'അറിയില്ല, അയാള്‍ വലിയ താരമാണോ?'; കോലിയെ തിരിച്ചറിയാനാകാതെ ഇബ്രാഹിമോവിച്ച്

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കോലി. ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 270 മില്ല്യണ്‍ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. ലോകക്രിക്കറ്റിലെ നിരവധി റെക്കോഡുകളും താരത്തിന്റെ പേരിലുണ്ട്. ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കോലി വിരമിക്കുകയും ചെയ്തു. ലോകക്രിക്കറ്റില്‍ തിളങ്ങിനില്‍ക്കുകയാണ് താരം. എന്നാല്‍ കോലിയെ മുന്‍ സ്വീഡിഷ് ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അമേരിക്കന്‍ യൂട്യൂബര്‍ ഐഷോ സ്പീഡ് ഇബ്രയുമായി നടത്തിയ അഭിമുഖപരിപാടിക്കിടെയാണ് ഇബ്രയ്ക്ക് കോലിയെ തിരിച്ചറിയാനാവാതെ വന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
'ഐഷോ സ്പീഡ്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഡാരന്‍ ജേസണ്‍ വാട്കിന്‍സ് ജൂനിയര്‍ എന്ന യൂട്യൂബറാണ് ഇബ്രയോട് കോലിയെ അറിയുമോ എന്ന കാര്യം ചോദിച്ചത്. ഉടനെ തന്നെ തനിക്കറിയില്ല എന്ന മറുപടി സ്വീഡിഷ് ഇതിഹാസം നല്‍കി. തുടര്‍ന്ന് ഫോട്ടോ കാണിച്ചെങ്കിലും ഇബ്രയ്ക്ക് താരത്തെ തിരിച്ചറിയാനായില്ല. ഇതിന് മുമ്പ് കോലിയെ കണ്ടിട്ടില്ലേ എന്ന ചോദ്യത്തിന് ജീവിതത്തില്‍ ക്രിക്കറ്റ് കണ്ടിട്ടേയില്ലെന്ന് ഇബ്ര മറുപടി നല്‍കി. ഇതില്‍ അനാദരവൊന്നുമില്ലെന്നും കോലിയെ അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അയാള്‍ വലിയ താരമാണോ എന്ന് ഇബ്രയുടെ ചോദ്യത്തിന് കോലി ക്രിക്കറ്റിലെ 'ഗോട്ടാ'ണെന്ന് സ്പീഡ് പ്രതികരിച്ചു. ക്രിക്കറ്റ് സ്വീഡനിലെ പ്രധാന കായിക ഇനമല്ല. ഐ.സി.സി ടി20 റാങ്കിങ്ങില്‍ രാജ്യത്തിന് 55-ാം റാങ്ക് മാത്രമാണുള്ളത്.
Content Highlights: Virat Kohli Not Recognized By Zlatan Ibrahimovic ishow speed youtube video