‘രാജസ്ഥാൻ വിട്ടത് വലിയ റിസ്‌കായിരുന്നു, ഭാര്യയുമായും കുടുംബാംഗങ്ങളുമായും ആഴ്ച്ചകളോളം ചർച്ചചെയ്തു’

മുംബൈ: ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിട്ടതിനെ കുറിച്ച് തുറന്നുസംസാരിച്ച് സഞ്ജു സാംസൺ. ആ തീരുമാനം വലിയ റിസ്‌കായിരുന്നുവെന്നും തുണയായത് എംഎസ് ധോനിയുടെ വാക്കുകളാണെന്നും സഞ്ജു വ്യക്തമാക്കി. ജിയോസ്റ്റാന്റെ സൂപ്പർസ്റ്റാർസ് എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മലയാളി താരം. ഐപിഎല്ലിലെ ഏറ്റവുംവലിയ താര കൈമാറ്റങ്ങളിലൊന്നായ 18 കോടി രൂപയ്ക്കാണ് സഞ്ജു ചെന്നൈയിലെത്തിയത്. പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും ചെന്നൈയിൽനിന്ന് രാജസ്ഥാനിലെത്തിച്ചു.
'2025 രാജസ്ഥാനൊപ്പമുള്ള എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഭാര്യയുമായും കുടുംബാംഗങ്ങളുമായും ആഴ്ച്ചകളോളം ചർച്ചചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത്. പുതിയൊരു വെല്ലുവിളി ഏറ്റെടുത്ത് പൂജ്യത്തിൽനിന്ന് തുടങ്ങാൻ ഞാൻ തയ്യാറായിരുന്നു. ചെപ്പോക്കിലെ സ്ലോ പിച്ചിൽ എന്റെ ബാറ്റിങ് ശൈലി അനുയോജ്യമല്ലെന്ന് പലരും പറഞ്ഞു. ആ ചിന്തകളെല്ലാം എന്റെ മനസിലൂടെ കടന്നുപോയി. സ്വന്തമായി ഒരു വഴി കണ്ടെത്തണമെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു', സഞ്ജു വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായതിന്റെ ആത്മവിശ്വാസവുമായാണ് സഞ്ജു ചെന്നൈയിലെത്തിയത്. എന്നാൽ, സിഎസ്‌കെയിലെ തുടക്കം തന്നെ മോശമായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും ഒറ്റ അക്കത്തിന് പുറത്താകുകയും ടീം തോൽക്കുകയും ചെയ്തു. ഈ സമയത്താണ് ധോനി തന്നോട് സംസാരിച്ചതെന്നും അത് നൽകിയ ഊർജ്ജം വലുതായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയമായിട്ടും സഹതാരങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നില്ലെന്നും ടീം എന്നിലുള്ള ആത്മവിശ്വാസം തുടർന്നുവെന്നും സഞ്ജു കൂട്ടിച്ചേർത്തു.
'ഞാൻ ഇപ്പോഴും ഓർക്കുന്നു, ഞങ്ങൾ പരിശീലനത്തിന് പോകുമ്പോൾ ആദ്യത്തെ മൂന്ന് മത്സരങ്ങൾക്ക് ശേഷം മാഹി ഭായിയെ കണ്ടുമുട്ടി. ഞാൻ സാധാരണയായി അദ്ദേഹത്തിന് പിന്നിൽ, അദ്ദേഹത്തെ അഭിമുഖീകരിച്ചാണ് ഇരിക്കാറുള്ളത്. അങ്ങനെ ഞങ്ങൾ ഇരുന്നു, അദ്ദേഹം എന്നെ നോക്കി എനിക്ക് സുഖമാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, 'ഭയ്യാ, ഞാൻ സുഖമായിരിക്കുന്നു.' അപ്പോൾ ഞാൻ അറിയാതെതന്നെ 'പക്ഷെ', എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, 'പക്ഷെകളിൽ ശ്രദ്ധിക്കരുത്, നിങ്ങളുടെ ഏറ്റവും നല്ലത് ചെയ്യുന്നതിൽ ശ്രദ്ധിക്കുക. എല്ലാം ശരിയാകും.' അത് വളരെ സൂക്ഷ്മമായിരുന്നു, എനിക്ക് അതൊരു വലിയ പാഠമായിരുന്നു, സഞ്ജു പറഞ്ഞു.
ശൈലി മാറ്റാതേയും സമ്മർദ്ദത്തിന് വഴങ്ങാതേയും അടുത്ത മത്സരത്തിന് ഇറങ്ങിയ സഞ്ജു ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ചുറി നേടി വൻ തിരിച്ചുവരവ് നടത്തി. ആ സീസണിൽ ചെന്നൈയ്ക്കായി 14 ഇന്നിങ്‌സുകളിൽ നിന്ന് 477 റൺസ് നേടി. അതിൽ രണ്ട് സെഞ്ചുറികളും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടുന്നു.
Content Highlights: Sanju Samson details his decision to leave Rajasthan Royals after 11 seasons., The trade involved a record-breaking deal with Ravindra Jadeja and Sam Curran., Samson faced initial struggles at CSK before scoring a match-winning century., MS Dhoni provided crucial mentorship during Samson's early-season slump., Samson finished IPL 2026 with 477 runs at a 165.63 strike rate.