കേരളം ചരിത്ര പോരാട്ടത്തിനിറങ്ങും നാഗ്പുരില്‍, വിദര്‍ഭയ്‌ക്കെതിരെ പ്രതികാരമോഹവുമായി

അഹമ്മദാബാദ്: ഫെബ്രുവരി 26 മുതല്‍ അടുത്ത അഞ്ച് ദിവസങ്ങള്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കണ്ണും കാതും നാഗ്പുരിലേക്ക് തിരിയും. ചരിത്രംകുറിച്ച് കേരളം പ്രവേശനംനേടിയ രഞ്ജി ട്രോഫി കലാശപ്പോരിന് നാഗ്പുരിലെ വി.സി.എ സ്റ്റേഡിയം വേദിയാകും.
ഫെബ്രുവരി 26 മുതല്‍ മാർച്ച് രണ്ടു വരെയുള്ള ഫൈനല്‍ പോരാട്ടത്തില്‍ വിദര്‍ഭയെ ആണ് കേരളം നേരിടുക. സെമിഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ നാടകീയ മേല്‍ക്കൈയോടെ കേരളം ചരിത്രത്തിലാദ്യമായി ഫൈനല്‍ ബെര്‍ത്ത് നേടിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ 80 റണ്‍സിന് തോല്‍പ്പിച്ചാണ് തുടര്‍ച്ചയായി രണ്ടാംതവണ വിദര്‍ഭ ഫൈനലിലെത്തിയിട്ടുള്ളത്. തങ്ങളുടെ ഹോംഗ്രൗണ്ടിലാണ് ഫൈനല്‍ നടക്കുന്നതെന്ന ആനുകൂല്യം വിദര്‍ഭയ്ക്കുണ്ട്.
2019-ല്‍ ചരിത്രത്തിലാദ്യമായി സെമിയില്‍ പ്രവേശിച്ച കേരളത്തിന്റെ ഫൈനല്‍ മോഹങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കിയ വിദര്‍ഭയോടുള്ള പ്രതികാരത്തിന് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന് ലഭിച്ച ഒരവസരം കൂടിയാണിത്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ അന്ന് നടന്ന മത്സരത്തില്‍ കേരളത്തെ ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് വിദര്‍ഭ പരാജയപ്പെടുത്തിയത്.
Content Highlights: Ranji Trophy final-Vidarbha vs Kerala