രാജസ്ഥാൻ റോയൽസ് വിൽപ്പന, ഷെയ്ൻ വോണിന്റെ കുടുംബത്തിന് കിട്ടുക 450 കോടി

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: ANI
Photo: ANI

ജയ്പുർ: ഐ.പി.എലിലെ പ്രഥമ കിരീടജേതാക്കളായ രാജസ്ഥാൻ റോയൽസിന്റെയും നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെയും വിൽപ്പന കഴിഞ്ഞ ദിവസം നടന്നിരുന്നു. യു.എസ്. ആസ്ഥാനമായ കൽ സോമാനി കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 163 കോടി ഡോളറിനാണ് (ഏകദേശം 15,290 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ ഏറ്റെടുക്കുന്നത്. ആദിത്യ ബിർളാ ഗ്രൂപ്പും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും ചേർന്ന് 16,660 കോടി രൂപയ്ക്കാണ് ബെംഗളൂരു ടീമിനെ വാങ്ങുന്നത്. ഇപ്പോഴിതാ രാജസ്ഥാന്റെ ടീമിന്റെ വിൽപ്പനയിലൂടെ കോളടിച്ചിരിക്കുന്നത് അന്തരിച്ച മുൻ താരം ഷെയ്ൻ വോണിന്റെ കുടുംബത്തിനാണ്.

റോയൽസിനെ വമ്പൻ തുകയ്ക്കു വിറ്റ വകയിൽ ഷെയ്ൻ വോണിന്റെ കുടുംബത്തിന് ലഭിക്കാൻ പോകുന്നത് 450 കോടി രൂപയാണ്. 2008-ൽ ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റപ്പോൾ, ഷെയ്ൻ വോൺ തന്റെ കരാറിൽ ഒരു പ്രത്യേക നിബന്ധന ഉൾപ്പെടുത്തിയിരുന്നു. ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഉടമസ്ഥാവകാശം(ഓഹരി) കൂടി കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ടീമിന്റെ ഭാഗമായ ഓരോ വർഷവും ഇത്രയും ഓഹരിവീതം അദ്ദേഹത്തിന് ലഭിച്ചുപോന്നു. വോൺ രാജസ്ഥാൻ റോയൽസിനായി ആകെ നാല് സീസണുകൾ കളിച്ചു. ഇതുവഴി അദ്ദേഹത്തിന്റെ ആകെ ഓഹരി വിഹിതം മൂന്ന് ശതമാനമായി ഉയർന്നു.

ഇപ്പോൾ 15,290 കോടി രൂപയ്ക്ക് രാജസ്ഥാന്റെ വിൽപ്പന നടന്നതോടെ വോണിന്റെ പക്കലുള്ള ഈ മൂന്ന് ശതമാനത്തിനാണ് 450 കോടി രൂപ ലഭിക്കുന്നത്. 2026-ലെ ഐപിഎൽ സീസൺ പൂർത്തിയാകുന്നതോടെ വോണിന്റെ കുടുംബത്തിന് ഈ ഓഹരികൾ വിൽക്കാനും പണം കൈപ്പറ്റാനും സാധിക്കും. 2022-ൽ അന്തരിച്ചെങ്കിലും, 18 വർഷങ്ങൾക്ക് മുമ്പ് ഷെയ്ൻ വോൺ അന്ന് ഓഹരികൂടി കരാറിന്റെ ഭാഗമാക്കിയതാണ്‌ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇത്രയും വലിയൊരു സാമ്പത്തിക നേട്ടം ഉറപ്പാക്കിയത്.

Content Highlights: Rajasthan Royals sold for $1.63 billion (approx. ₹15,290 crore)., Shane Warne secured a 0.75% equity stake per season as RR captain., Warne's total 3% stake is now valued at ₹450 crore., The payout will be realized after the 2026 IPL season.