‘എന്തോ പ്രത്യേകതയുണ്ട്, അന്ന് ഗാംഗുലിയോട് ഞാൻ പറഞ്ഞു’; ധോനിയോടൊപ്പമുള്ള നിമിഷങ്ങളെ ഓർത്തെടുത്ത് സച്ചിൻ

#സ്പോർട്സ് ഡെസ്ക്
സച്ചിൻ തെണ്ടുൽക്കറും മഹേന്ദ്ര സിങ് ധോനിയും | X.com/@sachin_rt
സച്ചിൻ തെണ്ടുൽക്കറും മഹേന്ദ്ര സിങ് ധോനിയും | X.com/@sachin_rt

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന് ‌‌ ഏറ്റവും മികച്ച സംഭാവന നൽകിയ താരമാണ് മഹേന്ദ്ര സിങ് ധോനിയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും ആ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സച്ചിൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ഐപിഎല്ലിൽ നിന്ന് കഴിഞ്ഞദിവസം വിരമിച്ചതോടെ ഇനി ക്രിക്കറ്റ് മൈതാനത്ത് കളിക്കാരനായി ധോനിയെ കാണാനാവില്ല. അതേസമയം ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്റർ റോളിലായിരിക്കും ധോനിയെ കാണുക.

‘ബംഗ്ലാദേശിൽ വെച്ച് എം.എസ് ധോനി ബാറ്റ് ചെയ്യുന്നത് കണ്ടതും, അദ്ദേഹത്തിന്റെ പവർ ഹിറ്റിംഗിൽ എന്തോ പ്രത്യേകതയുണ്ടെന്ന് സൗരവിനോട് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ട്. അദ്ദേഹം എത്രമാത്രം വലിയൊരു യാത്രയാണ് പിന്നിട്ടത്.’ - സച്ചിൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

‘ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ചില നിമിഷങ്ങളുടെ ഭാഗമാകാൻ സാധിച്ചതിലും നിങ്ങളോടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാനും കഴിഞ്ഞതിലും സന്തോഷമുണ്ട്. നിങ്ങൾ എന്തെങ്കിലും വേറിട്ട കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു, അതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു.’

‘നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് ‌‌ ഏറ്റവും മികച്ച സംഭാവന നൽകിയിട്ടുണ്ട്,‌. ഈ യാത്ര നിങ്ങളോടൊപ്പം പങ്കിടാൻ കഴിഞ്ഞത്‌ ‌‌മനോഹരമായിരുന്നു.’ - സച്ചിൻ കുറിച്ചു.

പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി ടീമിൽ നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക പ്രഖ്യാപിക്കേണ്ട അവസാന ദിനത്തിലാണ് ധോനി കളിക്കാരനായി ടീമിലുണ്ടാകില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചത്. ഇനി മെന്റർ റോളിൽ ടീമിന്റെ ഭാഗമാകുമെന്ന് ചെന്നൈ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒന്നര പതിറ്റാണ്ടിലധികം ചെന്നൈയ്‌ക്കൊപ്പമുണ്ടായിരുന്ന ഒരു കരിയറിനാണ് അതോടെ അവസാനമായത്. ടീമിൽ നിന്ന് തന്നെ നിലനിർത്തരുതെന്ന് ധോനി ആവശ്യപ്പെട്ടതായും അത് പ്രകാരമാണ് തീരുമാനമെടുത്തതെന്നും ചെന്നൈ ഉടമ രൂപ ഗുരുനാഥ് അറിയിച്ചു.

ചെന്നൈയുടെ ക്യാപ്റ്റനായിരുന്ന ധോനി അഞ്ച് തവണയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. 2010, 2011, 2018, 2021, 2023 സീസണുകളിൽ ധോനിയുടെ ടീം കിരീടം ചൂടി. 278 മത്സരങ്ങളിൽ 38.30 ബാറ്റിങ് ശരാശരിയിൽ 5439 റൺസും സ്വന്തമാക്കി. ഇതിൽ 24 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമായി വിക്കറ്റിന് പിന്നിലും തിളങ്ങി.

Content Highlights: Sachin Tendulkar recalls first seeing MS Dhoni's power hitting in Bangladesh, Tributes highlight sharing the dressing room and memorable moments in Indian cricket