ഒരു സീസണിൽ 72 സിക്സർ, ഗെയ്ലിന് പോലും സാധിക്കാത്ത നേട്ടം; ഫൈനലിന്റെ നഷ്ടമാണ് വൈഭവ്

#സ്പോർട്സ് ഡെസ്ക്
Photo: PTI
Photo: PTI

ഐ.പി.എൽ. ഫൈനൽ നടക്കുന്ന ഞായറാഴ്ച കഴിഞ്ഞാൽ പിറ്റേന്ന് കേരളത്തിലെ സ്‌കൂളുകൾ തുറക്കും. കുട്ടികൾ പുതിയ ക്ലാസുകളിലേക്ക് ആവേശത്തോടെ പോകും. സ്‌കൂളിലെ അവരുടെ കഥകളിൽ ക്രിക്കറ്റും ഐ.പി.എലുമുണ്ടാകും. അതിൽ വിട്ടുപോകാത്ത പേരുകാരൻ അവരെപ്പോലൊരു സ്കൂൾകുട്ടിയാകും, വൈഭവ് സൂര്യവംശി. ക്രിക്കറ്റ് കളിക്കാൻ സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കിയെത്തിയവൻ. സീസണിൽ രാജസ്ഥാൻ റോയൽസിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ 15 വയസ്സുകാരൻ.

ഐ.പി.എൽ. ഫൈനലിൽ സൂര്യവംശിയുടെ കളി കാണാൻ കൊതിച്ചവരാകും ക്രിക്കറ്റ് പ്രേമികളിൽ ഏറെയും. കുട്ടിത്തം വിട്ടുമാറാത്ത സൂര്യവംശിയുടെ കുട്ടിക്കളിയിൽ ക്രിക്കറ്റിലെ വമ്പൻബൗളർമാരാണ് അടിവാങ്ങി തളർന്നത്.

എലിമിനേറ്ററിലും ക്വാളിഫയറിലും സെഞ്ചുറി നഷ്ടമായെങ്കിലും സൂര്യവംശിയുടെ ബാറ്റിങ് ക്രിക്കറ്റ് ലോകം കണ്ണുചിമ്മാതെ കാത്തിരുന്നു. അവസാനം കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും 90-നു മുകളിൽ സ്‌കോർ ചെയ്താണ് താരം ഈവർഷത്തെ പോരാട്ടം അവസാനിപ്പിച്ചത്‌.

ഫൈനലിന്റെ നഷ്ടം സൂര്യവംശിതന്നെയാണ്. ക്വാളിഫയർ രണ്ടിൽ രാജസ്ഥാൻ കൂറ്റൻ സ്കോറുയർത്തിയപ്പോൾ കിരീടപോരാട്ടത്തിന് എല്ലാവരും താരത്തെ പ്രതീക്ഷിച്ചു. 96 റൺസുമായി സൂര്യവംശിയാണ് ഗുജറാത്ത് ക്യാമ്പിലേക്ക് പട നയിച്ചത്. എന്നാൽ, ശുഭ്മൻ ഗിൽ സെഞ്ചുറിയുമായി തിരിച്ചടിച്ചപ്പോൾ ഗുജറാത്ത് ഫൈനലിലെത്തി.

സീസണിൽ അദ്‌ഭുതകരമായ പ്രകടനമാണ് താരം നടത്തിയത്. 16 കളിയിൽനിന്ന് 776 റൺസ്. നിലവിൽ ടോപ് സ്‌കോറർ. ഒരു സെഞ്ചുറി, അഞ്ച് അർധസെഞ്ചുറി. 72 സിക്‌സുമായി ഒരു സീസണിലെ റെക്കോഡ്. പ്രഹരശേഷിയാകട്ടെ, 237.31. ഐ.പി.എലിൽ പന്തിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ 1000 റൺസ് തികച്ചതിന്റെ റെക്കോഡും

സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നേരിയവ്യത്യാസത്തിലാണ് വേഗമേറിയ സെഞ്ചുറി നഷ്ടമായത്. ഫൈനലിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ചാമ്പ്യൻ താരമായിട്ടാണ് ‘യൂണിവേഴ്‌സൽ ബേബി ബോസ്’ എന്ന വിളിപ്പേരുള്ള താരം മടങ്ങുന്നത്.

Content Highlights: 15-year-old Vaibhav Suryavanshi's breakthrough performance in IPL 2026., Scored 776 runs in 16 matches with a strike rate of 237.31., Holds the record for most sixes in a single season (72)., Fastest player to reach 1000 runs based on balls faced., Earned the nickname 'Universal Baby Boss' for his dominant batting.