പാകിസ്താൻ അനുകമ്പയുള്ളവരെപ്പോലെ അഭിനയിച്ച് ബംഗ്ലാദേശിനെ തെറ്റായവഴിയിലേക്ക് നയിക്കുന്നു– രാജീവ് ശുക്ല

ന്യൂഡൽഹി: ടി20 ലോകകപ്പ് ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ പാകിസ്താനെ വിമർശിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ബംഗ്ലാദേശിനെ ഉപദേശിക്കാനെന്ന മട്ടിൽ തെറ്റായ വഴിയിലേക്ക് നയിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും വിഷയത്തിൽ അനാവശ്യമായി ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് പൗരൻമാർക്കെതിരേ പാകിസ്താൻ നടത്തിയ അതിക്രമങ്ങൾ ലോകത്തിനറിയാമെന്നും ശുക്ല കൂട്ടിച്ചേർത്തു.
ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്താൻ നിലപാടറിയിക്കും. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാകിസ്താൻ മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വി കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ബംഗ്ലാദേശ് കളിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. പൂർണ്ണ സുരക്ഷ നൽകുമെന്നും യാതൊരു പ്രശ്നങ്ങളുമുണ്ടാവില്ലെന്നും ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. ടീമിന് പൂർണ്ണമായ സംരക്ഷണം നൽകും. എന്നാൽ ടീമിനെ അയക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് അവർ ഇവിടെ കളിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.’- ശുക്ല എഎൻഐയോട് പറഞ്ഞു.
‘ബംഗ്ലാദേശ് സർക്കാർ, ടീമിനെ അയക്കാൻ കഴിയില്ലെന്നും കൊളംബോയിൽ മാത്രമേ കളിക്കൂ എന്നുമാണ് പറഞ്ഞത്. അവസാന നിമിഷം മുഴുവൻ ഷെഡ്യൂളും മാറ്റുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ വെല്ലുവിളി നിറഞ്ഞ ജോലിയാണത്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.’- ശുക്ല കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ പാകിസ്താൻ അനാവശ്യമായി ഇടപെടുന്നുണ്ടെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. പാകിസ്താൻ അവർക്ക് തെറ്റായ രീതിയിൽ പ്രോത്സാഹനം നൽകുകയാണ്. അനാവശ്യമായി ഇതിൽ ഇടപെടുകയും ബംഗ്ലാദേശിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അവരെ പ്രകോപിപ്പിക്കുന്നതിൽ പാകിസ്താൻ പ്രധാന പങ്ക് വഹിക്കുന്നു. അങ്ങനെ ചെയ്യരുത്.’- അദ്ദേഹം പറഞ്ഞു.
‘പാകിസ്താൻ ബംഗ്ലാദേശികൾക്കെതിരേ നടത്തിയ അതിക്രമങ്ങൾ ലോകത്തിനറിയാം. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ അവർക്ക് എത്രമാത്രം അനീതി നേരിടേണ്ടി വന്നുവെന്നും അവർക്കറിയാം. ഇപ്പോൾ അനുകമ്പയുള്ളവരെപ്പോലെ അഭിനയിച്ചുകൊണ്ട് അവരെ തെറ്റായ വഴിയിലേക്ക് നയിക്കാൻ ശ്രമിക്കുകയാണ് പാകിസ്താനെന്നും’ ശുക്ല കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്താനും ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള ആലോചനയിലെത്തിയത്. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പ് കളിപ്പിക്കാൻ ഐസിസി തീരുമാനിച്ചതോടെ പാകിസ്താനും ടൂർണമെന്റ് കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കി. പിന്നാലെയാണ് നഖ്വി പാക് പ്രധാനമന്ത്രിയുമായി നിർണായക ചർച്ച നടത്തിയത്. ഏകദേശം 30 മിനിറ്റ് നേരം ഇരുവരും ചർച്ച ചെയ്തു. അതേസമയം, അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.
Content Highlights: India wanted Bangladesh in T20 World Cup but Pakistan misled them says Rajeev Shukla