ത്രില്ലോട് ത്രില്‍; ഒന്നും രണ്ടുമല്ല മത്സരത്തില്‍ മൂന്ന് സൂപ്പര്‍ ഓവറുകള്‍, റെക്കോഡ് | VIDEO

Photo:x.com/@FanCode
Photo:x.com/@FanCode

ബെംഗളൂരു: ക്രിക്കറ്റില്‍ മത്സരം ടൈ ആയാല്‍ സൂപ്പര്‍ ഓവറിലേക്ക് നീളുന്നത് സാധാരണമാണ്. വിജയികളെ  സൂപ്പര്‍ ഓവര്‍ തീരുമാനിക്കും. കഴിഞ്ഞ ദിവസം മഹാരാജ ടി20 ട്രോഫിയിലും ഒരു സൂപ്പര്‍ ഓവര്‍ പോരാട്ടം നടന്നു. എന്നാല്‍ വിജയികളെ കണ്ടെത്താന്‍ വേണ്ടിവന്നത് ഒന്നും രണ്ടുമല്ല, മൂന്ന് സൂപ്പര്‍ ഓവറുകളാണ്. ടി20 ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മത്സരത്തില്‍ മൂന്ന് സൂപ്പര്‍ ഓവറുകള്‍ പിറക്കുന്നത്.

മഹാരാജ ടി20 ട്രോഫിയില്‍ ബെഗളൂരു ബ്ലാസ്റ്റേഴ്‌സും ഹുബ്ലി ടൈഗേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് അത്യപൂര്‍വമായ സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങള്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്‌സ് നിശ്ചിത 20-ഓവറില്‍ 164 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് മായങ്ക് അഗര്‍വാളിന്റെ അര്‍ധസെഞ്ചുറിയാണ് തുണയായത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിന് ടീമിന്റെ ഇന്നിങ്‌സ് അവസാനിച്ചു. മത്സരം ടൈ ആയി. അതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.

ആദ്യ സൂപ്പര്‍ ഓവറില്‍ അനിരുദ്ധ് ജോഷിയുടെ സിക്‌സിന്റെ ബലത്തില്‍ ബെംഗളൂരു 10 റണ്‍സെടുത്തു. 11 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹുബ്ലി ടൈഗേഴ്‌സിന് നാലാം പന്തില്‍ മനീഷ് പാണ്ഡെ നേടിയ സിക്‌സ് ജയപ്രതീക്ഷ സമ്മാനിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അവസാന പന്തില്‍ സിംഗിളെടുത്തതോടെ ടീം സ്‌കോര്‍ തുല്യമായി അവസാനിച്ചു. അതോടെ വീണ്ടും സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു. 

രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് ഹുബ്ലി ടൈഗേഴ്‌സായിരുന്നു. ടീമിന് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ ബൗളിങ്ങില്‍ പിടിമുറിക്കിയ ടീം ബെംഗളൂരുവിനെ എട്ടില്‍ തളച്ചു. അതോടെ സ്‌കോര്‍ വീണ്ടും തുല്യമായി. മത്സരം മൂന്നാം സൂപ്പര്‍ ഓവറിലേക്ക്. സൂപ്പര്‍ ഓവറില്‍ ഇത്തവണ സമനിലപൂട്ടഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 12 റണ്‍സെടുത്തു. എന്നാല്‍ ബൗണ്ടറികളുമായി മനീഷ് പാണ്ഡെയും മന്‍വന്തും ഹുബ്ലി ടൈഗേഴ്‌സിനെ വിജയത്തിലെത്തിച്ചു. 
  
 

Content Highlights: three Super Overs Thrilling T20 Game Sets World Record