിയും ട്രാവിസ് ഹെഡും. കളിക്കിടെ തന്നെ ഇരുവരും തമ്മിലുണ്ടായ പ്രശ്‌നം മത്സര ശേഷം ഹസ്തദാനത്തിലും പ്രതിഫലിച്ചു.
മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 55 റൺസിന് വിജയിച്ചതിന് ശേഷമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മത്സരശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ കോലി, ട്രാവിസ് ഹെഡിനെ പൂർണമായും അവഗണിച്ച് കടന്നുപോകുകയായിരുന്നു. ഹെഡ് ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും കോലി താരത്തെ ശ്രദ്ധിക്കുക പോലും ചെയ്യാതെ നടന്നുനീങ്ങുകയായിരുന്നു. അതേസമയം, ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് കോലി ഹാൻഡ്ഷെയ്ക്ക് നൽകുകയും ചെയ്തു.
മത്സരത്തിനിടെയുണ്ടായ ചില സംഭവങ്ങളാണ് കോലിയെ പ്രകോപിപ്പിച്ചത്. ആർസിബി ഇന്നിങ്‌സിനിടെ കോലി, ഹെഡിനെ സ്ലെഡ്ജ് ചെയ്തിരുന്നു. ഹെഡ് ഈ സീസണിൽ പലപ്പോഴും 'ഇംപാക്ട് പ്ലെയർ' ആയി വരുന്നതിനെ പരിഹസിച്ച കോലി, തനിക്ക് കുറച്ച് പന്തുകൾ എറിയാൻ ഹെഡിനെ വെല്ലുവിളിക്കുകയും ചെയ്തു.
എന്നാൽ മത്സരത്തിൽ 11 പന്തിൽ 15 റൺസ് മാത്രമെടുത്ത് കോലി പുറത്തായി. തിരിച്ചടിക്കാൻ ഒരു അവസരം നോക്കിയിരുന്ന ഹെഡ്, കോലി പുറത്തായ ഉടനെ 'ഞാൻ ബൗൾ ചെയ്യാൻ വരുന്നതിന് മുൻപേ നിങ്ങൾ ഔട്ടായല്ലോ സുഹൃത്തേ' എന്ന് പരിഹസിച്ചു. ഇതാണ് കോലിയെ കൂടുതൽ ചൊടിപ്പിച്ചത്. കോലി ഇതിന് പകരം വീട്ടിയത് മത്സര ശേഷം ഇരു ടീമുകളും ഹസ്തദാനം ചെയ്യാനെത്തിയപ്പോഴായിരുന്നു. ഈ സമയം ഹെഡിനെ പൂർണമായും അവഗണിക്കുകയായിരുന്നു കോലി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോലിക്കെതിരേ വലിയ വിമർശനമുയരുന്നുണ്ട്. കളിക്കിടെ ഇത്തരത്തിലുള്ളതെല്ലാം സ്വാഭാവികമാണെന്നും എന്നാൽ അതിനെ കളത്തിനു പുറത്തേക്കും നീട്ടരുതെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഈ സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി. മത്സരത്തിനിടയിലെ ആവേശം സ്വാഭാവികമാണെന്നും എന്നാൽ മത്സരശേഷം ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Heated exchange between Virat Kohli and Travis Head during the SRH vs RCB match., Kohli ignored Head during the post-match handshake ceremony., The conflict originated from on-field sledging regarding Kohli's early dismissal., Social media and experts like Irfan Pathan criticized the lack of sportsmanship.