തകർത്തടിച്ച് ഇഷാൻ കിഷൻ; ക്ലാസ് ഇന്നിങ്സുമായി ക്ലാസൻ, രാജസ്ഥാനെതിരേ ഹൈദരാബാദിന് കൂറ്റൻ സ്കോർ

#സ്പോർട്സ് ഡെസ്ക്
Photo: AFP
Photo: AFP

ഹൈദരാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ കൂറ്റൻ വിജയലക്ഷ്യമുയർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. സ്വന്തം മൈതാനത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, ഇഷാൻ കിഷന്റെയും ഹെന്റിച്ച് ക്ലാസന്റെയും ഇന്നിങ്‌സ് മികവിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു.

ഇന്നിങ്‌സിന്റെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടപ്പെട്ടായിരുന്നു ഹൈദരാബാദിന്റെ തുടക്കം. എന്നാൽ, രണ്ടാം വിക്കറ്റിൽ 40 പന്തിൽനിന്ന് 55 റൺസ് ചേർത്ത ഇഷാൻ കിഷൻ-ട്രാവിസ് ഹെഡ് സഖ്യം ഇന്നിങ്‌സ് ട്രാക്കിലാക്കി. 18 പന്തിൽനിന്ന് 18 റൺസുമായി ഹെഡ് മടങ്ങിയതിനു ശേഷമായിരുന്നു ഹൈദരാബാദ് ഇന്നിങ്‌സിന്റെ കുതിപ്പ്.

മൂന്നാം വിക്കറ്റിൽ കിഷനൊപ്പം ക്ലാസനെത്തിയതോടെ ഹൈദരാബാദ് ടോപ്പ് ഗിയറിലായി. 39 പന്തിൽനിന്ന് ഇരുവരും അതിവേഗം 88 റൺസ് അടിച്ചെടുത്തു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു കിഷനെ പുറത്താക്കി സന്ദീപ് ശർമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 44 പന്തിൽനിന്ന് ആറ് സിക്‌സും എട്ട് ഫോറുമടക്കം 91 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വൈകാതെ ക്ലാസനും മടങ്ങി. 26 പന്തിൽനിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 40 റൺസെടുത്തായിരുന്നു ക്ലാസന്റെ മടക്കം.

തുടർന്ന് അവസാന ഓവറുകളിൽ നിതീഷ് കുമാർ റെഡ്ഡിയും സലിൽ അറോറയും നടത്തിയ കടന്നാക്രമണമാണ് ഹൈദരാബാദ് സ്‌കോർ 216-ൽ എത്തിച്ചത്. 13 പന്ത് നേരിട്ട നിതീഷ് നാല് സിക്‌സടക്കം 28 റൺസെടുത്തു. അറോറ 13 പന്തിൽനിന്ന് 24 റൺസ് നേടി.

Content Highlights: Sunrisers Hyderabad posted a massive 216/6 against Rajasthan Royals in 2026., Ishan Kishan scored a brilliant 91 off 44 balls including 6 sixes., Heinrich Klaasen contributed a valuable 40 off 26 deliveries., Late-order cameos from Nitish Kumar Reddy and Salil Arora pushed the total past 215.