വെടിക്കെട്ടുമായി വൈഭവ്, ഇരട്ട സെഞ്ചുറിയുമായി അഭിഗ്യാൻ; മലേഷ്യക്കെതിരേ ഇന്ത്യക്ക് 315 റൺസ് ജയം

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പിൽ മലേഷ്യക്കെതിരേ തകർപ്പൻ ജയവുമായി ഇന്ത്യ. 315 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 409 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ മലേഷ്യ 93 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കായി അഭിഗ്യാൻ കുൺഡു ഇരട്ട സെഞ്ചുറിയും ദീപേഷ് ദേവേന്ദ്രൻ അഞ്ചുവിക്കറ്റുമെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുകെട്ടി. നാലുതാരങ്ങൾ മാത്രമാണ് മലേഷ്യൻ നിരയിൽ രണ്ടക്കം കടന്നത്. 35 റൺസെടുത്ത ഹംസ പംഗിയാണ് ടോപ് സ്‌കോറർ. 32.1 ഓവറിൽ 93 റൺസിന് ടീം ഓൾഔട്ടായി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രൻ അഞ്ചുവിക്കറ്റെടുത്തപ്പോൾ ഉദ്ധവ് മോഹൻ രണ്ടുവിക്കറ്റെടുത്തു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് വൈഭവ് സൂര്യവംശി സമ്മാനിച്ചത്. മലേഷ്യൻ ബൗളർമാരെ തകർത്തടിച്ച വൈഭവ് 26 പന്തിൽ നിന്ന് 50 റൺസെടുത്താണ് മടങ്ങിയത്. അഞ്ചു ഫോറും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുൺഡു എന്നിവരുടെ കൂട്ടുകെട്ടാണ് പിന്നീട് ഇന്ത്യക്ക് കരുത്തായത്. 87-3 എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് ടീം സ്‌കോർ 296 ലെത്തിച്ചു. 209 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയത്.
വേദാന്ത് ത്രിവേദിയുമായി ചേർന്ന് 181 പന്തിൽ 209 റൺസും, കനിഷ്‌ക് ചൗഹാനുമായി ചേർന്ന് 36 പന്തിൽ നിന്ന് 87 റൺസും അഭിഗ്യാൻ കൂട്ടിച്ചേർത്തു. ത്രിവേദി 90 റൺസെടുത്ത് പുറത്തായി. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ അഭിഗ്യാൻ സെഞ്ചുറിയും കടന്ന് ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ചു. അതോടെ ടീം സ്‌കോർ അമ്പത് ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 408 ലെത്തി.
യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോഡും അഭിഗ്യാൻ സ്വന്തം പേരിലാക്കി. 14-കാരൻ വൈഭവ് സൂര്യവംശിയുടെ 171 റൺസിന്റെ റെക്കോഡാണ് അഭിഗ്യാൻ മറികടന്നത്. യുഎഇക്കെതിരായ മത്സരത്തിലായിരുന്നു വൈഭവിന്റെ റെക്കോഡ് പ്രകടനം. ദക്ഷിണാഫ്രിക്കക്കാരൻ ജോറിച്ച് വാൻ ഷാൽക്വിക്കിന് ശേഷം യൂത്ത് ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് അഭിഗ്യാൻ. വാൻ ഷാൽക്വിക്കിന്റെ 215-ന് ശേഷം അണ്ടർ 19 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഉയർന്ന സ്‌കോർ എന്ന നേട്ടവും ഇന്ത്യൻ താരത്തിന് സ്വന്തമായി. അണ്ടർ 19 ഏഷ്യാ കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും കൂടിയാണിത്.
Content Highlights: india malaysia under 19 asia cup