ഇങ്ങനെയും ക്യാച്ചെടുക്കാനാകുമോ?; കമിന്ദുവിനെ പുറത്താക്കാൻ ‘സൂപ്പർമാനാ’യി ഗിൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
ക്യാച്ചെടുത്ത ശേഷം ശുഭ്മാന്‍ ഗില്‍ | Photo: BCCI
ക്യാച്ചെടുത്ത ശേഷം ശുഭ്മാന്‍ ഗില്‍ | Photo: BCCI

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ മനോഹരമായ ക്യാച്ചുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ടെസ്റ്റിന്റെ മൂന്നാം ദിനം ലങ്കൻ താരം കമിന്ദു മെൻഡിസിനെ പുറത്താക്കാനാണ് ഗിൽ ക്യാച്ചെടുത്തത്. കുൽദീപ് യാദവിന്റെ പന്തിലായിരുന്നു വിക്കറ്റ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കുൽദീപ് എറിഞ്ഞ ഫുൾലെങ്ത് പന്ത് ഡ്രൈവ് ചെയ്യാൻ മെൻഡിസ് ക്രീസിൽ നിന്നിറങ്ങി മുന്നോട്ടു വന്നു. എക്‌സ്ട്രാ കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഗിൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഇടത്തേക്ക് ചാടി പന്ത് നിലംതൊടും മുമ്പ് ഒറ്റക്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി. പന്ത് ബൗണ്ടറിയിലെത്തുന്നത് തടയാനാകും മിക്കവരും ആ സമയത്ത് ശ്രമിക്കുക. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ആ പന്ത് കൈപ്പിടിയിലൊതുക്കി ക്യാപ്റ്റൻ ഇന്ത്യക്ക് വിലപ്പെട്ട വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ പന്ത് മുകളിലേക്ക് എറിഞ്ഞ് ആഘോഷിക്കുകയും ചെയ്തു.

കമന്റേറ്റർമാറും ഗാലറിയിലെ കാണികളും അമ്പരപ്പോടെയാണ് ആ ക്യാച്ച് കണ്ടത്. 'സത്യത്തിൽ അത് ഗില്ലിന്റെ പരിധിയിൽ പോലുമല്ലായിരുന്നു. അദ്ദേഹം ഫീൽഡ് ചെയ്യുന്നതിൽ നിന്ന് ദൂരെയായിരുന്നു. എന്നിട്ടും മനോഹരമായി പന്ത് കൈപ്പിടിയിലൊതുക്കി. എക്‌സ്ട്രാ കവറിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് നിങ്ങൾ കണ്ടത്.'-കമന്ററിക്കിടെ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

ഈ ക്യാച്ചിന്റെ വീഡിയോ ഒട്ടേറെ ആരാധകരാണ് എക്‌സിൽ പങ്കുവെച്ചത്. സൂപ്പർമാൻ ഗിൽ, വിശ്വസിക്കാനാകുന്നില്ല, ഒറ്റക്കൈ മാന്ത്രികത എന്നെല്ലാം ആരാധകർ ഈ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്. ബിസിസിഐയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും ഇതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: Shubman Gill takes a brilliant flying catch at extra cover to dismiss Kamindu Mendis off Kuldeep Yadav's bowling., India's first innings ends quickly at 462 on Day 3 as Asitha Fernando dismisses Prasidh Krishna., TV umpire Ahsan Raza takes over on-field duties replacing the ill Rod Tucker during the Galle Test.