സഞ്ജുവിന്റെ കേരളത്തിന് ഇതെന്തുപറ്റി?; നിര്‍ണായക മത്സരത്തില്‍ ആന്ധ്രയോട് തോല്‍വി

സെക്കന്തരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് ദയനീയ തോല്‍വി. ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന മുംബൈയെ തോല്‍പ്പിച്ച കേരളത്തിന് അതേ പ്രകടനം ആന്ധ്രാ പ്രദേശിനെതിരേയും പുറത്തെടുക്കാനായില്ല. ആറു വിക്കറ്റിന്റെ തോല്‍വിയാണ് കേരളം നേരിട്ടത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറില്‍ 87 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ആന്ധ്ര 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 42 പന്ത് ശേഷിക്കെയായിരുന്നു ആന്ധ്രയുടെ വിജയം.
കേരളത്തിന്റെ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ജലജ് സക്‌സേന 27 റണ്‍സും അബ്ദുല്‍ ബാസിത് 18 റണ്‍സും എം.ഡി നിധീഷ് 14 റണ്‍സും നേടി. സഞ്ജു സാംസണ്‍ ഏഴ് റണ്‍സിനും മികച്ച ഫോമിലുള്ള രോഹന്‍ കുന്നുമ്മല്‍ ഒമ്പത് റണ്‍സെടുത്തും പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീന്‍ നേരിട്ട ആദ്യ പന്തില്‍തന്നെ ക്രീസ് വിട്ടു. ആന്ധ്രയ്ക്കായി കെ.വി ശശികാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. കൊടവന്ത്‌ല സുദര്‍സിയന്‍, സത്യനാരായണ രാജു, ബോധല കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണറായ ശ്രീകര്‍ ഭരത് അര്‍ധ സെഞ്ചുറിയുമായി ആന്ധ്രയ്ക്ക് വിജയം സമ്മാനിച്ചു. 33 പന്തില്‍ 56 റണ്‍സ് ശ്രീകര്‍ അടിച്ചെടുത്തു. കേരളത്തിനായി ജലജ് സക്‌സേന മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇതോടെ കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ആന്ധ്ര 20 പോയിന്റുമായി ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് യോഗ്യത ഏറെക്കുറെ ഉറപ്പാക്കി. അതേസമയം 16 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ ഇനി ആന്ധ്രയുടേയും മുംബൈയുടേയും കൈകളിലാണ്. ആന്ധ്ര അവസാന മത്സരത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈയെ തോല്‍പ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിക്കും. സര്‍വീസസ്, നാഗാലാന്‍ഡ്, മുംബൈ, ഗോവ എന്നീ ടീമുകള്‍ക്കെതിരെ വിജയിച്ച കേരളം ആന്ധ്രയോടും മഹാരാഷ്ട്രയോടുമാണ് തോല്‍വി നേരിട്ടത്.
Content Highlights: syed mushtaq ali trophy 2024 kerala lost to andhra pradesh