കളിക്കാനിറങ്ങാന്‍ ആളില്ല; ഫീല്‍ഡിങ് പരിശീലകനെ കളത്തിലിറക്കി ദക്ഷിണാഫ്രിക്ക | Video

Photo: Screengrab/ x.com/FanCode
Photo: Screengrab/ x.com/FanCode

ലാഹോര്‍: മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്കായി ഫീല്‍ഡ് ചെയ്യാനിറങ്ങി ഫീല്‍ഡിങ് പരിശീകനായ വാന്‍ഡില്‍ ഗ്വാവു. പാകിസ്താനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്ക - ന്യൂസീലന്‍ഡ് മത്സരത്തിനിടെയായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗ് ഫെബ്രുവരി എട്ടുവരെ നീണ്ടതിനാല്‍ മുഴുവന്‍ താരങ്ങളെയും ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന് പരമ്പരയ്‌ക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല. 12 അംഗ സംഘത്തെ മാത്രമാണ് അവര്‍ക്ക് പാകിസ്താനിലേക്ക് അയക്കാന്‍ സാധിച്ചത്. ഇതോടെയാണ് അടിയന്തര സാഹചര്യത്തില്‍ ഫീല്‍ഡിങ് പരിശീലകന് തന്നെ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലിറങ്ങേണ്ടിവന്നത്.

ഫെബ്രുവരി 14-ന് മുമ്പായി മറ്റ് താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ചേരും. ന്യൂസീഡന്‍ഡ് ബാറ്റിങ്ങിനിടെ 37-ാം ഓവറിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നേരത്തേ കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി അന്നത്തെ ബാറ്റിങ് പരിശീലകനായിരുന്ന ജെ.പി ഡുമിനി സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി ഇറങ്ങിയിരുന്നു. അന്ന് ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രധാന താരങ്ങളില്‍ പലര്‍ക്കും ഒന്നിച്ച് അസുഖം ബാധിച്ചതോടെയായിരുന്നു ഡുമിനിക്ക് മൈതാനത്തിറങ്ങേണ്ടി വന്നത്.

ന്യൂസീലന്‍ഡിനെതിരായ മത്സരം പക്ഷേ ദക്ഷിണാഫ്രിക്ക തോറ്റു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തപ്പോള്‍ ന്യൂസീലന്‍ഡ് 48.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Content Highlights: South Africa`s fielding coach, Wandil Gwavu, fielded in a match against New Zealand due to player