സച്ചിന്‍ ബേബിക്കും അക്ഷയ് ചന്ദ്രനും സെഞ്ചുറി, കൂറ്റന്‍ ലീഡ്; ജയപ്രതീക്ഷയില്‍ കേരളം

വിജയനഗരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരേ വിജയത്തോടടുത്ത് കേരളം. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 19-1 എന്ന നിലയിലാണ് ആന്ധ്ര. ഓപ്പണര്‍ രേവന്ത് റെഡ്ഡിയുടെ വിക്കറ്റാണ് നഷ്ടമായത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ആന്ധ്രയ്ക്ക് 223 റണ്‍സ് കൂടി വേണം. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ 242 റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്.
മൂന്നാം ദിനം 258-3 എന്ന നിലയില്‍ ബാറ്റിങ്ങാരംഭിച്ച കേരളത്തിന് സെഞ്ചുറി തികച്ച സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 113 റണ്‍സെടുത്ത താരത്തെ മനീഷ് ഗൊലമാരു പുറത്താക്കി. ശേഷം ക്രീസിലിറങ്ങിയ സല്‍മാന്‍ നിസാറുമൊത്ത് അക്ഷയ് ചന്ദ്രന്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 400-കടത്തി. സ്‌കോര്‍ 431-ല്‍ നില്‍ക്കേ സല്‍മാന്‍ നിസാര്‍ (58) പുറത്തായി.
പിന്നാലെ തകര്‍പ്പന്‍ ബാറ്റിങ്ങ് കാഴ്ചവെച്ച അക്ഷയ് ചന്ദ്രന്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. 184 റണ്‍സെടുത്ത താരം ടീം സ്‌കോര്‍ 500 കടത്തി. അസറൂദ്ദീനും (40) ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. ഒടുവില്‍ 514-7 എന്ന നിലയില്‍ ടീം ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 242 റണ്‍സിന്റെ ലീഡും നേടി.
ആന്ധ്രയ്ക്കായി മനീഷ് ഗൊലമാരു നാല് വിക്കറ്റെടുത്ത് തിളങ്ങി. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ആന്ധ്ര 272 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
Content Highlights: Ranji trophy Andhra vs Kerala Elite Group B match