തമീം ഇഖ്ബാൽ ഇന്ത്യൻ ഏജന്റെന്ന് ബിസിബി അംഗം; വേദി മാറ്റത്തിൽ ബംഗ്ലാദേശിൽ തന്നെ പോര്

ഹരാരെ: ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻ താരം തമീം ഇഖ്ബാൽ. ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന് മുൻപ് കൃത്യമായി ബോർഡിനുള്ളിൽ ചർച്ച ചെയ്യണമെന്നും ഐസിസിയിൽ നിന്ന് 95% സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തമീമിനെതിരേ ബോർഡ് അംഗമായ നജ്മുൾ ഇസ്ലാം രംഗത്തെത്തി. വിഷയത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റിൽ തന്നെ ഭിന്നതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് ബംഗ്ലാദേശിന്റെ ഭാവി താത്പര്യങ്ങൾ പരിഗണിച്ചായിരിക്കണമെന്ന നിർദേശമാണ് തമീം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ബിസിബി ഡയറക്ടർമാരിലൊരാളായ നജ്മുൾ തമീമിനെതിരേ ആഞ്ഞടിച്ചത്. ഒരു ഇന്ത്യൻ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം. വേദി മാറ്റത്തിൽ ഉറച്ചുനിൽക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് രണ്ടുതവണ കത്തയച്ചിട്ടുണ്ട്.
എല്ലാ തീരുമാനവും ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാവണമെന്നാണ് നേരത്തേ തമീം പറഞ്ഞത്. ഞാൻ ബിസിബിയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുകൊണ്ട്, മറ്റേതൊരാളെയും പോലെ മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങൾ അറിയുന്നത്. എന്നാൽ ഈ കാര്യങ്ങളിൽ ഇടപെട്ടിട്ടുള്ളവർക്ക് ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടാകും. അതിനാൽ, വിഷയത്തിൽ പെട്ടെന്നൊരു അഭിപ്രായം പറയുന്നില്ല. എന്നിരുന്നാലും, ഇത്തരം തീരുമാനമെടുക്കുന്നതിനുമുമ്പ് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ താത്പര്യങ്ങൾ, ഭാവി, എന്നിവ പരിഗണിക്കണം. സംഭാഷണങ്ങളിലൂടെ എന്തെങ്കിലും പരിഹരിക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത് . - തമീം ഇഖ്ബാൽ പറഞ്ഞു.
"ഇത് വളരെ ഗൗരവകരമായ വിഷയമാണ്. പൊതുവായി അഭിപ്രായം പറയുന്നതിനുമുമ്പ് ഞങ്ങൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു. കാരണം നിങ്ങൾ ഒരു പൊതു അഭിപ്രായം പറയുമ്പോൾ, അത് ശരിയോ തെറ്റോ ആകട്ടെ, ആ നിലപാടിൽ നിന്ന് പിന്മാറുന്നത് ബുദ്ധിമുട്ടാണ്. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാവിയാണ് എല്ലാത്തിനും മുന്നിൽ. കൂടാതെ 90 മുതൽ 95 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കുന്നത് ഐസിസിയിൽ നിന്നാണ്. അതിനാൽ ബംഗ്ലാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കണം." തമീം പ്രതികരിച്ചു.
ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടരുകയാണ് ബംഗ്ലാദേശ്. ലോകകപ്പിൽ തങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കത്തയച്ചു. നേരത്തേ ഈ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമതും ബോർഡ് കത്തയച്ചത്. തങ്ങൾക്ക് ടൂർണമെന്റ് കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്നാണ് അടുത്തിടെ ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കിയത്. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കളിക്കാരുടെ സുരക്ഷ പ്രധാനമാണെന്ന് ബിസിബി പ്രസിഡന്റ് അമിനുൾ ഇസ്ലാമും പ്രതികരിച്ചു.
Content Highlights: Bangladesh cricketer Tamim Iqbal has been labelled a "proven Indian agent" by a member of the Bangladesh Cricket Board (BCB)