അന്ന് 27 കോടി, ഇന്ന് 15 കോടി; ഡൽഹിയിലേക്ക്‌ റിഷഭ് പന്ത് മടങ്ങുന്നു; ലക്നൗവിലേക്ക് കുൽദീപ് യാദവ്

ഋഷഭ് പന്ത് | AP
ഋഷഭ് പന്ത് | AP

ന്യൂഡൽഹി: റിഷഭ് പന്ത് വീണ്ടും ഡൽഹി ക്യാപിറ്റൽസിലേക്ക്. കുൽദീപ് യാദവിനെ ലക്‌നൗവിന് പകരം നൽകിയാണ് പന്തിനെ ക്യാപിറ്റൽസ് തട്ടകത്തിലേക്ക് തിരിച്ചുവിളിച്ചത്‌. രണ്ടു സീസൺ മുമ്പ്, 27 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് ലക്നൗ സ്വന്തമാക്കിയ പന്ത്, തിരിച്ചെത്തുമ്പോൾ ആ പ്രതിഫലം 15 കോടിയായി ചുരുങ്ങും. അതേസമയം, 13.50 കോടി രൂപയ്ക്കാണ് കുൽദീപ് യാദവ് ലക്നൗവിന്റെ ഭാഗമാകുന്നത്.

2025 ൽ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കായിരുന്നു അന്ന് ലക്നൗ പന്തിനെ വാങ്ങിയത്. എന്നാൽ, കഴിഞ്ഞ രണ്ട് സീസണുകളിലും പ്രതീക്ഷക്കൊത്തുയരാൻ പന്തിന് സാധിച്ചില്ല. 2025-ൽ 269 റൺസും 2026-ൽ 312 റൺസുമാണ് താരം നേടിയത്. ഓപ്പണിങ് മുതൽ ഫിനിഷർ വരെ വിവിധ റോളുകളിൽ പരീക്ഷിക്കപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിനായില്ല.

2016 മുതൽ 2024 വരെ ഒമ്പത് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിനായി പന്ത് കളിച്ചിട്ടുണ്ട്. ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (111) കളിച്ച താരവും പന്താണ്. 2021 മുതൽ 2024 വരെയുള്ള നാല് സീസണുകളിൽ 43 മത്സരങ്ങളിൽ ഡൽഹിയെ നയിച്ചതും പന്തായിരുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് സീസണുകളായി ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു കുൽദീപ് യാദവ്. 2022-ൽ ടീമിലെത്തിയ ശേഷം 65 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ്, ഐ.പി.എല്ലിലെ മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളാണ്.