ടി20 ലോകകപ്പ് യോഗ്യത നേടി നമീബിയയും സിംബാബ്വെയും

ഹരാരെ (സിംബാബ്വെ): അടുത്ത വര്‍ഷം നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് സിംബാബ്വെയും നമീബിയയും യോഗ്യത നേടി. ആഫ്രിക്ക റീജിയണല്‍ സെമിഫൈനലില്‍ നമീബിയ ടാന്‍സാനിയയെയും സിംബാബ്വെ കെനിയയെയുമാണ് പരാജയപ്പെടുത്തിയത്. ഇതോടെ ടി20 ലോകകപ്പില്‍ ആഫ്രിക്കയ്ക്ക് അനുവദിച്ച രണ്ട് സ്ഥാനങ്ങളില്‍ ഈ രണ്ട് ടീമുകള്‍ ഇരിപ്പുറപ്പിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ചില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ടി20 ലോകകപ്പ്.
സിംബാബ്വെ ഏഴുവിക്കറ്റിന് കെനിയയെ പരാജയപ്പെടുത്തിയപ്പോള്‍ നമീബിയ ടാന്‍സാനിയയെ 63 റണ്‍സിന് തോല്‍പ്പിച്ച് അനായാസ ജയം നേടി. തുടര്‍ച്ചയായ നാലാംതവണയാണ് നമീബിയ ടി20 ലോകകപ്പിന് യോഗ്യത നേടുന്നത്. 2021-ല്‍ സൂപ്പര്‍ 12-ലേക്ക് മുന്നേറാനും ടീമിന് കഴിഞ്ഞിരുന്നു.
ഇരുരാജ്യങ്ങളും യോഗ്യത നേടിയതോടെ ടൂര്‍ണമെന്റിനായി ഇനി ഏഷ്യ-ഈസ്റ്റ് ഏഷ്യ പസഫിക് (ഇഎപി) ക്വാളിഫയറില്നിന്ന് ഇനി മൂന്ന് സ്ഥാനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
Content Highlights: Namibia & Zimbabwe Secure T20 World Cup 2026 Spots