വിജയങ്ങളോടും റണ്ണുകളോടും ഒരാൾക്ക് ഇത്ര ആർത്തി പാടുണ്ടോ?

മനുഷ്യന് ഇത്ര ആർത്തി പാടില്ലെന്നാണ് നമ്മൾ പൊതുവെ പറയാറ്. എന്നാൽ വിരാട് കോലിയെ വിരാട് കോലിയാക്കുന്നത് ഈ ആർത്തിയാണ്. റണ്ണുകളോടും വിജയങ്ങളോടുമുള്ള ആർത്തി. ആ ആർത്തിയാണ് ഓരോ ദിവസവും ആ വില്ലോത്തടി കൈയിലെടുക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഐപിഎൽ ഫൈനലിൽ ഒരറ്റത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ആർസിബി ആരാധകരുടെ ആവേശം ഒട്ടും കുറയാതിരുന്നത് അയാൾ ക്രീസിലുണ്ടെന്ന ആത്മവിശ്വാസം കാരണമായിരുന്നു. ഒടുവിൽ 18-ാം ഓവറിൽ അർഷദ് ഖാനെ തുടർച്ചയായി ഫോറും സിക്‌സുമടിച്ച് ആർസിബിയെ തുടർച്ചയായ രണ്ടാം കിരീട നേട്ടത്തിലേക്ക് നയിക്കുമ്പോൾ 42 പന്തിൽ നിന്ന് 75* റൺസുമായി ഒരാൾക്കും കീഴ്‌പ്പെടുത്താനാകാതെ അയാൾ ആ 22 വാരയ്ക്കിടയിൽ അജയ്യനായി നിന്നു.
ചേസിങ് മാസ്റ്റർ എന്ന പേര് ക്രിക്കറ്റ് ലോകം അങ്ങനെ ചുമ്മാതങ്ങ് അയാൾക്ക് ചാർത്തിക്കൊടുത്തതല്ല. മുന്നിലെ വിജയലക്ഷ്യം എത്ര തന്നെയാണെങ്കിലും ഒരു മാത്തമാറ്റീഷ്യന്റെ കൃത്യതയോടെ അയാൾ ഓരോ റണ്ണും ബൗണ്ടറികളും കണക്കുകൂട്ടി മുന്നോട്ടു പോകും. എന്ത് എപ്പോൾ എങ്ങനെ ആർക്കെതിരേ പ്രവർത്തിക്കണമെന്ന് കോലിയോട് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
ഫൈനൽ മത്സരം തന്നെ നോക്കൂ. പേശീവലിവ് കാരണം വെങ്കടേഷ് അയ്യർ കഷ്ടപ്പെട്ടപ്പോൾ പവർപ്ലേയിൽ റൺസടിച്ചുകൂട്ടാൻ അയാൾ തന്നെ മുന്നിട്ടിറങ്ങി. വെങ്കടേഷും പടിക്കലും പടിദാറും ക്രുണാലുമെല്ലാം പെട്ടെന്ന് മടങ്ങിയപ്പോഴാണ് കോലി റിസ്‌ക് എടുക്കുന്നത് കുറച്ചത്. എന്നിട്ടും 25 പന്തിൽ നിന്ന് അയാൾ 50 തികച്ചു. ഐപിഎൽ കരിയറിൽ അദ്ദേഹത്തിന്റെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി. 156 റൺസെന്ന വിജയലക്ഷ്യം നിലവിലെ സാഹചര്യത്തിൽ ചേസ് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. എന്നാൽ ഫൈനലിലെ സമ്മർദത്തിൽ ബാറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമാകണമെന്നില്ല. ഗുജറാത്ത് നിരയിൽ സായ് സുദർശനും ഗില്ലിനുമെല്ലാം സംഭവിച്ചതും ഈ സമ്മർദം മറികടക്കാൻ സാധിച്ചില്ല എന്നതാണ്.
ഇവിടെ ആർസിബിയും ഒരു ഘട്ടത്തിൽ ഇത്തരമൊരു തകർച്ച മുന്നിൽ കണ്ടതാണ്. വിക്കറ്റ് നഷ്ടമില്ലാതെ 62 റൺസെന്ന നിലയിലായിരുന്ന ടീം പെട്ടെന്ന് നാലിന് 91 റൺസിലേക്ക് വീണു. എന്നാൽ ആരാധകർക്ക് അപ്പോഴും യാതൊരു പേടിയും ഇല്ലായിരുന്നു. കോലി ക്രീസിലുള്ളപ്പോൾ അതും ഒരു റൺചേസിൽ ഇത്ര പേടിക്കാൻ എന്തിരിക്കുന്നു. ഓരോ റണ്ണും തികഞ്ഞ ആർത്തിയോടെ അയാൾ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു.
ഇതിനിടെ 63 റൺസെടുത്ത് ടീമിനെ വിജയത്തിന് അടുത്തെത്തിച്ച ഘട്ടത്തിലാണ് ഗില്ലിന്റെ ക്യാച്ച്. രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പയർ ഔട്ട് വിളിച്ചപ്പോൾ ആരും അതിനൊരു എതിർവാദം ഉയർത്താൻ ഉണ്ടായിരുന്നില്ല. എന്നാൽ കോലി വാദിച്ചു അത് ഔട്ടല്ലെന്ന്. സംശയം ദാ ഇപ്പോൾ തീർത്തുതരാമെന്ന് മനസിൽ പറഞ്ഞായിരിക്കണം ഫീൽഡ് അമ്പയർ ഈ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടത്. റീപ്ലേകൾ കണ്ടപ്പോൾ ഗുജറാത്ത് ടൈറ്റൻസ് പോലും ഞെട്ടിയിരിക്കണം. ഗില്ലിന്റെ വിരലുകൾക്കിടയിലൂടെ പന്ത് മൈതാനപ്പുല്ലുകളെ തൊട്ടിരുന്നു.
അവസാനം വരെ ക്രീസിലുണ്ടാകണമെന്ന അയാളുടെ അതിയായ ആഗ്രഹമായിരുന്നു അതിനു പിന്നിലെന്ന് കമന്റേറ്റർമാർ ഇതിനിടെ പറയുന്നുണ്ടായിരുന്നു. വ്യക്തിഗത നേട്ടങ്ങൾ ഓരോന്നോരോന്നായി വാരിക്കൂട്ടുമ്പോഴും കിരീട നേട്ടങ്ങൾ പലപ്പോഴും അയാൾക്ക് അന്യമായിരുന്നു. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും മികച്ച സ്‌ട്രൈക്ക് റേറ്റ് ഇല്ലെന്ന പള്ളുപറച്ചിലുകളുമെല്ലാം ഇക്കാലത്തിനിടയ്ക്ക് അയാൾ കേട്ടിട്ടുണ്ട്. എന്നാൽ 2022-ലെ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ 53 പന്തിലെ 82 റൺസും 2016 ടി20 ലോകകപ്പ് ക്വാർട്ടറിൽ ഓസ്‌ട്രേലിയക്കെതിരേ നേടിയ 51 പന്തിലെ 82 റൺസുമെല്ലാം ഒരുപക്ഷേ വിരാട് കോലിക്ക് മാത്രം സാധ്യമായ ഒന്നാണെന്ന് പലരും തിരിച്ചറിയുന്നില്ല.
വിജയലക്ഷ്യം പിന്തുടരുമ്പോൾ നിങ്ങൾ ക്രീസിൽ കാണുന്നത് തീർത്തും വ്യത്യസ്തനായ ഒരു കോലിയെയാകും. എപ്പോഴാണ് ബൗണ്ടറികൾ ആവശ്യമുള്ളതെന്നും ഏത് ബൗളറെയാണ് ആക്രമിക്കേണ്ടതെന്നും ആരെയാണ് ശ്രദ്ധയോടെ നേരിടേണ്ടതെന്നുമെല്ലാമുള്ള കണക്കുകൂട്ടലിലായിരിക്കും അയാൾ. 37 വർഷവും 207 ദിവസവും പ്രായമുള്ളപ്പോഴാണ് അയാൾ ഇന്നലെ ഒരു ഐപിഎൽ ഫൈനലിലെ താരമായത്. ഐപിഎൽ ഫൈനലിൽ മാൻ ഓഫ് ദ മാച്ചാകുന്ന രണ്ടാമത്തെ പ്രായം കൂടിയ താരം. ഇത്തവണ 16 മത്സരങ്ങളിൽ നിന്ന് 56.25 ശരാശരിയിൽ 675 റൺസടിച്ചുകൂട്ടിയിട്ടുണ്ട് കോലി. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയുമടക്കമാണിത്. വൈഭവ് സൂര്യവംശിക്കും ഗില്ലിനും സായ് സുദർശനും പിന്നിൽ ഇത്തവണത്തെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്തുണ്ട് വരുന്ന നവംബറിൽ 38 തികയുന്ന കോലി. യൂത്തൻമാർക്കിടയിലെ ബിഗ് ബ്രോ.
തന്റെ പ്രതിഭയ്ക്കും കഠിനാധ്വാനത്തിനുമൊപ്പം ക്രിക്കറ്റിനോട്, റൺസിനോട്, ടീമിനോടുള്ള ആ ആവേശമാണ് കോലിയെ ഇന്നും പുതുതലമുറയ്‌ക്കൊപ്പം മത്സരിക്കാൻ പ്രാപ്തനാക്കുന്നത്.
തുടർച്ചായി 250-ന് അപ്പുറത്തേക്ക് സ്‌കോറുകൾ പോകുമ്പോഴും ബാറ്റർമാർ ഓരോ മത്സരങ്ങളിലും റെക്കോഡുകളിൽ നിന്ന് റെക്കോഡുകളിലേക്ക് കുതിക്കുമ്പോഴും പത്തു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2016 ഐപിഎൽ സീസണിൽ കോലി കുറിച്ചിട്ട റൺമല ഇന്നും മറ്റൊരാൾക്ക് ഭേദിക്കാനാകാതെ അവിടെ ഉയർന്നു നിൽപ്പുണ്ട്. 16 മത്സരങ്ങൾ, 973 റൺസ്, 81.08 ശരാശരി, നാല് സെഞ്ചുറി, ഏഴ് അർധ സെഞ്ചുറി. ബാറ്റർമാരുടെ താണ്ഡവത്തിന് ഓരോ തവണയും ഐപിഎൽ വേദിയാകുമ്പോഴും ഇന്നും റൺവേട്ടയിലെ ബെഞ്ച്മാർക്കായി ആ റെക്കോഡ് അവിടെ നിലകൊള്ളുന്നു.
അതെ റണ്ണുകളോട്, വിജയങ്ങളോട് അയാൾക്കുള്ള ആർത്തി അവസാനിക്കാതിരിക്കട്ടെ. അയാൾ നയിക്കുന്ന ബാറ്റിങ് നിരയെ പ്രതിരോധിക്കുന്നവരോടാണ്, രാജ്യം വീഴണമെങ്കിൽ നിങ്ങൾ ആദ്യം രാജാവിനെ വീഴ്‌ത്തേണ്ടിയിരിക്കുന്നു.
Content Highlights: Virat Kohli secured RCB's second consecutive IPL title in 2026., Scored a match-winning 75* off 42 balls in the IPL 2026 final., Kohli became the second oldest player to win Player of the Match in an IPL final., Maintained a high strike rate and tactical precision during the run chase., Solidified his reputation as the ultimate 'Chase Master' in high-pressure games.