'രോഹിത് ശർമയുടെ വാക്കുകൾ ഞാൻ ആദ്യം വിശ്വസിച്ചിരുന്നില്ല, സോറി'-സഞ്ജു സാംസൺ

കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിലൊന്നും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ ജെഴ്‌സി അണിയാനുള്ള അവസരം ലഭിച്ചിരുന്നില്ല. പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. ഒടുവിൽ നിർണായക മത്സരങ്ങളിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത സഞ്ജു ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടുകയും ചെയ്തു. എന്നാലിപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സഞ്ജു.
അവസരങ്ങൾ ലഭിക്കാതിരുന്നപ്പോൾ താൻ നിരാശയിലായിരുന്നുവെന്നും തനിക്ക് ടീമിൽ ഇനിയും വലിയ പങ്ക് വഹിക്കാനുണ്ടെന്ന രോഹിത് ശർമയുടെ വാക്കുകൾ താൻ വിശ്വസിച്ചിരുന്നില്ലെന്നും സഞ്ജു പറയുന്നു. 'ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഞാൻ മാനസികമായി തളർന്നിരുന്നു. രോഹിത് ശർമ ആത്മവിശ്വാസം നൽകിയിരുന്നെങ്കിലും ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല. അദ്ദേഹം തന്റെ അനുഭവസമ്പത്തിന്റെ പുറത്തായിരിക്കാം അത് പറഞ്ഞത്. പക്ഷേ അന്ന് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് മനസിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്റെ മുഖഭാവത്തിൽതന്നെ അത് വ്യക്തമായിരുന്നു.'-സഞ്ജു വ്യക്തമാക്കി.
ആ നിരാശയിൽ നിന്ന് പുറത്തുകടക്കാൻ ദിവസങ്ങളെടുത്തുവെന്നും തന്റെ ലക്ഷ്യം എന്താണെന്നും എന്തിനുവേണ്ടിയാണ് ക്രിക്കറ്റ് കളിക്കുന്നതെന്നുമുള്ള ചോദ്യങ്ങൾ സ്വയം ചോദിച്ച് ഒരു തിരിച്ചുവരവിന് താൻ തയ്യാറെടുക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഈ കാഴ്ച്ചപ്പാടാണ് വെസ്റ്റിഡീസിനെതിരായ മത്സരത്തിൽ നിർണായകമായതെന്നും കരിയറിലെ മികച്ച ദിവസങ്ങളായിരുന്നു അതെന്നും സഞ്ജു കൂട്ടിച്ചേർത്തു.
പവർ പ്ലേയ്ക്ക് ശേഷം സാധാരണയായി ആക്രമിച്ചു കളിക്കുന്നതാണ് തന്റെ ശൈലിയെങ്കിലും തുടർച്ചയായി വിക്കറ്റുകൾ വീണതിനാൽ ആ മത്സരത്തിലെ സാഹചര്യത്തിന് അനുസരിച്ചാണ് താൻ ബാറ്റ് ചെയ്തതെന്നും സഞ്ജു വ്യക്തമാക്കി. 'ഇതൊരു വലിയ മത്സരമാണെന്ന് എനിക്കറിയാമായിരുന്നു. പവർപ്ലേയ്ക്ക് ശേഷം, ഞാൻ സാധാരണയായി അഞ്ചാം ഗിയറിലേക്ക് മാറും. പക്ഷേ, ആ കളിയിൽ ഞാൻ ആക്രമിക്കാൻ തയ്യാറെടുക്കുമ്പോഴെല്ലാം മറുവശത്ത് ഒരു വിക്കറ്റ് വീഴുമായിരുന്നു. അപ്പോഴാണ് കളി ഏറ്റവും വലിയ പാഠപുസ്തകമാണെന്ന് ഞാൻ മനസ്സിലാക്കിയത്. എന്തുചെയ്യണമെന്ന് ആ മത്സരം അപ്പോൾ നമ്മളോട് പറയും'-സഞ്ജു വ്യക്തമാക്കി.
ഇന്നിങ്‌സിന് ശേഷമുണ്ടായ വൈകാരികമായ ആഘോഷങ്ങളെക്കുറിച്ചും സഞ്ജു തുറന്നുപറഞ്ഞു. വ്യക്തിപരമായ നേട്ടത്തിനപ്പുറം ദൈവത്തോടുള്ള നന്ദിപ്രകടനമായിരുന്നു അതെന്ന് സഞ്ജു പറയുന്നു. 'ഞാൻപോലും അദ്ഭുതപ്പെട്ട ചില ഷോട്ടുകൾ ആ മത്സരത്തിൽ എന്നിൽ നിന്നുണ്ടായി. ടീമിനെ സഹായിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു. എന്റെ അവസാനശ്വാസം വരെ ആ നിമിഷം ഞാൻ ഓർമിക്കും.'-സഞ്ജു കൂട്ടിച്ചേർത്തു.
Content Highlights: Sanju Samson candidly discusses his initial disbelief in Rohit Sharma's vision for him during the 2026 T20 World Cup., Details the mental recovery process Samson underwent following the New Zealand T20I series., Insights into his match-winning innings against West Indies in the virtual quarter-final., Reflections on his personal growth and spiritual approach to the game.