അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ; ടോസ് നേടിയ പാകിസ്താൻ ഇന്ത്യയ്‌ക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

മസ്‌ക്കറ്റ്: അണ്ടർ-19 ഏഷ്യാകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൻ തകർച്ച നേരിടുകയും പാകിസ്താൻ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യ 22/3 എന്ന നിലയിൽ തകരുമ്പോൾ ക്രീസിലെത്തി 85 പന്തിൽ 107 റൺസ് അടിച്ചുകൂട്ടിയ അർജുൻ രാജ്പുതാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഓഫ് സ്പിന്നർ കൂടിയായ ഈ ഇടങ്കയ്യൻ ബാറ്റർ മികച്ച ഫോമിലാണ്.

എട്ടുതവണ ഇന്ത്യ ടൂർണമെന്റിൽ കിരീടം നേടിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ രണ്ടുതവണയും ഫൈനലിൽ തോൽക്കുകയായിരുന്നു. 2025-ൽ പാകിസ്താനോടാണ് തോറ്റത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചു. അതിന് പകരംവീട്ടാനുള്ള അവസരമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്.

ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോറാണ് ആര്യവീർ സെവാഗ്. ഇതിഹാസതാരം വീരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ പിതാവിന്റെ അതേ പാതയിൽത്തന്നെയാണെന്ന് കഴിഞ്ഞ മത്സരങ്ങളിൽ തെളിയിച്ചതാണ്. കൗമാരതാരത്തിൽനിന്ന് മികച്ചൊരു ഇന്നിങ്സ് ഫൈനലിൽ പ്രതീക്ഷിക്കുന്നുണ്ട്. ഈ ടൂർണമെന്റിൽ 70*, 160, 51 എന്നിങ്ങനെ മികച്ച സ്‌കോറുകൾ ആര്യവീർ നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനി, വി.കെ. വിനീത്, രാഹുൽ ദ്രാവിഡിന്റെ മകൻ അൻവെയ് ദ്രാവിഡ് എന്നിവരിലും ഇന്ത്യ പ്രതീക്ഷ വെയ്ക്കുന്നു.

ഇരുടീമുകളും ഇതുവരെ 31 അണ്ടർ-19 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 17 എണ്ണത്തിലും പാകിസ്താൻ 13 എണ്ണത്തിലും വിജയിച്ചു (ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു). എന്നാൽ 2021-ന് ശേഷം നടന്ന ഏഴ് മത്സരങ്ങളിൽ രണ്ടു തവണ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.

Content Highlights: Pakistan wins the toss and elects to bat first in the Under-19 Asia Cup Final., India looks for revenge after losing to Pakistan in the group stage., Key players like Arjun Rajput and Aryavir Sehwag lead India's batting lineup.