‘അവൻ കുട്ടിയാണ് ഇന്ത്യൻ ടീമിലെടുക്കാനായിട്ടില്ല’-പ്രതികരണവുമായി അശ്വിൻ

#സ്പോർട്സ് ഡെസ്ക്
വൈഭവ് സൂര്യവംശി | AP
വൈഭവ് സൂര്യവംശി | AP

ചെന്നൈ: 2026 ഐപിഎല്ലിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തെടുത്തത്. 15 പന്തിൽ അർധസെഞ്ചുറി തികച്ച താരം ചെന്നൈക്കെതിരേ രാജസ്ഥാന് മിന്നും ജയം സമ്മാനിക്കുകയും ചെയ്തു. അതോടെ വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ശക്തമായി ഉയർന്നു. മുൻ താരങ്ങളായ മുഹമ്മദ് കൈഫും മൈക്കൽ വോണും അടക്കം ഇതേ ആവശ്യം ഉന്നയിച്ചു. എന്നാൽ വൈഭവിനെ പെട്ടെന്ന് ഇന്ത്യൻ ടീമിലെടുക്കേണ്ടതില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

"അവന് അങ്ങനെയൊരു ലക്ഷ്യം നൽകരുത്. അവൻ ഒരു കുട്ടിയാണ്. എംഎസ് ധോനി 45 വയസ്സുവരെ കളിക്കുന്നുണ്ടെങ്കിൽ, സൂര്യവംശി 40 വയസ്സുവരെ കളിച്ചാൽ, വൈഭവിന് ഇനിയും ക്രിക്കറ്റിൽ രണ്ടര പതിറ്റാണ്ട് ബാക്കിയുണ്ട്. അവനെ വെറുതെ വിടുക, ഉചിതമായ സമയത്ത് അവൻ കളിക്കും. എന്തുവന്നാലും അവൻ ഇന്ത്യക്കായി കളിക്കും. എപ്പോഴാണ് കളിക്കുന്നത്? അതിനായി നമുക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. നമ്മൾ എപ്പോഴും എന്തിനാണ് തിരക്കുകൂട്ടുന്നത്?" - അശ്വിൻ ചോദിച്ചു.

"അവന് 15 വയസ്സായി, 15 ബോളിൽ 50 റൺസും നേടി. വൈഭവ് മികച്ച കളിക്കാരനാണെന്നും ചെന്നൈക്ക് വൈഭവിന്റെ ബാറ്റിങ്ങിന് മറുപടിയുണ്ടായിരുന്നില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു. അവന്റെ ബാറ്റിന്റെ വേഗത എത്രയാണ്? സിഎസ്‌കെയ്ക്ക് അവനെതിരേ ഒരുത്തരവും ഉണ്ടായിരുന്നില്ല. അവർ മൈതാനത്ത് വളരെ ദുർബലരായി കാണപ്പെട്ടു. രാജസ്ഥാൻ ആധിപത്യത്തോടെയാണ് കളിച്ചതെന്നും അശ്വിൻ പറഞ്ഞു.

രാജസ്ഥാനെതിരായ മത്സരത്തിൽ വൈഭവ് ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. 15 പന്തിൽ അർധസെഞ്ചുറിയുമായി തന്നെ താരം സീസണിന് തുടക്കമിട്ടു. തുടക്കംമുതൽ അടിച്ചുതുടങ്ങിയ സൂര്യവംശി അഞ്ച് സിക്‌സും നാല് ഫോറും നേടി. സിക്‌സർ പറത്തിയായിരുന്നു അർധശതകം തികച്ചത്. ഐപി.എലിലെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറിയാണിത്. ഓപ്പണിങ് വിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനൊപ്പം 75 റൺസ് കൂട്ടുകെട്ടുണ്ടാക്കാനും താരത്തിനായി. 17 പന്തിൽ 52 റൺസെടുത്തതോടെ അൻഷുൽ കാംബോജിന്റെ പന്തിൽ പുറത്തായി. 38 റൺസുമായി പുറത്താകാതെ നിന്ന ജയ്‌സ്വാളും ക്യാപ്റ്റൻ റയാൻ പരാഗും (14) ചേർന്ന് ടീമിനെ അനായാസം ജയത്തിലെത്തിക്കുകയായിരുന്നു.

Content Highlights: Vaibhav Suryavanshi scored a 15-ball half-century on IPL debut., Experts are calling for his immediate inclusion in the Indian squad., Ravichandran Ashwin warns against rushing the 15-year-old into international cricket., Ashwin highlights the need to protect young talent for long-term career growth.