‘തല’സ്റ്റൈൽ മിന്നൽ സ്റ്റമ്പിങ്ങുമായി സഞ്ജു; ചെപ്പോക്കിൽ ക്ലാസനും സഞ്ജുവും നേർക്കുനേർ

ചെന്നൈ: ക്രിക്കറ്റ് മൈതാനത്ത് പൊതുവെ സൗമ്യനും ശാന്തനുമാണ് സഞ്ജു സാംസൺ. എത്ര തന്നെ സമ്മർദമുണ്ടായാലും ബാറ്റുകൊണ്ടല്ലാതെ ശരീര ഭാഷയിൽ ആഗ്രഷൻ പുറത്തെടുക്കാത്ത താരം. എന്നാൽ കഴിഞ്ഞ ദിവസം സഞ്ജുവിന്റെ 'കലിപ്പ്' വേർഷൻ ക്രിക്കറ്റ് ലോകം കണ്ടു. കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരത്തിനിടെ ഹെന്റിച്ച് ക്ലാസനുമായിട്ടായിരുന്നു സഞ്ജുവിന്റെ ‘ഏറ്റുമുട്ടൽ’.
കഴിഞ്ഞ ദിവസം ചെന്നൈ - ഹൈദരാബാദ് മത്സരത്തിനിടെ 181 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഹൈദരാബാദിനായി 26 പന്തിൽ 47 റൺസെടുത്ത് മികച്ച ഫോമിൽ കളിക്കുകയായിരുന്നു ഹെന്റിച്ച് ക്ലാസൻ. 15-ാം ഓവറിൽ ഇടംകൈയൻ റിസ്റ്റ് സ്പിന്നർ നൂർ അഹമ്മദിന്റെ പന്തിൽ സഞ്ജു സാംസൺ, ക്ലാസനെ 'ധോനി സ്‌റ്റൈൽ' മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി.
നൂർ അഹമ്മദിന്റെ പന്തിന്റെ ഗതിയറിയാതെ ക്ലാസന് പിഴച്ച അടുത്ത സെക്കൻഡിൽ സഞ്ജു ബെയ്‌ല്‌സ് ഇളക്കി കഴിഞ്ഞിരുന്നു. ചെപ്പോക്കിലെ ആരാധകരിലേക്ക് ഒരു നിമിഷം സഞ്ജു, ധോനിയുടെ ആ മിന്നൽ സ്റ്റമ്പിങ് ഓർമകളെ എത്തിച്ചു. അത് കാണാൻ ഡ്രസ്സിങ് റൂമിൽ സാക്ഷാൽ ധോനി തന്നെ ഉണ്ടായിരുന്നു.
റീപ്ലേകളിൽ ക്ലാസൻ ഔട്ടാണെന്ന് തെളിഞ്ഞതോടെ ചെന്നൈ താരങ്ങൾ സഞ്ജുവിനൊപ്പം ആഹ്ലാദം തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുറത്തായതിന് പിന്നാലെ തിരിഞ്ഞുനടന്ന ക്ലാസൻ സഞ്ജുവിന് നേരെ എന്തോ പറയുകയും, സഞ്ജു അതിന് രൂക്ഷമായി മറുപടി നൽകുകയും ചെയ്തു. വിക്കറ്റ് ആഘോഷിക്കുന്നതിലുപരിയായി ഇരുവരും തമ്മിൽ കുറച്ചുനേരം നോക്കി നിൽക്കുകയും സംസാരിക്കുകയും ചെയ്തത് മൈതാനത്ത് ചെറിയ രീതിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇരുവരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ചെന്നൈ ശിവം ദുബെ ഇടപെടുകയും രംഗം ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് അമ്പയർ സഞ്ജുവിനോട് സംസാരിച്ച ശേഷമാണ് കളി പുനരാരംഭിച്ചത്. സഞ്ജുവിന്റെ ഈ നീക്കം ചെന്നൈയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരം നൽകിയെങ്കിലും, 70 റൺസെടുത്ത ഇഷാൻ കിഷന്റെ പ്രകടനത്തിൽ അഞ്ചു വിക്കറ്റിന്റെ ജയം നേടിയ ഹൈദരാബാദ് പ്ലേ ഓഫിലേക്ക് മുന്നേറി.
Content Highlights: Sanju Samson executed a lightning-fast Dhoni-style stumping to dismiss Heinrich Klaasen., A heated on-field exchange occurred between Samson and Klaasen following the dismissal., Shivam Dube and match umpires intervened to de-escalate the tension., Despite the dismissal, Hyderabad secured a five-wicket win to reach the playoffs.