മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരം; ചരിത്രനേട്ടവുമായി കോലി

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AP
Photo: AP

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെ മറ്റൊരു അപൂർവ ചരിത്രനേട്ടം കൂടി തന്റെ പേരിൽ കുറിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 37-കാരനായ കോലി.

മത്സരത്തിന് ഇറങ്ങുമ്പോൾ മൂന്നാം നമ്പറിൽ 13,000 റൺസിലെത്താൻ കോലിക്ക് 12 റൺസ് കൂടി മാത്രമായിരുന്നു ആവശ്യമായിരുന്നത്. ഇന്ത്യൻ ഇന്നിങ്‌സിന്റെ ഏഴാം ഓവറിൽ, താൻ നേരിട്ട 13-ാം പന്തിൽ റൺസ് കുറിച്ചുകൊണ്ട് കോലി ഈ റെക്കോഡിലെത്തി.

കേവലം 251 ഇന്നിങ്‌സുകളിൽ നിന്നാണ് കോലി 13,000 റൺസ് തികച്ചത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ 61.55 എന്ന മികച്ച ശരാശരി കോലിക്കുണ്ട്. ഈ പൊസിഷനിൽ നിന്നുമാത്രം 48 സെഞ്ചുറികളും എഴുപതോളം അർധസെഞ്ചുറികളും അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.

ഏകദിനത്തിൽ ഏതെങ്കിലും ഒരു നിർദിഷ്ട ബാറ്റിങ് പൊസിഷനിൽ 13,000-ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് കോലി. മുമ്പ് സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഒരു പ്രത്യേക ബാറ്റിങ് പൊസിഷനിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. രണ്ടാം നമ്പറിൽ ബാറ്റ് ചെയ്ത് സച്ചിൻ 13,685 റൺസ് നേടിയിട്ടുണ്ട്.

മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് (12,662 റൺസ്, ശരാശരി 42.48) ആണ് കോലിക്കു പിന്നിൽ രണ്ടാമത്. ശ്രീലങ്ക ഇതിഹാസം കുമാർ സംഗക്കാര (9,747 റൺസ്, ശരാശരി 44.71) മൂന്നാം സ്ഥാനത്തുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് (7,774 റൺസ്), ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസൺ (6,504 റൺസ്) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

Content Highlights: Virat Kohli becomes the first player in ODI history to score 13,000 runs at the No. 3 batting position., Achieved the milestone in just 251 innings with an average of 61.55., Includes 48 centuries and around 70 half-centuries at this position., Joins Sachin Tendulkar as the only other player to score 13,000+ runs in a single specific batting position in ODIs.