സ്റ്റാര്‍ക്ക് തിരിച്ചെത്തി, ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

മിച്ചൽ സ്റ്റാർക്ക് | AFP
മിച്ചൽ സ്റ്റാർക്ക് | AFP

സിഡ്‌നി; ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ്  പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിന ടീമില്‍ തിരിച്ചെത്തി. മിച്ചല്‍ മാര്‍ഷാണ് ടീമിനെ നയിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങൾക്കും രണ്ട് ടി20 മത്സരങ്ങള്‍ക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.

അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് എന്നിവര്‍ ഏകദിന ടീമിലുണ്ട്. ക്വീന്‍സ്​ലൻഡ് ബാറ്റര്‍ മാത്യു റെന്‍ഷോയെ ടീമിലെടുത്തപ്പോള്‍ മാര്‍നസ് ലബുഷെയ്ന്‍, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ പുറത്തായി. സ്റ്റാർക്കിനൊപ്പം ജോഷ് ഹേസൽവുഡും പേസ് അറ്റാക്കിന് കരുത്തുകൂട്ടും.

അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ മാത്രമാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും പാറ്റ് കമ്മിന്‍സും ടീമിലില്ല. ഒക്ടോബര്‍ 19-നാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഒക്ടോബര്‍ 29 ന് ടി20 പരമ്പരയും തുടങ്ങും.

അടുത്തിടെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഏകദിന പരമ്പരയില്‍ മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തി. അതേസമയം ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിലും ടീമിനെ നയിക്കും. ഉപനായകനായി ശ്രേയസ്സ് അയ്യർ ടീമിൽ ഇടംപിടിച്ചു.യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഏകദിന ടീമിലിടം നേടി. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചു.

Content Highlights: australia squad india series