'പാറ്റ് കമ്മിൻസിന്റെ വാർത്താസമ്മേളനം വ്യക്തിപരമായി വേദനിപ്പിച്ചു'; തുറന്നടിച്ച് ഉസ്മാൻ ഖവാജ

മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഉലച്ച 2018-ലെ സാൻഡ് പേപ്പർഗേറ്റ് വിവാദത്തിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നടത്തിയ വാർത്താസമ്മേളനം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ. വിഷയത്തിൽ പരസ്പരം സമവായത്തിലെത്താൻ കമ്മിൻസ് സഹായിക്കുമെന്നാണ് താൻ കരുതിയതെന്നും, എന്നാൽ കമ്മിൻസിന്റെ പ്രതികരണം നിരാശാജനകമായിരുന്നുവെന്നും 'ദി ഗ്രേഡ് ക്രിക്കറ്റർ' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേ ഖവാജ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ ഖവാജയുടെ ആത്മകഥയാണ് പന്ത് ചുരണ്ടൽ സംഭവം വീണ്ടും ചർച്ചയാകാൻ കാരണം. 2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ പന്ത് ചുരണ്ടൽ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട മൂന്ന് കളിക്കാർക്ക് പുറമെ ടീമിലെ മറ്റുള്ളവർക്കും ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ഖവാജ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിരുന്നു. കേപ് ടൗൺ ടെസ്റ്റിന് പുറമെ പോർട്ട് എലിസബത്ത് ടെസ്റ്റിലും സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്നതായും ഖജാവ തന്റെ ആത്മകഥയിൽ എഴുതി. ഇതോടെ അന്ന് ടീമിലുണ്ടായിരുന്ന താരങ്ങളെല്ലാം സംശയമുനയിലായി.
എന്നാൽ, നവംബർ 13-ന് സിഡ്നിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഖവാജ തന്റെ ആത്മകഥയിലൂടെ നടത്തിയ ആരോപണങ്ങളെല്ലാം പാറ്റ് കമ്മിൻസ് ശക്തമായി തള്ളിക്കളഞ്ഞിരുന്നു. ഖവാജയുടെ അവകാശവാദങ്ങൾ '100 ശതമാനം തെറ്റാണെന്നും' 'പൂർണമായും അസംബന്ധമാണെന്നും' സിഡ്നിയിൽ വാർത്താസമ്മേളനത്തിൽ കമ്മിൻസ് വ്യക്തമാക്കി. ഖവാജയുടെ ആരോപണങ്ങൾ ആളുകളുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ലഘുവായി കാണുന്നതാണെന്നും, പൂർണമായും വസ്തുതാവിരുദ്ധമാണെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു. ടെസ്റ്റിനിടെ മൈതാനത്തേക്ക് സാൻഡ്പേപ്പർ കൊണ്ടുപോകുന്ന കാര്യം ബൗളർമാർ ഉൾപ്പെടെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന ഖവാജയുടെ ആരോപണം 100 ശതമാനവും തെറ്റാണെന്ന് പറഞ്ഞ കമ്മിൻസ്, ബൗളിങ് നിരയാണ് ഈ പദ്ധതിയുടെ ആസൂത്രകർ എന്ന ആരോപണം തികച്ചും അസംബന്ധമാണെന്നും കൂട്ടിച്ചേർത്തു.
താൻ കമ്മിൻസിനെ ഒരു വ്യക്തിയെന്ന നിലയിലും നായകനെന്ന നിലയിലും സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ തനിക്കെതിരേ കമ്മിൻസ് നടത്തിയ വ്യക്തിപരമായ ആക്രമണം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഖവാജ വെളിപ്പെടുത്തി. വാർത്താസമ്മേളനത്തിന് ദിവസങ്ങൾക്ക് മുമ്പ്, സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് താൻ കമ്മിൻസിന് സന്ദേശമയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ ഭാര്യ റെയ്ച്ചലിനൊപ്പമാണ് താൻ കമ്മിൻസിന്റെ വാർത്താസമ്മേളനം കണ്ടതെന്നും അന്നേരം താൻ ഏറെ വികാരഭരിതനായിരുന്നു എന്നും ഖവാജ ഓർത്തെടുത്തു. എങ്കിലും, കമ്മിൻസിനോട് തനിക്ക് വ്യക്തിപരമായ വിരോധമില്ലെന്നും, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 'ഏതുവിധേനയും ജയിക്കുക' എന്ന സംസ്കാരമാണ് സംഭവങ്ങൾക്ക് വഴിവെച്ചതെന്നും ഖവാജ വ്യക്തമാക്കി.
Content Highlights: Usman Khawaja expressed personal hurt over Pat Cummins' press conference addressing his autobiography., Khawaja's autobiography alleged wider knowledge of the 2018 ball-tampering scandal within the team., Pat Cummins strongly denied the allegations, calling them 100 percent wrong and absurd., Khawaja maintains no personal animosity toward Cummins but blames Cricket Australia's win-at-all-costs culture.