പന്ത് പാഡില്‍ തട്ടിയിട്ടും LBW ആയില്ല, ബാറ്റില്‍ തട്ടാതിരുന്നിട്ടും ക്യാച്ചായി; ഇതെന്ത് അമ്പയറിങ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ അമ്പയര്‍മാരുടെ വക മണ്ടത്തരം. ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനാണ് അമ്പയറുടെ തെറ്റായ തീരുമാനങ്ങളില്‍ ജീവന്‍ തിരിച്ചുകിട്ടിയതും ജീവന്‍ നഷ്ടപ്പെട്ടതും. അശ്വിന്റെ പന്തില്‍ ആദ്യം ഔട്ടില്‍ നിന്ന് രക്ഷപ്പെട്ട മാര്‍ഷ് പിന്നീട് ഔട്ടായി.
ആദ്യം അശ്വിന്റെ പന്തില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുരുങ്ങിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ ഔട്ട് നല്‍കിയില്ല. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റിവ്യൂ നല്‍കി. റിവ്യൂ ചെയ്യുമ്പോള്‍ ഒരു ആംഗിളില്‍ നിന്നുള്ള വീഡിയോ മാത്രം പരിശോധിച്ച് തേര്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചു. പാഡിലാണ് പന്ത് ആദ്യം തട്ടുന്നത് എന്നതിനുള്ള തെളിവൊന്നുമില്ല എന്നായിരുന്നു തേര്‍ഡ് അമ്പയറുടെ വാദം. ഇതോടെ ഫീല്‍ഡ് അമ്പയറും നോട്ട് ഔട്ട് നല്‍കി. വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ അമ്പയറോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിന് പിന്നാലെ മറ്റൊരു ആംഗിളില്‍ നിന്നുള്ള വീഡിയോ പുറത്തുവന്നു. അതില്‍ പന്ത് ആദ്യം തട്ടുന്നത് പാഡിലാണെന്ന് വ്യക്തമായി കാണുന്നുണ്ടായിരുന്നു. ഇതോടെ അമ്പയറുടെ തീരുമാനം വിവാദമായി.
അധികം വൈകാതെ അശ്വിന്റെ പന്തില്‍തന്നെ മാര്‍ഷ് പുറത്തായി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ അതാകട്ടെ അമ്പയറുടെ തെറ്റായ തീരുമാനമായിരുന്നു. അശ്വിന്‍ എറിഞ്ഞ പന്ത് മാര്‍ഷിന്റെ ബാറ്റില്‍ ഉരസിയിരുന്നില്ല. ഇതില്‍ റിവ്യൂ നല്‍കാതെ മാര്‍ഷ് ക്രീസ് വിട്ടതോടെ അമ്പയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. ഒമ്പത് റണ്‍സാണ് ഓസീസ് ബാറ്റര്‍ നേടിയത്.
Content Highlights: third umpire blasted as mitchell marsh survives on lack of evidence