’രാത്രി ഉറക്കമിളച്ചാണെങ്കിലും സാധനം സെറ്റ് ചെയ്യണം’; CSK-യിൽ സഞ്ജുവിന് ഗംഭീര ഇൻട്രോ, കൂടെ ബേസിലും

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് വിട്ടെത്തിയ സഞ്ജു സാംസണിന് ഗംഭീര വരവേല്‍പ്പ് ഇന്‍ട്രോ ഒരുക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍, സഞ്ജുവിനൊപ്പം സുഹൃത്തും സംവിധായകനും നടനുമായി ബേസില്‍ ജോസഫും പ്രത്യക്ഷപ്പെടുന്നുണ്ട്. ബേസിലിന്റെ നരേഷനിലാണ് വീഡിയോ മുന്നോട്ടുപോകുന്നത്. 'ചേട്ടന്‍ ഈസ് ഹിയര്‍' എന്ന വീഡിയോ ഇതിനകം 13 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.
രാത്രിയില്‍ ബാല്‍ക്കണിയിലെ കസേരയില്‍ പുറംതിരിഞ്ഞിരുന്ന് കൈയിലെ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുകയാണ് സഞ്ജു. സിഎസ്‌കെയിലെത്തിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് നോക്കിയ ശേഷം ഫോണ്‍ താഴെവെയ്ക്കുന്നു. പിന്നീട് ബേസിലിനെയാണ് സ്‌ക്രീനില്‍ കാണിക്കുന്നത്. എത്ര ഉറക്കമിളച്ചിട്ടാണെങ്കിലും ഇന്ന് രാത്രിതന്നെ സാധനം സെറ്റ് ചെയ്‌തോണമെന്നടക്കമുള്ള ബേസിലിന്റെ ഡയലോഗുകളിലൂടെ, കാഴ്ച വീണ്ടും സഞ്ജുവിലേക്കെത്തുന്നു.
സഞ്ജു മഞ്ഞ ജഴ്‌സി തുന്നുന്നത്, കൂറ്റന്‍ കട്ടൗട്ട് നിര്‍മാണം, രജനീകാന്തിനൊപ്പമുള്ള ഫോട്ടോ ഉള്‍പ്പെടെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. രജനീകാന്തിന്റെ 'പേട്ട' സിനിമയിലെ 'മരണമാസ്' ഗാനം ബിജിഎം ആയി ഉപയോഗിച്ച വീഡിയോയില്‍, 'അപ്പോ നമ്മുടെ പയ്യന്‍ ഇനി യെല്ലോ, കൂടെ നമ്മളും' എന്ന ബേസിലിന്റെ മാസ് ഡയലോഗുംകൂടെ വരുന്നുണ്ട്. രവീന്ദ്ര ജഡേജയെ രാജസ്ഥാന് കൈമാറിയാണ് സഞ്ജുവിനെ സിഎസ്‌കെയിലെത്തിച്ചത്. നേരത്തേയുള്ള പ്രതിഫലമായ 18 കോടി രൂപയ്ക്കുതന്നെയാണ് ടീമിലെടുത്തത്. അതേസമയം, ജഡേജ തന്റെ പ്രതിഫലത്തുക നാലുകോടി കുറച്ച് 14 കോടിയാക്കി.