രഞ്ജി ട്രോഫി: കേരളം മികച്ച സ്കോറിലേക്ക്, സച്ചിൻ ബേബിക്കും സൽമാൻ നിസാറിനും അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരേ കേരളം മികച്ച സ്കോറിലേക്ക്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടേയും സൽമാൻ നിസാറിന്റേയും അർദ്ധസെഞ്ച്വറിയുടെ കരുത്തിൽ ആദ്യ ഇന്നിങ്സിൽ 178 റൺസിന്റെ ലീഡാണ് കേരളത്തിന്.
ആദ്യ ഇന്നിങ്സിൽ 162 റൺസിന് ഉത്തർപ്രദേശിനെ കേരളം എറിഞ്ഞിട്ടിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാംദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തു.
165 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 83 റൺസെടുത്ത് സച്ചിൻ ബേബിയാണ് കേരള നിരയിൽ തിളങ്ങിയത്. 155 പന്തിൽ 74 റൺസുമായി സൽമാൻ നിസാറും 11 റൺസുമായി മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ.
രണ്ടാം ദിനം രണ്ടുവിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് കേരളം ഇന്നിങ്സ് പുനരാരംഭിച്ചത്. അപരാജിത്, സർവാതെ, സച്ചിൻ ബേബി, അക്ഷയ് ചന്ദ്രൻ, സക്സേന എന്നിവരുടെ വിക്കറ്റാണ് രണ്ടാം ദിനത്തിൽ കേരളത്തിന് നഷ്ടമായത്. വത്സൽ, റോഷൻ കുന്നുമ്മൽ എന്നിവരുടെ വിക്കറ്റുകൾ ആദ്യദിനത്തിൽ നഷ്ടമായിരുന്നു.
ഉത്തർപ്രദേശിനായി ശിവം മാവിയും ശിവം ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൗരഭ്, ആക്വിക് ഖാൻ, പീയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: ranji trophy kerala uttar pradesh live second day