പരസ്യ പ്രതിഫലം കുത്തനെ ഉയർത്തി വൈഭവ്; പതിനഞ്ചുകാരന് പിറകേ കമ്പനികളുടെ ഒഴുക്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ അവാർഡുകൾ വാരിക്കൂട്ടിയതിന് പിന്നാലെ പരസ്യ പ്രതിഫലം വർധിപ്പിച്ച് കൗമാരതാരം വൈഭവ് സൂര്യവംശി. നേരത്തേ വാങ്ങിയ തുകയുടെ ഇരട്ടിയോളം പ്രതിഫലം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ലോകക്രിക്കറ്റിൽ തരംഗം തീർക്കുന്ന ഈ പതിനഞ്ചുകാരന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയരുകയാണ്. പ്രമുഖ കമ്പനികളെല്ലാം വൈഭവിന് പിറകേയാണ്. മാത്രമല്ല, കളിക്കുന്ന ഓരോ ടൂർണമെന്റുകളിലും വിസ്മയിപ്പിക്കുകയാണ് താരം.
ഐപിഎല്ലിൽ ടൂർണമെന്റിലെ താരവും ഓറഞ്ച് ക്യാപ്പും അടക്കം അഞ്ച് അവാർഡുകളാണ് താരം സ്വന്തമാക്കിയത്. ഒട്ടേറെ റെക്കോഡുകളും കൗമാരതാരം സ്വന്തമാക്കി. അതിന് പിന്നാലെയാണ് വൈഭവ് തന്റെ പരസ്യ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തേ ഒരു കോടി രൂപയ്ക്കാണ് താരം പരസ്യ കമ്പനികളുമായി കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ അത് രണ്ട് കോടിയോളമായി വർധിപ്പിച്ചതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. വൈഭവിന്റെ മാതാപിതാക്കളാണ് ഇതുമായി ബന്ധപ്പെട്ടവ കൈകാര്യം ചെയ്യുന്നത്.
ഐപിഎല്ലിന് മുമ്പ്, 1 കോടി രൂപയ്ക്കാണ് വൈഭവ് ചില ബ്രാൻഡുകളുമായി കരാർ ഒപ്പിട്ടിരുന്നത്. കോംപ്ലാൻ, റെഡ് ബുൾ എന്നിവയുമായി 1 കോടിക്കാണ് വൈഭവ് കരാറുകൾ ഒപ്പിട്ടിരുന്നത്. എന്നാൽ ഇപ്പോൾ പരസ്യ പ്രതിഫലമായി 1.5 മുതൽ 2 കോടി വരെ നോക്കുന്നു. - അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അഞ്ച് അവാർഡുകളാണ് ഐപിഎൽ സീസണിൽ വൈഭവ് സ്വന്തമാക്കിയത്. ടൂർണമെന്റിലെ മികച്ച താരം, എമേർജിങ് പ്ലെയർ, കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്, സൂപ്പർ സ്‌ട്രൈക്കർ, കൂടുതൽ സിക്‌സ് എന്നീ പുരസ്‌കാരങ്ങളാണ് 15-കാരൻ താരം നേടിയത്. ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 237.31 ആണ് സ്‌ട്രൈക്ക് റേറ്റ്. വൈഭവിന് താഴെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലിന് 16 മത്സരങ്ങളിൽ നിന്ന് 732 റൺസാണുള്ളത്. മൂന്നാമതുള്ള സായ് സുദർശന്റെ സമ്പാദ്യം 17 മത്സരങ്ങളിൽ നിന്ന് 722 റൺസാണ്.
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി വൈഭവ് മാറി. 72 സിക്സറുകളാണ് ഇക്കുറി വൈഭവ് അടിച്ചെടുത്തത്. 2012ൽ 59 സിക്‌സറുകൾ നേടിയ ക്രിസ് ഗെയ്ലിനെയാണ് മറികടന്നത്. 2019ൽ 52 സിക്‌സറുകൾ നേടിയ മുൻ കൊൽക്കത്ത താരം ആന്ദ്രെ റസ്സലാണ് പട്ടികയിൽ മൂന്നാമത്. പന്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ 1000 റൺസ് നേടുന്ന താരമായി കഴിഞ്ഞദിവസമാണ് 15-കാരൻ സൂര്യവംശി മാറിയത്. 440 പന്തിൽനിന്നാണ് ഇത്രയും റൺസിലെത്തിയത്. ഇതോടെ, ആന്ദ്രെ റസൽ 545 പന്ത് നേരിട്ട് 1000 തികച്ചതിന്റെ റെക്കോഡ് തകർന്നു.
Content Highlights: Vaibhav Suryavanshi increased endorsement fees from 1 Crore to 2 Crore., Won 5 major awards including Orange Cap and Player of the Tournament., Scored 776 runs in 16 matches with a strike rate of 237.31., Broke Chris Gayle's record for most sixes in a single IPL season with 72., Youngest player to win the Orange Cap in IPL history.