ഹർഭജനെ തിരിച്ചുതല്ലാൻപോയ എന്നെ പിടിച്ചുമാറ്റുകയായിരുന്നു, വിവാദങ്ങളിൽ പശ്ചാത്താപമില്ല-ശ്രീശാന്ത്

മുൻ ഇന്ത്യൻതാരം ഹർഭജൻ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങളുമായി മലയാളിതാരം എസ്.ശ്രീശാന്ത്. ഹർഭജന്റേത് വെറും അഭിനയമാണെന്നും ഹർഭജൻ മുഖത്തടിച്ചപ്പോൾ തിരിച്ച് തല്ലിയിരുന്നെങ്കിൽ തനിക്ക് ആജീവനാന്ത വിലക്ക് ലഭിക്കുമായിരുന്നുവെന്ന് ശ്രീശാന്ത് മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 2013ലെ ഐപിഎൽ വാതുവെപ്പ് കേസിന് വഴിവെച്ചത് പഞ്ചാബ് കിങ്സിനെതിരായ വിവാദമായ ഓവറല്ല, മറിച്ച് അതിന് മുൻപുള്ള തന്റെ ജീവിതശൈലിയായിരുന്നെുവെന്നും അന്നത്തെ കേസിലും ജയിൽവാസത്തിലും തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
ഐപിഎല്ലിലെ ഒരോവറിൽ പതിനാലോ അതിലധികമോ റൺസ് കൊടുക്കണം എന്നായിരുന്നു ആരോപണം. ആ ഓവറിൽ പതിനാലിലധികം റൺസ് പിറന്നിട്ടില്ല. 13 റൺസാണ് വന്നത്. അപ്പോൾ തന്നെ ആ കേസ് തന്നെ ഇല്ല. ബെറ്റിങ്ങിനെ കുറിച്ചാണെങ്കിൽ പതിനാലിലധികം റൺസ് കൊടുത്തിട്ടില്ലെങ്കിൽ പിന്നെ അത് ബെറ്റിങ്ങേ അല്ല. അതോടെ ക്യാൻസലായി. നാല് പന്തിൽ വെറും അഞ്ച് റൺസായിരുന്നു. ഒരു നോബോൾ പോലുമില്ല. ഉത്തരേന്ത്യയിലെ പല ചാനലുകളും അതിന് മുൻപുള്ള മത്സരത്തിലെ നോബോൾ കാണിച്ചു. ആ ഓവറിൽ വൈഡും നോബോളുമില്ല. ദൈവാനുഗ്രഹം കൊണ്ട് സ്ലോ ബോളുമില്ല. 13 റൺസ് കൊടുത്തിട്ട് എന്റേത് കേസ് ആയി. ഇപ്പോൾ ഐപിഎല്ലിൽ ഓരോവറിൽ 25, 28, 32 റൺസൊക്കെ വഴങ്ങുന്നു-ശ്രീശാന്ത് പറഞ്ഞു.
അന്ന് സ്‌ട്രൈക്കിലുണ്ടായിരുന്നത് ഗിൽക്രിസ്റ്റും ഷോൺ മാർഷുമാണ്. ആരാണവർ. ഓസ്‌ട്രേലിയയുടെ മോസ്റ്റ് അറ്റാക്കിങ് പ്ലെയേഴ്‌സ്. ഞാൻ ഫുൾ ടോസ് എറിഞ്ഞുകൊടുക്കുന്നുണ്ടെങ്കിൽ അത് ബാറ്ററും അറിയണ്ടേ. ഞാൻ വൈഡ് എറിഞ്ഞിട്ടാണ് റൺസ് കൊടുക്കുന്നതെങ്കിൽ സംശയമുണ്ടാകും. നോബോളെറിഞ്ഞ് ഫ്രീ ഹിറ്റ് കൊടുത്താലും സംശയിക്കും. അങ്ങനെയാണെങ്കിൽ ഇപ്പോൾ ഐപിഎൽ കാണരുതല്ലോ. മുഴുവൻ സംശയമായിരിക്കുമല്ലോ.
ഞാൻ മുൻപുള്ള വർഷങ്ങളിൽ ചെയ്തതിന് അന്ന് അനുഭവിച്ചു. ആ ഓവറല്ല പ്രശ്‌നം, അതിന് മുൻപുള്ള എന്റെ ലൈഫ്‌സ്റ്റൈലാണ് പ്രശ്‌നം. ഇങ്ങനെയൊരു വ്യക്തി എങ്ങനെ കാറുകൾ വാങ്ങുന്നു, അപാർട്‌മെന്റുകൾ വാങ്ങുന്നു. അസൂയയും കുശുമ്പും എന്നൊന്നും ഞാൻ പറയുന്നില്ല. നമ്മുടെ വളർച്ച കാണുമ്പോൾ പലർക്കും ഇഷ്ടമല്ല. അതാണ് വാസ്തവം. രണ്ട് ലോകകപ്പുകൾ നേടാനായി. എനിക്ക് യുവാക്കളോട് പറയാനുള്ളത്, പേടിക്കരുത്. ആരെയും സുഖിപ്പിച്ച് എവിടെയും എത്താൻ നോക്കരുത്. ആ ഓവറല്ല. അവിടം വരെയുള്ള ആ യാത്രയായിരുന്നു. അതിൽ എനിക്ക് ഒരു പശ്ചാത്താപവുമില്ല. സീറോ റിഗ്രറ്റ്. കരിയറിന്റെ പീക്കിൽ തിഹാർ ജയിലിലായിരുന്നുവെന്നും തിഹാർ ജയിലിൽ നിരപരാധികളായ ആയിരക്കണക്കിന് ആളുകളുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ഭാര്യ ഭുവനേശ്വരി നൽകിയ പിന്തുണയെക്കുറിച്ചും ശ്രീശാന്ത് തുറന്നു പറഞ്ഞു. 2013-ലായിരുന്നു എന്റെ കല്യാണം. പത്രത്തിൽ വരെ ഞാൻ ടെററിസ്റ്റ് എന്നായിരുന്നു. ദാവൂദിന്റെ കൂട്ടുകാരൻ, ദാവൂദിനെ അറിയുന്ന ആൾ, തിഹാർ ജയിലിൽ കിടക്കുന്ന ആൾ. ആ വ്യക്തിയെ കല്യാണം കഴിക്കണമെന്ന് സ്വന്തം പിതാവിനോട് ആരെങ്കിലും ധൈര്യത്തോടെ പറയുമോ? അതാണ് എന്റെ ഭാര്യ. ഞാൻ ജയിലിലായതുകൊണ്ട് ആ വ്യക്തി എസി ഒന്നും വേണ്ടെന്ന് പറഞ്ഞ് കിടന്നുറങ്ങിയത് അടുക്കളയിലാണ്. എന്തുവന്നാലും നിങ്ങളെ മാത്രമേ കല്യാണം കഴിക്കുകയുള്ളൂ എന്നും പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ പോയിന്റുകളും പറഞ്ഞുകൊടുത്തത് ഭുവനേശ്വരി ആണെന്നും ശ്രീശാന്ത് പറഞ്ഞു.
2008-ഐപിഎല്ലിൽ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്, മുഖത്തടിച്ച വിഷയത്തിലും ശ്രീശാന്ത് പ്രതികരിച്ചു. മലയാളിയായതുകൊണ്ട് മാത്രം ഒതുങ്ങിനിൽക്കേണ്ട ഒരു കാര്യവും ഇല്ല. ലോകകപ്പിൽ ആ ക്യാച്ച് എടുത്തു. അന്ന് ഏറ്റവും കൂടുതൽ പ്രചരിച്ച സന്ദേശം, മിസ്ബാ ഉൾ-ഹഖ് ഫോർഗെറ്റ് ദ ഫാക്ട് ദാറ്റ്, ദെർ ഈസ് എ മലയാളി ഇൻ എവരി കോർണർ ഓഫ് ദി വേൾഡ്. മിസ്ബാ ഉൾ-ഹഖ് മറന്നു പോയി ലോകത്തിലെ എല്ലാ കോർണറിലും ഒരു മലയാളി ഉണ്ടെന്നുള്ള കാര്യം. അതിൽ ഞാൻ ഭയങ്കര പ്രൗഡ് ആണ്. അതിപ്പോ ഡ്രസ്സിംഗ് റൂമിൽ ആണെങ്കിലും ശരി എവിടെയാണെങ്കിലും. ആ ഒരു വാശി വേറെ ലെവലാണ്. അത് ഹർഭജനും ആർക്കും ഇഷ്ടമല്ല.
ഈയിടയ്ക്ക് ഇടയ്ക്ക് പുള്ളി അതിനെക്കുറിച്ച് ഒരു ആഡ് ഉണ്ടാക്കി, പുള്ളി പൈസ ഉണ്ടാക്കി. 80 ലക്ഷമോ ഒരു കോടി രൂപയ്ക്ക് എന്തോ. എന്നിട്ട് എന്നെ വിളിച്ചു പറഞ്ഞു, എടാ നീ അതിന്റെ സ്റ്റോറി ഇടണം. ഞാൻ പറഞ്ഞു പൊറുക്കാം, പക്ഷേ മറക്കരുത്. ഒരാൾ ഒരു തെറ്റ് നമ്മുടെ എതിരെ ചെയ്തു കഴിഞ്ഞാൽ നമ്മൾ അത് പൊറുക്കാം. പക്ഷേ മറക്കരുത്. മറന്നു കഴിഞ്ഞാൽ ആ സെയിം വ്യക്തി നമ്മുടെ അടുത്ത് വീണ്ടും അതേ തെറ്റ് ചെയ്യും. അതിന് വലിയ ഉദാഹരണം പുള്ളിയാണ്. അതിൽ ഒരു ഡൗട്ടും ഇല്ല.
ശ്രീശാന്ത് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞു വെയിറ്റ് ചെയ്യുകയാണ് ചിലർ. അവർക്ക് വേണ്ടി പറയുകയാണ്. ഞാനും പുള്ളിയുമായിട്ട് ഒരു ബന്ധവും ഇല്ല. ഞാൻ എപ്പോഴും ഒരു ബ്രദർ ആണ് എന്നൊക്കെ പറയുമായിരുന്നു. ആയിരുന്നു. പക്ഷേ രണ്ടു മാസം മുമ്പ് എന്തോ ആഡ് ചെയ്തു. അതിനു ശേഷം ഞാൻ എന്റെ ഇൻസ്റ്റയിൽ വരെ പുള്ളിയെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്റെ അച്ഛനും അമ്മയും പഠിപ്പിച്ചത് പൊറുക്കാനാണ്. അദ്ദേഹത്തിനെതിരേ എനിക്ക് ഒരു പരാതിയും ഇല്ല. എനിക്ക് അദ്ദേഹത്തിന്റെ ആവശ്യവും ഇല്ല. മേ ഗോഡ് ബ്ലെസ് ഹിം ആൻഡ് ഹിസ് ഫാമിലി.
പല അഭിമുഖങ്ങളിലും അശ്വിന്റെ ഇന്റർവ്യൂവിലും ഒക്കെ പുള്ളി എന്റെ മോളുടെ കഥ പറഞ്ഞു. എനിക്ക് വിഷമമായി. ഇതൊക്കെ കാണുമ്പോൾ ആരും വിചാരിക്കും. എന്തൊരു നല്ല മനുഷ്യൻ. നല്ല മനുഷ്യനാണ്. പക്ഷേ എന്റെ അടുത്ത് ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ തൊട്ട് ഇപ്പോൾ വരെ, വ്യക്തിപരമായ അഭിപ്രായത്തിൽ വെറും അഭിനയമായിരുന്നു. അത് എനിക്ക് പറ്റില്ല. ആ ഒരു വിഷയം കുറെ മലയാളികൾ എന്റെ അടുത്ത് ചോദിച്ചു. അന്ന് ഞാൻ തിരിച്ചു തല്ലിയിരുന്നെങ്കിൽ, അല്ലെങ്കിൽ ഒന്ന് ഉന്തിയിരുന്നെങ്കിൽ, ഞാൻ ഉന്താൻ പോയതാണ്. പക്ഷേ, ഭാഗ്യത്തിന് എന്നെ ബ്രെറ്റി ലീയും മറ്റും കയറിപ്പിടിച്ചു. അന്ന് ടിവിയിൽ വരെ ഇരുന്ന് അവൻ മലയാളികളെ നാണം കെടുത്തി എന്നൊക്കെ പറഞ്ഞ കുറെ ആളുകളുണ്ട്. അവരോട് ഒരൊറ്റ ചോദ്യമേ ഉള്ളൂ. അന്ന് നിങ്ങൾ എന്നെ സഹായിക്കുമായിരുന്നോ? അന്ന് ഞാൻ അദ്ദേഹത്തെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ, ഉന്തിയിരുന്നെങ്കിൽ ഞാൻ അന്ന് ലൈഫ് ബാൻ ആകുമായിരുന്നു.-ശ്രീശാന്ത് കൂട്ടിച്ചേർത്തു.
Content Highlights: Sreesanth clarifies the 2013 IPL spot-fixing allegations, asserting his innocence regarding the over in question., Details on his wife Bhuvneshwari's unwavering support during his legal battles., Reflections on his 2007 T20 World Cup victory and the iconic catch., Clear stance on the strained relationship with Harbhajan Singh and the 'slapgate' incident., Advocacy for moving past controversies with zero regrets about his career journey.