‘രോഹിത് ഭായ് വട പാവ് വേണോ’; പരിശീലനത്തിനിടെ രോഹിത്തിന് ആരാധകന്റെ ഓഫർ, വേണ്ടെന്ന് മറുപടി | Video

മുംബൈ: പരിശീലനത്തിനിടെ തനിക്ക് വട പാവ് നൽകാമെന്ന ആരാധകന്റെ ഓഫർ സ്‌നേഹപൂർവം നിരസിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ഇന്ത്യ-ന്യൂസീലൻഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു സംഭവം.
നെറ്റ്‌സിൽ പരിശീലനത്തിനായി തയ്യാറെടുക്കുകയായിരുന്നു രോഹിത്. പരിശീലന സെഷൻ കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. ഇതിനിടെയാണ് ഒരാൾ രോഹിത് ഭയ്യാ വട പാവ് വേണോ എന്ന് മറാഠിയിൽ ഉറക്കെ വിളിച്ചുചോദിച്ചത്. ഇതിനു മറുപടിയായി രോഹിത് വേണ്ടെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. രോഹിത്തിന്റെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് വട പാവ്. മുമ്പ് പല അഭിമുഖങ്ങളിലും വട പാവിനോടുള്ള ഇഷ്ടം രോഹിത് തുറന്നുപറഞ്ഞിട്ടുണ്ട്.
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ന്യൂസീലൻഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വർഷം ടെസ്റ്റിൽ നിന്ന് വിരമിച്ച് ഏകദിനത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന രോഹിത് ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഇപ്പോൾ അതീവ ശ്രദ്ധാലുവാണ്.
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രോഹിത് തന്റെ ഭക്ഷണ ശീലങ്ങളെല്ലാം മാറ്റിയിരുന്നു. ഒരു ബോഡി ബിൽഡറെ പോലെയായിരുന്നു അക്കാലത്ത് രോഹിത് പരിശീലിച്ചിരുന്നതെന്ന് താരത്തിന്റെ പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന അഭിഷേക് നായർ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Indian cricket star Rohit Sharma politely refused a Vada Pav offered by a fan during his training session for the India-New Zealand ODI series. See what happened!