‘സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമല്ല’, ടീം തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ബാറ്റിങ് കോച്ച്

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്. കിവീസിനെതിരേ ഏറ്റവും മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തതെന്നും അതിൽ ഒരു തെറ്റും കാണുന്നില്ലെന്നും കോട്ടക് വ്യക്തമാക്കി. നാല് പേസർമാരുമായി കളത്തിലിറങ്ങിയിട്ടും സിറാജ് ടീമിലില്ലാതിരുന്നത് വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടീം തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് ബാറ്റിങ് കോച്ച് രംഗത്തെത്തിയത്.
സിറാജുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഇത് ഏറ്റവും മികച്ച ഇലവനാണെന്ന് ഞങ്ങൾ കരുതി. സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നില്ല. ഇത് ആദ്യ ദിവസം മാത്രമാണ്. ഒന്നാം ദിവസത്തിന് വേണ്ടി മാത്രമായിട്ടല്ല, മറിച്ച് രണ്ട്, മൂന്ന്, നാല് ദിവസങ്ങൾ കൂടി മുന്നിൽ കണ്ടാണ് ഞങ്ങൾ ടീമിനെ തിരഞ്ഞെടുക്കുന്നത്." - കോട്ടക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ജഡേജയ്ക്ക് പകരം വാഷിങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ സംബന്ധിടച്ചും കോട്ടക് പ്രതികരിച്ചു. ന്യൂസിലൻഡിന്റെ മുൻനിര ബാറ്റിങ് നിരയിൽ ഒട്ടേറെ ഇടംകൈയ്യൻ ബാറ്റർമാരുള്ളതിനാലാണ് വാഷിങ്ടൺ സുന്ദറിനെ ടീമിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു. "അവരുടെ മുൻനിരയിൽ നാല് ഇടംകൈയ്യൻ ബാറ്റർമാർ ഉള്ളതുകൊണ്ടാണ് ഞങ്ങൾ വാഷിങ്ടൺ സുന്ദറിനെ തിരഞ്ഞെടുത്തത്. ഈ മത്സരത്തെ സംബന്ധിച്ചിടത്തോളം, ഇത് ഏറ്റവും മികച്ച ബൗളിങ് നിരയാണ്."- കോട്ടക് പറഞ്ഞു.
പേസ് പ്രധാനമാണെന്നും അൻഷുൾ കാംബോജ് ചില ഘട്ടങ്ങളിൽ മാത്രമാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ പന്തെറിയാറുള്ളതെന്നും അത് കുഴപ്പമില്ലെന്നും കോട്ടക് വ്യക്തമാക്കി. പ്രസിദ്ധ് ഒരു അറ്റാക്കിങ് ബോളറാണ്, ചിലപ്പോൾ അദ്ദേഹം റൺസ് വഴങ്ങുമെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം വിക്കറ്റ് വീഴ്ത്തുമ്പോൾ നമ്മൾ പ്രശംസിക്കുന്നു. എന്നാൽ റൺസ് വഴങ്ങുമ്പോൾ വിമർശിക്കുന്നു. അങ്ങനെ വിലയിരുത്തുന്നത് അനീതിയാണെന്നും കോട്ടക് പറഞ്ഞു.
സിറാജിനെയും ഗുർനൂർ ബ്രാറിനെയും ഒഴിവാക്കേണ്ടി വന്നത് പ്രയാസകരമായ തീരുമാനമായിരുന്നുവെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടോസിനുശേഷം പറഞ്ഞത്. 'അതു വളരെ പ്രയാസകരമായ തീരുമാനമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. കാരണം പേസ് ബൗളർമാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. സിറാജിനും ഗുർനൂറിനും ടീമിൽ ഇടം നൽകാൻ കഴിയാതിരുന്നത് ഏറെ വിഷമകരമാണ്. ഏകദിന പരമ്പരയിലും ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗുർനൂർ പരമ്പരയിലെ താരംവരെ ആയിരുന്നു. അതിനാൽ തന്നെ ഈ തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല.'- ഗിൽ വ്യക്തമാക്കി.
Content Highlights: Sitanshu Kotak defended dropping Mohammed Siraj for the first Test against New Zealand